മതാചാരവും പരമ്പരാഗത വിശ്വാസവും മാത്രമല്ല കർക്കടകത്തിലെ വാവുബലി. തലമുറകൾ പിൻതുടർന്നു വരുന്ന ഈ കർമ്മം യഥാർത്ഥ പൂർവിക സ്മരണയാണ്. ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന പൂർവികർക്കായി ഓർമ്മയിലൂടെ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ. പൂർവ്വികരുടെ അനുഗ്രഹമില്ലെങ്കിൽ നമ്മുടെ ജീവിതം തന്നെ താളം തെറ്റും. ദുരിതങ്ങൾ ഒഴിയില്ല. എല്ലാത്തിനും തടസമുണ്ടാകും.
ആഗസ്റ്റ് 12 ബുധനാഴ്ച
അതു കൊണ്ടുതന്നെ ഒരു വർഷത്തെ
12 വാവുകളിൽ ഏറ്റവും പ്രധാനം കർക്കടകവാവാണ്. മാസബലിയോ, വാർഷികബലിയോ, മരണാനന്തര സംസ്‌കാര ചടങ്ങുകൾ പോലും കൃത്യമായി ചെയ്തിട്ടില്ലാത്തവർക്ക് കർക്കടക വാവ് ബലി ഏറ്റവും നല്ല പരിഹാരമാണ്. ഈ ദിവസം ചെയ്യുന്ന ഏതൊരു പിതൃകർമ്മങ്ങൾക്കും അളവറ്റ ഫലം ഉണ്ട്. പരശുരാമൻ സ്വന്തം മാതാവിനെ പാപശാന്തിവരുത്തി പിതാവിന്റെ മന്ത്രശക്തികൊണ്ട് ജീവദാനം നല്കിയ ദിവസമാണ് എന്നും; ഭഗീരഥമഹർഷി ആകാശഗംഗയെ ഭൂമിയിൽകൊണ്ടുവന്ന് സ്വന്തം പിതൃക്കൾക്ക് പാപശാന്തി നല്കിയ ദിവസമാണെന്നും കർക്കടക വാവിനെക്കുറിച്ച് ഐതിഹ്യം ഉണ്ട്. ഐതിഹ്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം എന്നാൽ പൗരാണിക കാലം മുതലേ ഈശ്വരവിശ്വാസികളായ ഹൈന്ദവർക്ക് പിതൃ–പ്രീതിക്ക് കർക്കടകവാവ് പ്രധാനമാണ്. എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും ഈ ദിവസം ബലിയിടാൻ സൗകര്യം ഉണ്ട്. തലേദിവസം മുതൽ കൃത്യമായി വ്രതമെടുത്ത് രാവിലെ കുളിച്ച് സ്വസമുദായ സമ്പ്രദായ പ്രകാരം ബലിയിടണം. ആഗസ്റ്റ് 12 ബുധനാഴ്ചയാണ് ഈ വർഷത്തെ കർക്കടക വാവ്.

കർക്കടക വാവിന് വ്രതം
മത്സ്യമാംസാദി ഭക്ഷണം ത്യജിക്കുക. തലേദിവസം ഉച്ചക്ക് മാത്രം ഊണ്. രണ്ട് നേരം പഴവർഗ്ഗം. വാവ് ദിവസം രാവിലെ ബലിയിടണം. രാവിലെ പഴവർഗ്ഗങ്ങൾ കഴിക്കാം. ഉച്ചക്ക് ഊണ്. വൈകിട്ട് പഴ വർഗ്ഗം. ഇതാണ് ഭക്ഷണസമ്പ്രദായം. മദ്യം, പുകവലി, മുറുക്ക് തുടങ്ങിയവ ഉപേക്ഷിക്കണം. ഭൗതിക സുഖങ്ങൾ ഒഴിവാക്കുക. പകലുറക്കം പാടില്ല. വിഷ്ണു, ശിവ ക്ഷേത്രദർശനം, പുണ്യതീർത്ഥങ്ങളിൽ സ്‌നാനം എന്നിവ ചെയ്യുക. പരമാവധി പുരാണ പാരായണം ചെയ്യുക. അസത്യം പറയരുത്. മനസാവാചാ കർമ്മണാ തെറ്റ് ചെയ്യരുത്. ബലിയിടുന്നവർ കർശനമായി ചിട്ട പാലിക്കണം. ബലിയിടാത്തവർക്കും പിതൃപ്രീതിക്ക് വേണ്ടി വ്രതമെടുക്കാം. അശുദ്ധിയുള്ളവർ ബലിയിടരുത് വ്രതമെടുക്കരുത്.
