Thursday, February 12, 2026
Thursday, February 12, 2026
Home » ശിവരാത്രി പുണ്യം ശിവാലയ ഓട്ടം; ഒരു രാപകൽ കൊണ്ട് 12 ശിവ ക്ഷേത്ര ദർശനം

ശിവരാത്രി പുണ്യം ശിവാലയ ഓട്ടം; ഒരു രാപകൽ കൊണ്ട് 12 ശിവ ക്ഷേത്ര ദർശനം

by വേണു മഹാദേവ്
0 comments


കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ശിവരാത്രിയോടനുബന്ധിച്ച് ഭക്തർ നടത്തുന്ന ദർശനക്രമമാണ് ശിവാലയ ഓട്ടം. ഒരാഴ്ചത്തെ വ്രതത്തിന് ശേഷമാണ് ചാലയം ഓട്ടം എന്നും പറയപ്പെടുന്ന പുണ്യകരമായ ഈ ആചാരം ഭക്തർ അനുഷ്ഠിക്കുക. വിളവൻകോട്, കൽക്കുളം താലൂക്കുകളിലാണ് ഈ ക്ഷേത്രങ്ങൾ. ശിവരാത്രിയുടെ തലേന്ന് മുഞ്ചിറയിലെ തിരുമല ക്ഷേത്രത്തിൽ നിന്നാണ് ദർശനം ആരംഭിക്കുന്നത്.

ചാലയം ഓട്ടത്തിലെ 12 ശിവാലയങ്ങൾ
തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ. തിരുമലയിൽ തുടങ്ങി തിരുനാട്ടമ്പലം ശങ്കരനാരായണ ക്ഷേത്രത്തിൽ 110 കിലോമീറ്റർ പിന്നിട്ടാണ് ശിവാലയ ഓട്ടം സമാപിക്കുന്നത്. ഇതിനിടയിൽ ഈ 12 ക്ഷേത്രങ്ങളിലും കുളിച്ചുതൊഴുത് ദർശനം നടത്തണം. ഈ ക്ഷേത്രങ്ങളിലെല്ലാം ഒരു ദിവസം കൊണ്ടു കുളിച്ചുതൊഴാൻ പായുന്നവരെ ചാലയം ഓട്ടക്കാർ എന്നു പറയുന്നു. ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങി പാപമോചനം നേടുകയാണ് ആചാരത്തിന്റെ പ്രത്യേകത. 2026 ഫെബ്രുവരി 14, 15 തീയതികളിലാണ് ഇത്തവണ ശിവാലയ ഓട്ടം.

ഒരാഴ്ച മുന്‍പ് മാലയിടണം
ശിവാലയ ഓട്ടം നടത്തുന്നവരെ ഗോവിന്ദന്‍മാര്‍ എന്ന് വിളിക്കുന്നു. കുംഭത്തിൽ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണം. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിലെ നിവേദ്യച്ചോറാണ് കഴിക്കുക. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശിയിൽ ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടം ആരംഭിക്കുന്നു. വെള്ള മുണ്ടോ കാവി മുണ്ടോ ആകും വേഷം. കൈകളില്‍ വിശറി വേണം. ഓടി ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും. ഒന്നില്‍ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്ക് ആവശ്യമായ വകകളും ഉണ്ടാകും. സംഘമായാണ് ഓട്ടം. ഓരോ ക്ഷേത്രത്തിലും കുളിച്ച് ഈറനോടെ വേണം ദര്‍ശനം. വഴിയില്‍ ചുക്കുവെളളവും ആഹാരവും കിട്ടും. ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കും. ഗോവിന്ദാ …. ഗോപാല….. എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓട്ടം.

