കർക്കടകവാവ് ബലി ആഗസ്റ്റ് 12, കർക്കടകം 27 ബുധനാഴ്ച പുലർച്ചെ 3 മണിമുതൽ പ്രധാന ക്ഷേത്രങ്ങളിൽ ആരംഭിക്കും. രാവിലെ 06.38 മുതൽ 08.35 വരെയുള്ള ചിങ്ങം രാശിയാണ് ഈ വർഷത്തെ കർക്കടകവാവിന് ഏറ്റവും ഉത്തമമായ സമയം.
വിശദമായ സമയക്രമം
04.32 വരെ മിഥുനം രാശിയാണ്. ബലികർമ്മം ചെയ്യാം. 04.32 മുതൽ 06.38 വരെ കർക്കടകം രാശിയാണ്. ബലികർമ്മത്തിന് ഉത്തമം. 06.38 മുതൽ 08.38 വരെ ചിങ്ങം രാശിയാണ്. ബലികർമ്മത്തിന് ഏറ്റവും ഉത്തമം. 08.38 മുതൽ 10.36 വരെ കന്നിരാശി. ബലികർമ്മത്തിന് ഉത്തമം. തുടർന്ന് വരുന്ന തുലാം രാശി ബലികർമ്മത്തിന് അനുയോജ്യമല്ല. എന്നിരിക്കിലും ക്ഷേത്രങ്ങളിലെ തിരക്ക് കാരണം മുകളിൽ എഴുതിയ സമയക്രമമൊന്നും ചിലപ്പോൾ പാലിക്കാൻ സാധിച്ചെന്ന് വരില്ല. അതിനാൽ പിണക്കമോ പരിഭവമോ യാതൊന്നുമില്ലാതെ നമ്മുടെ മരണപ്പെട്ട ബന്ധുമിത്രാദികൾക്കു വേണ്ടി ബലികർമ്മവും തിലഹോമവും ചെയ്ത് പ്രാർത്ഥിച്ച് മടങ്ങുക.
തിലഹോമം ചെയ്യണം
മരണപ്പെട്ടവരുടെ പേരും നക്ഷത്രവും കൊണ്ട് തിലഹോമം ചെയ്യണം. മരണനക്ഷത്രം അറിയില്ലെങ്കിൽ തിരുവോണം നക്ഷത്രമെന്ന് പറഞ്ഞ് ചെയ്യിക്കണം. ഇതൊന്നുമറിയില്ലെങ്കിൽ കുടുംബപ്പേരും സ്‌ഥലപ്പേരും കൊണ്ടെങ്കിലും തിലഹോമം ചെയ്തു കൊള്ളുക.

ശ്രാദ്ധത്തിൻ്റെ പ്രാധാന്യം
നമ്മെ നോക്കേണ്ടവരെ വേർതിരിവില്ലാതെയും കഴിവിന് അനുസരിച്ചുള്ള കടമകൾ ചെയ്തും സ്നേഹിച്ച് കൂടെ നിർത്തണം. ആർക്ക് എപ്പോൾ അവശത വരും എന്നൊന്നും പറയാൻ പറ്റില്ല. അവശത വരുമ്പോൾ മനഃസാക്ഷിയുടെ മുന്നിൽ, ദൈവത്തിന്റെ മുന്നിൽ അവകാശം പറയാൻ എന്തെങ്കിലുമൊക്കെ നമുക്കും ഉണ്ടായിരിക്കണം. ചെയ്യാനുള്ള കർമ്മങ്ങൾ യഥാവിധി ചെയ്ത്, സ്നേഹിച്ച്, സുഖ – ദുഃഖങ്ങളിൽ കൂടെ നിന്ന്, പിന്നെയൊരു ദിവസം അകാലത്തിലേക്ക് പറന്നു പോയവരെ നമുക്ക് മറക്കാൻ കഴിയില്ലല്ലോ. ശ്രാദ്ധം അവിടെ ആരംഭിക്കുന്നു.