ദുർമരണങ്ങൾക്ക് പരിഹാരം
അനാദി – എന്ന മന്ത്രം കൊണ്ട് വിഷ്ണു സങ്കല്പത്തിൽ പൂജിച്ച് 1008 ഉരു ഹോമിക്കുകയാണ് പാപശാന്തിക്കുള്ള അനാദി ഹോമത്തിൽ ചെയ്യുന്നത്. നെയ്യ്, പ്‌ളാവിൻ ചമത, എള്ള്, ഹവിസ് എന്നിവ ഹോമിക്കാം. ക്ലേശിച്ചുള്ള മരണം പ്രായമെത്താതെയുള്ള മരണം എന്നിവയ്ക്ക് ഈ ഹോമം അത്യാവശ്യമാണ്. ആത്മാവിന്റെ പാപശാന്തിക്കും മരണം മൂലം ഏറ്റവും അടുത്ത ബന്ധുക്കൾക്ക് ബാധിച്ച ദോഷത്തിനും പിതൃപ്രീതിക്കും ഗുണകരമാണ് അനാദിഹോമം. യോഗ്യനായ ഒരു കർമ്മിയെക്കൊണ്ട് ചെയ്യിക്കണം. കർക്കടക വാവ് ഏറ്റവും ഉത്തമം.
ബലിക്ക് പകരം ദാനം
ബലിയിടാൻ എന്തെങ്കിലും അസൗകര്യം ഉള്ളവർക്കും ഈ ദിവസം ദാനം ചെയ്യാം. കോടിവസ്ത്രം വെറ്റില പാക്ക് എന്നിവയും യഥാശക്തി ദക്ഷിണയും ചേർത്ത് ദാനം ചെയ്യുക. ബലിക്ക് പകരമാണെന്നും പിതൃക്കളുടെ പ്രതീയുണ്ടാകണമെന്നും നന്നായി പ്രാർത്ഥിക്കുകയും വേണം. ദാനം വാങ്ങിയ വ്യക്തിയുടെ പുണ്യങ്ങൾ ദാനം കൊടുത്ത വ്യക്തിക്ക് ലഭിക്കും. ദാനം പിതൃക്കൾക്ക് ഏറ്റവും സന്തോഷകരമാണ്.
ALSO READ
ആർക്കും ബലിയിടാം
മരിച്ചുപോയ ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി മാത്രമല്ല കർക്കടക വാവ് ബലി ഇടുന്നത്. അഖിലപിതൃക്കൾക്ക് വേണ്ടിയാണ്. അറിയാവുന്നതും അറിയാത്തതുമായ സമസ്ത പിതൃക്കളെയും സങ്കല്പിച്ചിടുന്നതാണ് കർക്കടക വാവ്ബലി. അതുകൊണ്ട് തന്നെ ഏതൊരാൾക്കും ഈ ബലിയിടാം. മാതാപിതാക്കളുടെയോ ഏതെങ്കിലും ഒരു ആത്മാവിന് വേണ്ടിയോ തിലഹോമം സായൂജ്യപൂജ ചെയ്തവർക്കും കർക്കടക വാവ് ബലിയിടാം. വീട്ടിൽ ആരെങ്കിലും മരിച്ചാൽ ഒരു വർഷത്തിനകം വരുന്ന കർക്കടക ബലി ഒഴിവാക്കരുത്. കൃത്യമായും ഇടേണ്ടതാണ്. പൂർവ്വികരായ സമസ്ത പിതൃക്കളും ഈ ദിവസം ബലി സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജീവാത്മാവ് പുനർജന്മത്തിലേക്ക് പോയാലും പത്താം പ്രാണനിൽ ഒന്നായ ധനഞ്ജയൻ നാശമില്ലാതെ നില കൊള്ളുന്നു എന്നും ഈ പ്രാണന് വേണ്ടിയാണ് ബലിയിടുന്നതെന്നുമാണ് വിശ്വാസം. ധനഞ്ജയന് പുനർജന്മമല്ല മോക്ഷം മാത്രമേയുള്ളു എന്നർത്ഥം.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)
Story Summary: Blessings and Rituals of Karkkadaka Vavu Bali
Highlights
സമസ്ത പിതൃക്കളെയും
സങ്കല്പിച്ചുള്ളതായതിനാൽ ഏതൊരാൾക്കും വാവ് ബലിയിടാം
വീട്ടിൽ ആരെങ്കിലും മരിച്ചാൽ ഒരു വർഷത്തിനകം വരുന്ന വാവ് ബലി ഒഴിവാക്കരുത്
ദുർമരണത്തിനും മരണം മൂലം
ഉറ്റ ബന്ധുക്കൾക്ക് ബാധിക്കുന്ന ദോഷത്തിനും പരിഹാരമാണ് അനാദിഹോമം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.