12 ശിവാലയങ്ങൾ

വ്യാഘ്രപാദ മുനിയും ഭീമനും
മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം: ധർമ്മപുത്രർ നടത്തിയ യാഗത്തിന് വ്യാഘ്രപാദമുനിയെ ക്ഷണിക്കാൻ ഭഗവാൻ ശ്രീകൃഷ്ണൻ ഭീമസേനനെ അയച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷവുമായാണ് ഭീമൻ പോയത്. കടുത്ത ശിവഭക്തനായ വ്യാഘ്രപാദ മുനി തിരുമലയിൽ തപസ് അനുഷ്ഠിക്കുക ആയിരുന്നു. അടുത്തെത്തി യാഗത്തിന് വിളിച്ച് തന്റെ തപസ്സിളക്കിയ ഭീമനോട് മുനി ക്ഷോഭിച്ചു. ഭയന്നു പോയ ഭീമൻ ഓടാൻ തുടങ്ങി. ഗോവിന്ദാ… ഗോപാലാ……. എന്നു വിളിച്ചായിരുന്നു ഓട്ടം. പിന്നാലെ മുനിയും പാഞ്ഞു. ഓടിയോടി മുനി സമീപം എത്തുമ്പോൾ ഭീമൻ വഴിൽ ഒരു രുദ്രാക്ഷം നിക്ഷേപിച്ചു. അപ്പോൾ തന്നെ അവിടെ ഒരു ശിവലിംഗം ഉയർന്നു വന്നു. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു വരാൻ പ്രേരിപ്പിച്ചു. മുനി വീണ്ടും ഭീമന്റെ പുറകേ ഓടി. ഭീമൻ വീണ്ടും വീണ്ടും രുദ്രാക്ഷം നിക്ഷേപിച്ചു. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിച്ചു. 11 ശിവലിംഗങ്ങൾ ഉയർന്നു വന്നു. ഒടുവിൽ പന്ത്രണ്ടാമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകി. അങ്ങനെ ഇരുവർക്കും ശിവനും വിഷ്ണുവും ഒന്നെന്ന ബോദ്ധ്യപ്പെട്ടു. മുനി പിന്നീട് ധർമ്മപുത്രരുടെ യാഗത്തിൽ പങ്കുകൊണ്ടു. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥാപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്. ഈ ക്ഷേത്രങ്ങൾ പരിചയപ്പെടാം:

1 തിരുമല ശിവക്ഷേത്രം
ശിവാല ഓട്ടത്തിലെ ഒന്നാമത്തെ ക്ഷേത്രത്തിൽ ശൂലപാണി ഭാവത്തിൽ ശിവൻ കുടികൊള്ളുന്നു. പതിനൊന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ശിലാ ലിഖിതങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. മുഞ്ചിറൈ തിരുമലൈ തേവര്‍ എന്ന് അറിയപ്പെടുന്നു. ദേശീയ പാതയില്‍ കുഴിത്തുറയ്ക്കു സമീപമുള്ള വെട്ടുവെന്നിയില്‍ നിന്നും തേങ്ങാപ്പട്ടണം വഴിയിലാണ് ഈ ക്ഷേത്രം.

2 തിക്കുറിച്ചി ശിവക്ഷേത്രം
താമ്രപര്‍ണി നദീതീരത്താണ് തിക്കുറിച്ചി ശിവക്ഷേത്രം. നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയാണ് ഇവിടെ. തിരുമലയില്‍ നിന്നു മാര്‍ത്താണ്ഡം പാലത്തിലൂടെ ഞാറാം വിളയിലെത്തി ചിതറാളിലേക്കുള്ള വഴിയിലൂടെ ക്ഷേത്രത്തിലെത്താം.

ALSO READ

3 തൃപ്പരപ്പ് ശിവക്ഷേത്രം
കുഴിത്തുറയില്‍ നിന്ന് 15 കിലോമീറ്ററുണ്ട് തൃപ്പരപ്പിലേക്ക്. കോതയാറിന്റെ തീരത്താണ് ക്ഷേത്രം. ശങ്കരാചാര്യര്‍ ഇവിടെ ദർശനം നടത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് പ്രതിഷ്ഠ.
ഒൻപതാം നൂറ്റാണ്ടിലുള്ളതാണ് ക്ഷേത്രം. തിക്കുറിച്ചിയില്‍ നിന്നും കളിയല്‍ വഴിയും കുലശേഖരം വഴിയും എത്താം.

4 തിരുനന്തിക്കര ശിവക്ഷേത്രം
നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം. കേരളീയ ക്ഷേത്ര ശില്പകലാ രീതിയിലാണ് നിര്‍മ്മാണം. നന്ദികേശ്വര രൂപത്തിലാണ് ശിവ പ്രതിഷ്ഠ. തൃപ്പരപ്പില്‍ നിന്നു കുലശേഖരം വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താം.

5 പൊന്മന ശിവക്ഷേത്രം
പാണ്ഡ്യരാജവംശവുമായി ബന്ധമുള്ള ക്ഷേത്രം. തീമ്പിലാധിപന്‍ എന്നാണ് അറിയപ്പെടുന്നത്. തീമ്പന്‍ എന്ന ഭക്തന് ദര്‍ശനം നല്കിയതുമായി ബന്ധപ്പെട്ടാണ് ഈ പേര്. പൊന്മനയ്ക്കടുത്തുള്ള മംഗലം പഴയ നാഞ്ചിനാടിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നു. തിരുനന്തിക്കരയില്‍ നിന്നു കുലശേഖരം പെരുഞ്ചാണി റോഡില്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്മനയിൽ എത്താം.

6 പന്നിപ്പാകം ശിവക്ഷേത്രം
അര്‍ജ്ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി പന്നിപ്പാകം ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിനു സമീപം കാട്ടാളന്‍ കോവില്‍ എന്നൊരു ക്ഷേത്രവുമുണ്ട്. പൊന്മന നിന്നു വലിയാറ്റുമുഖം വഴി എത്താം.