ഇവർ ബലിയിടരുത്
അശുദ്ധി-പുല-വാലായ്മയുള്ളവർ, ഗർഭിണികൾ എന്നിവർക്ക് ബലികർമ്മം പറഞ്ഞിട്ടില്ല. 7 മാസം വരെയുള്ള ഗർഭിണികൾക്ക് ശുഭകർമ്മ വിധിയുണ്ട്. എങ്കിലും ബലികർമ്മം അതല്ലാത്തതിനാൽ പാടുള്ളതല്ല. മരണം നടന്ന് 12 മാസം കഴിഞ്ഞെങ്കിൽ അവർക്കു വേണ്ടിയും ബലിയിടാം. ഇല്ലെങ്കിൽ അവർക്കു വേണ്ടിയല്ലാതെ കുടുംബത്തെ മറ്റ് മരണപ്പെട്ടവർക്കു വേണ്ടി കർക്കടക ബലികർമ്മവും തിലഹോമവും ചെയ്യാം. 5 തലമുറകൾക്കുവേണ്ടിയും കർക്കടകവാവ് ബലി ചെയ്യാവുന്നതാണ്.
പുലർച്ചെ മൂന്ന് മുതൽ തുടങ്ങും
സൂര്യോദയത്തിന് ശേഷം ബലികർമ്മം ചെയ്യണമെന്നാണ് വിധിയെങ്കിലും ജനങ്ങളുടെ ബാഹുല്യം കാരണം പല ക്ഷേത്രങ്ങളിലും തീരങ്ങളിലും അതൊന്നും കൃത്യമാക്കാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് മിക്ക ക്ഷേത്രങ്ങളിലും പുലർച്ചെ മൂന്ന് മുതൽ വാവുബലി കർമ്മം ആരംഭിക്കുന്നതെന്ന് പൊതുവായി പറയാം.
ALSO READ
വീട്ടിൽ ബലികർമ്മം ചെയ്യാം
വിശ്വാസികൾക്ക് വീട്ടിൽ അല്ലെങ്കിൽ താമസസ്ഥലത്തും ബലികർമ്മം ചെയ്യാവുന്നതാണ്. നമ്മൾ സ്വന്തമായി ചെയ്യുന്ന സദ്കർമ്മങ്ങൾ എപ്പോഴും സന്തോഷപ്രദമായി ഭവിക്കും. എല്ലാ വർഷവും സ്വന്തമായി വീട്ടിൽ ബലികർമ്മം ചെയ്യാവുന്നതുമാണ്.
എങ്ങനെ ബലികർമ്മം ചെയ്യാം?
തലേദിവസം വ്രതം, ഒരിക്കലൂണ് അനുഷ്ഠിക്കണം.
ആവശ്യമുള്ള സാധനങ്ങൾ
നിലവിളക്ക്, കിണ്ടി അല്ലെങ്കിൽ മൊന്ത അല്ലെങ്കിൽ ഗ്ലാസ്സ്, 3 പഴം, വാഴയില-2 (തൂശനില), കുറച്ച് തുളസിയില, കുറച്ച് പൂവ്, 50 ഗ്രാം എള്ള് അല്പം വെള്ളത്തിൽ മിക്സ് ചെയ്ത് ഒരു ചെറിയ പാത്രത്തിൽ വെച്ചത്, വേവിച്ച ചോറിൽ എള്ള് ചേർത്ത് കുഴച്ച് ഉരുളയാക്കിയത് – 5 ഉരുള, പിന്നെ കുറച്ച് ചോറും എള്ളും ഉരുളയാക്കാതെയുള്ളത്, ഉപ്പില്ലാതെ വേവിച്ചെടുത്ത 3 അട (ബലികർമ്മം കഴിഞ്ഞ് വീട്ടിൽ ‘ചാവ് വെക്കാൻ’ ഉള്ളതാണ് അട)
നിലവിളക്ക് 5 തിരിയിട്ട് കൊളുത്തി, അതിനുമുന്നിൽ വാഴയിലയിട്ട്, കിണ്ടിയിലെ/ഗ്ലാസിലെ വെള്ളത്തിൽ ഗംഗാദേവിയെ ഭജിച്ച് അല്പം തുളസിയിലയിട്ട്, ആ വെള്ളം നമ്മുടെ ശരീരത്തിലും പൂജാസാധനങ്ങളിലും ബലിചെയ്യുന്ന സ്‌ഥലത്തും തളിച്ച് ശുദ്ധി വരുത്തി, ഗണപതിയെ പ്രാർത്ഥിച്ച് അവിടെ അല്പം പൂവും വെക്കണം.
അപ്പോൾ നിലവിളക്കിന് മുന്നിൽ ഒരു വാഴയിലയിൽ ഗണപതിക്ക് പൂവും പിന്നെ അതിന് കിഴക്കായി മറ്റൊരു വാഴയില തെക്കുഭാഗത്തേക്ക് തുമ്പ് വരുന്ന രീതിയിലും വെക്കേണ്ടതുമാകുന്നു. ആ വാഴയിലയുടെ പിന്നിൽ (വടക്കുവശം) നമ്മൾ തെക്കോട്ട് നോക്കി സ്വസ്‌ഥമായി ഇരുന്ന് (മുട്ടിൽ ഊന്നി ഇരിക്കാൻ മിക്കവർക്കും പൊതുവെ പ്രയാസമായിരിക്കുമല്ലോ) നമുക്ക് ഏറ്റവും ലളിതമായി ബലികർമ്മം ചെയ്തു തുടങ്ങാം.
അഞ്ച് പിണ്ഡം വെച്ചതിൽ നിന്നും ഒരെണ്ണമെടുത്ത് നമ്മുടെ കുടുംബത്തെയും അച്ഛന്റെയും അമ്മയുടെയും കുടുംബത്തെയും പരമ്പരയിൽപ്പെട്ട സകല പിതൃക്കൾക്കുമായി ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഇലയുടെ മദ്ധ്യഭാഗത്തായി ആദ്യത്തെ പിണ്ഡം വെക്കണം.
രണ്ടാമത്തെ പിണ്ഡം കയ്യിലെടുത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും കുലത്തിൽ മരണപ്പെട്ടവർക്കും എന്റെ ഗുരുക്കന്മാർക്കും അവരുടെ കുലത്തിൽപ്പെട്ട പിതൃക്കൾക്കും സകല ആശ്രിതർക്കും മോക്ഷത്തിനായി ഞാൻ ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ആദ്യം വെച്ച പിണ്ഡത്തിന്റെ മുന്നിൽ അതായത് തെക്ക് വശത്തായി രണ്ടാമത്തെ പിണ്ഡം വെക്കണം.
മൂന്നാമത്തെ പിണ്ഡം കയ്യിലെടുത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും കുലത്തിലെ ഏതെങ്കിലും പിതൃക്കൾ നരകയാതന അനുഭവിക്കുന്നെങ്കിൽ അവരുടെ മോചനത്തിനായും ഞാൻ ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നടുക്ക് ആദ്യം വെച്ച പിണ്ഡത്തിന്റെ വടക്ക്, അതായത് പിന്നിലായി ഒന്നുകൂടി പറഞ്ഞാൽ ആദ്യം നടുക്കുവെച്ച പിണ്ഡത്തിനും നമ്മുടെയും ഇടയിലായി മൂന്നാമത്തെ പിണ്ഡം വെക്കണം. അപ്പോൾ ആ മൂന്ന് പിണ്ഡവും തെക്കുവടക്ക് ക്രമത്തിൽ ആയിട്ടുണ്ടാകും.
നാലാമത്തെ പിണ്ഡമെടുത്ത് എന്റെയും മാതാവിന്റെയും പിതാവിന്റെയും കുലം വിട്ടൊഴിഞ്ഞ് പോയവരും കുലം ഇല്ലാതായവരുടെയും പിതൃ-പ്രീതിക്കായും മോക്ഷത്തിനായും ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നടുക്ക് ആദ്യം വെച്ച പിണ്ഡത്തിന്റെ ഇടതുഭാഗത്ത് അതായത് കിഴക്ക് ഭാഗത്തായി വെക്കണം.