7 കല്‍ക്കുളം ശിവക്ഷേത്രം
പാര്‍വതീ സമേതനായ ശിവപ്രതിഷ്ഠയാണിവിടെ. ശിവാലയ ഓട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ പാര്‍വതി പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രം. പാര്‍വതി പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്ന് അറിയപ്പെടുന്നു. ശ്രീ വര്‍ത്തമാനപുരം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. പിന്നീട് കൽക്കുളം എന്ന പേരില്‍ അറിയപ്പെട്ടു. ക്രിസ്തുവര്‍ഷം 1744 ല്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കി പത്മനാഭപുരം എന്ന് പേരിട്ടു. പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുളത്തെത്താം.

8 മേലാങ്കോട് ശിവക്ഷേത്രം
എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയം. കാലകാല രൂപത്തിൽ ആണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. പത്മനാഭപുരത്തു നിന്നും രണ്ടു കിലോമീറ്റല്‍ സഞ്ചരിച്ചാല്‍ മേലാങ്കോട് ക്ഷേത്രത്തിലെത്താം.

9 തിരുവിടൈക്കോട് ശിവക്ഷേത്രം
വിടൈ എന്നാല്‍ കാള എന്നാണ് അര്‍ത്ഥം. ഈ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിനു ജീവന്‍ വച്ചതിനെ തുടര്‍ന്നാണ് തിരുവിടൈക്കോട് എന്ന പേരു വന്നത്. 18 സിദ്ധന്മാരില്‍ ഒരാളായ എടൈക്കാടര്‍ സ്വര്‍ഗ്ഗം പൂകിയത് ഈ ക്ഷേത്രത്തിലാണ്. അങ്ങനെ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു കിട്ടി എന്നും വിശ്വസിക്കുന്നവരുണ്ട്. ചടയപ്പന്‍ അഥവാ ജടയപ്പന്‍ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ. മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവിടൈക്കോട് എത്താം.

10 തിരുവിതാംകോട് ശിവക്ഷേത്രം
ആയ്, വേല് രാജവംശങ്ങളുമായി ബന്ധമുള്ളതാണ് തിരുവിതാംകോട്. മൂന്നു ഏക്കറോളമുണ്ട് ക്ഷേത്ര ഭൂമി. തക്കല കേരളപുരം വഴി തിരുവിതാംകോട് ക്ഷേത്രത്തിലെത്താം.

11 തൃപ്പന്നിക്കോട് ശിവക്ഷേത്രം
മഹാവിഷ്ണുവിന്റെ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണ് ഐതിഹ്യം. വരാഹത്തിന്റെ കൊമ്പ് മുറിച്ച രൂപത്തിലാണു പ്രതിഷ്ഠ. കേരള ക്ഷേത്ര ശില്പ മാതൃകയിലുള്ള ദ്വിതല ശ്രീകോവിൽ. കുഴിക്കോട് പള്ളിയാടി വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

12 തിരുനട്ടാലം ശിവക്ഷേത്രം
ശിവാലയ ഓട്ടം പൂർണ്ണമാകുന്നത് തിരുനട്ടാലം ശങ്കരനാരായണ ക്ഷേത്രത്തിലാണ്. ശിവ പ്രതിഷ്ഠയും ശങ്കരനാരായണ പ്രതിഷ്ഠയുമുള്ള രണ്ട് ക്ഷേത്രങ്ങള്‍ക്ക് ഇടയിൽ ഒരു കുളവും കാണാം.

ശിവരാത്രി ദിവസം ശിവമന്ത്രങ്ങളും സ്തോത്രങ്ങളും നിരന്തരം ജപിക്കുന്നത് പുണ്യകരമാണ്. പ്രസിഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിശ്വനാഥാഷ്ടകം കേൾക്കാം:

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Shivalaya Ottam: The ritual marathon of the devotees to 12 Shiva temples in Kanyakumari district

Highlights

ശിവരാത്രിയുടെ തലേന്ന് മുഞ്ചിറ തിരുമല
ക്ഷേത്രത്തിൽ നിന്നും ശിവാലയ ഓട്ടം തുടങ്ങും

ശിവരാത്രിയിൽ ദ്വാദശ രുദ്രന്മാരെ വണങ്ങി
പാപമോചനം നേടുകയാണ് ഭക്തരുടെ ലക്ഷ്യം

ശിവനും വിഷ്ണുവും ഒന്നാണെന്ന് വിളംബരം
ചെയ്യുന്നതാണ് ഗോവിന്ദന്മാരുടെ ചാലയം ഓട്ടം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?