അഞ്ചാമത്തെ പിണ്ഡമെടുത്ത് എന്റെ ബന്ധത്തിലെയും അന്യരുടെ ബന്ധത്തിലേയും സകല പിതൃക്കൾക്കുമായി ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നടുക്ക് ആദ്യം വെച്ച പിണ്ഡത്തിന്റെ വലതുഭാഗത്ത് അതായത് പടിഞ്ഞാറ് ഭാഗത്തായി വെക്കണം. ഇപ്പോൾ നടക്കും കിഴക്കുപടിഞ്ഞാറായി മൂന്ന് പിണ്ഡം ഉണ്ടായിരിക്കും.
അഞ്ച് പിണ്ഡവും പിന്നെ കുറെ ചോറും എള്ളും കുഴച്ചത് നമ്മൾ ആദ്യമെടുത്ത് ഒരു പാത്രത്തിൽ വെച്ചിരുന്നല്ലോ. അതിൽ ഇനി ബാക്കിയുള്ളത് കുറച്ച് ചോറ് മാത്രമായിരിക്കും. ആ ചോറ് എല്ലാം കൂടി കയ്യിലെടുത്ത് (ഉരുള ആക്കരുത്) എല്ലാ പിണ്ഡങ്ങളുടെയും മുകളിലായി ചൊരിഞ്ഞിട്ട് ഇവയും കൂടി സ്വീകരിച്ച് സന്തോഷമാകണം എന്ന് പ്രാർത്ഥിക്കണം.
അതിനുശേഷം കുറച്ച് എള്ളും വെള്ളവും ചേർത്ത് (ഇവ ഒരു പാത്രത്തിൽ മിക്സ് ചെയ്ത് ആദ്യം തന്നെ വെച്ചിട്ടുണ്ടല്ലോ) ആ അഞ്ച് പിണ്ഡങ്ങളുടെയും പുറത്തായി വിതറുക.
പിന്നെ ‘ഞങ്ങളെക്കൊണ്ട് കഴിയുന്നത്ര രീതിയിൽ പിതൃക്കൾക്കായുള്ള എല്ലാ പൂജാരീതികളും സമർപ്പിക്കുന്നു’ എന്ന് മനസ്സിൽ പ്രാർത്ഥിച്ച്, അല്പം പൂവെടുത്ത് മുന്നിലെ പിണ്ഡത്തിലേക്കിട്ട് കുമ്പിട്ട് തൊഴുത്, ഈ കർമ്മത്തിൽ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ മഹാദേവൻ ക്ഷമിച്ചുകൊള്ളണം എന്ന് പ്രാർത്ഥിക്കണം. പിന്നെ എഴുന്നേറ്റ് ആ പിണ്ഡത്തിന് 3 പ്രാവശ്യം വലംവെച്ച്, പിന്നെ അതിൽ നിന്നും ഒരു പൂവെടുത്ത് മൂക്കിനോട് ചേർത്ത് മണപ്പിച്ചശേഷം ആ പൂവ് തലയിൽ വെക്കണം.
പിന്നെ ഇല കൂട്ടി എല്ലാ പിണ്ഡവും ഇലയിൽ മടക്കിയെടുത്ത് അത് തലയിൽ വെച്ച് വസ്തുവിന്റെ അല്ലെങ്കിൽ ബലികർമ്മം ചെയ്യുന്നതിന്റെ തെക്കുപടിഞ്ഞാറേ ഭാഗത്ത് വെക്കണം. കടൽ, കായൽ, പുഴ എന്നിവിടെ ഒഴുക്കുന്നതും പതിവുണ്ട്.
പിന്നെ വീട്ടിൽ പൂജാമുറിയിൽ അല്ലെങ്കിൽ അതിന് പറ്റിയ സ്‌ഥലത്ത് ഉപ്പില്ലാതെ വേവിച്ചെടുത്ത 3 അട, ചാവ് വെക്കണം. പിന്നെ നിലവിളക്ക് അനക്കി, തിരി അണച്ച്, വിളക്ക് എടുക്കാവുന്നതാണ്. ചാവ് വെച്ചത് ഒരുമണിക്കൂർ കഴിഞ്ഞ് എടുക്കാം.
വിദേശത്തോ, ഫ്ലാറ്റിലോ, മുറികളിലോ ഇവ ചെയ്യുന്നവർ സൗകര്യപ്രദമായ രീതിയിൽ അവയൊക്കെ നീക്കം ചെയ്യണം. കാക്കയും മറ്റ് പക്ഷികളുമൊന്നുമില്ലാത്ത സ്‌ഥലങ്ങളിൽ പിന്നെ ഇവയൊക്കെ സൗകര്യമായി നീക്കം ചെയ്യുകയോ കായലിലോ കടലിലോ മത്സ്യങ്ങൾക്ക് നൽകാം. അതാത് സ്‌ഥലങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ, നിയമങ്ങൾ എന്നിവ പാലിക്കാൻ മറക്കരുത്.
ശ്രദ്ധിക്കുക: ഇതിൽ പവിത്രം, കൂർച്ചം, മറ്റ് മന്ത്രങ്ങൾ എന്നിവയൊന്നും എഴുതിയിട്ടില്ല. കാരണം, ആദ്യമായി സ്വന്തമായിട്ട് ഇങ്ങനെയൊരു ബലികർമ്മം ചെയ്യുന്നവർക്ക് മന്ത്രങ്ങൾ സഹിതമായി ഇവ ചെയ്യാൻ പ്രായോഗികമായി പ്രയാസമായിരിക്കും. തന്നെയുമല്ല, തെറ്റായുള്ള മന്ത്രപ്രയോഗങ്ങൾ ചിലപ്പോൾ ദോഷവും വരുത്തിവെച്ചേക്കാം. അതിനാൽ പിതൃക്കൾക്കും ദേവതകൾക്കും ഒപ്പം നമുക്കും മനസ്സിലാകുന്ന രീതിയിൽ ഏറ്റവും ലളിതമായി പ്രാർത്ഥനകൾ നടത്തി കർമ്മങ്ങൾ ചെയ്യുന്നതാണ് ഏറ്റവും ശുഭപ്രദം. ഒരു പഴമോ പച്ചക്കറിയോ കൊണ്ടുപോലും പിതൃകർമ്മം ചെയ്യാമെന്ന് പറവൂർ ശ്രീധരൻതന്ത്രി പറഞ്ഞിട്ടുണ്ട്.
“പ്രാർത്ഥിക്കാൻ നിങ്ങൾക്കൊരു മനസ്സുണ്ടെങ്കിൽ പിന്നെ ഇടനിലക്കാരന്റെ ആവശ്യമില്ല” എന്ന നമ്മൾ, ഉത്തരായുടെ ആപ്തവാക്യവും ഇവിടെ ഓർമ്മപ്പെടുത്തുന്നു.
നമ്മൾ ചെയ്യുന്ന ക്രിയകൾ പ്രയോജനപ്രദമാകണമെങ്കിൽ അത് ധർമ്മമായി പരിണമിക്കണം. ഭക്തിയും ശ്രദ്ധയുമില്ലാതെ ചെയ്യുന്ന കർമ്മങ്ങൾ ധർമ്മമായി പരിണമിക്കുന്നതല്ല. അതുകൊണ്ടാണ് “ശ്രദ്ധയാ ക്രിയമാണം കർമ്മ ശ്രാദ്ധം” എന്ന് പറഞ്ഞിരിക്കുന്നത്.
നമ്മൾ ചെയ്യുന്ന കർമ്മങ്ങളാൽ പരേതാത്മാക്കളെ നാരായണലോകത്ത് എത്തിക്കാനാണ് ബലികർമ്മം ചെയ്യുന്നത്. അഞ്ച് തലമുറകൾക്കുവേണ്ടി നമ്മൾ ബലികർമ്മം ചെയ്യേണ്ടതുണ്ട്. ശിവരാത്രി, കർക്കടകവാവ് എന്നീ രണ്ട് ദിവസങ്ങളിലെ പിതൃബലികർമ്മം അത്യുത്തമം തന്നെയാകുന്നു.
“മുഹൂർമുഹുസ്താരയതേ
കർത്താരം ശ്രൗതകർമ്മണാം
തസ്മാന്മുഹൂർത്ത ഇത്യാഹുർ-
മുനയസ്തത്വദർശിനഃ”
ശ്രൗതകർമ്മങ്ങളുടെ കർത്താവിനെ വീണ്ടും വീണ്ടും രക്ഷിക്കുന്നതിനാലാണ് തത്വദർശികളായ മഹർഷിമാർ ശുഭകാലത്തെ ‘മുഹൂർത്തം’ എന്ന് പറയുന്നത്. അപ്പോൾ ആചാര്യന്മാർ പറഞ്ഞിരിക്കുന്ന ശുഭകാലംതന്നെ വാവുബലിക്കും എടുക്കേണ്ടതുണ്ട്.
ഗൃഹത്തിൽ ബലികർമ്മം ചെയ്യാമോ?
വീട്ടിൽ അതിനുള്ള സൗകര്യമുണ്ടെങ്കിൽ നമ്മൾ സ്വയം ബലികർമ്മം ചെയ്ത് പ്രാർത്ഥിക്കുന്നതായിരിക്കും ഏറ്റവും മഹത്തരം.
ഒരു കഷണം പച്ചക്കറിയോ ഒരു പഴമോ കൊണ്ടുപോലും പിതൃകർമ്മം ചെയ്ത് സായൂജ്യം നേടാമെന്ന് പറവൂർ ശ്രീധരൻ തന്ത്രിയും പറഞ്ഞിട്ടുണ്ട്.
വീടിന്റെ മുറ്റത്തോ, വീടിന്റെ ഉള്ളിലോ, വീടിന്റെ ടെറസ്സിലോ തെക്കോട്ട് തിരിഞ്ഞുനിന്ന് മുന്നിൽ തുമ്പ് തെക്കോട്ട് നീട്ടി വാഴയിലയിട്ട് അതിൽ പൂവും പിണ്ഡവും വെച്ച് പിതൃക്കൾക്ക് പ്രാർത്ഥന നടത്തുന്നതാണ് ആ കുടുംബത്തിനും പരമ്പരകൾക്കും ഭാഗ്യദായകം.
തെക്കോട്ട് തിരിഞ്ഞുനിന്ന് ഒരു വാഴയിലയുടെ തുമ്പ് തെക്കോട്ട് നീട്ടിയിട്ട്, അതിന്റെ നടുക്ക് അരിമാവും എള്ളും കൊണ്ട് ഒരേയൊരു പിണ്ഡം ഉരുട്ടിയത് ഭക്തിയോടെ വെച്ച് “പരേതാത്മാക്കൾ നാരായണലോകത്ത് സസന്തോഷം വാഴട്ടെ…” എന്ന് പ്രാർത്ഥിച്ച്, അതിൽ പൂവിട്ട് പ്രാർത്ഥിച്ച്, ഗ്ലാസ്സിലെ അല്ലെങ്കിൽ കിണ്ടിയിലെ വെള്ളം തളിച്ച്, ചന്ദനത്തിരി ഉഴിഞ്ഞ്, കർപ്പൂരം കത്തിച്ച് ഉഴിഞ്ഞ് പ്രാർത്ഥിച്ച് ശേഷം ഇവ എടുത്ത് പക്ഷികൾക്കോ മത്സ്യങ്ങൾക്കോ ഭക്ഷണമായി നൽകാം, അല്ലെങ്കിൽ ഇവയൊക്കെ വൃത്തിയുള്ള മറ്റൊരു സ്‌ഥലത്തോട്ട് മാറ്റി വെക്കാം. അല്ലെങ്കിൽ ഓരോരോ പ്രദേശത്ത് ഇപ്പോൾ വാവുബലി കർമ്മങ്ങൾ സ്വന്തമായി ചെയ്യുന്നത് എങ്ങനെയാണോ അപ്രകാരം ചെയ്യാവുന്നതുമാണ്.
വാവുബലി ആശംസകൾ…
അനിൽ വെളിച്ചപ്പാടൻ
(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
കരുനാഗപ്പള്ളി, മൊബൈൽ : +91 94971 34134)
Story Summary: Karkidaka Vavu Bali rituals, timing, and required materials; Best time for Bali ritual is between 06:38 and 08:35 AM (Chingam Rashi) ; Thread includes detailed steps for performing Bali and Thilahoma at home.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.