ചിങ്ങമാസത്തിലെ ഷഷ്ഠി നാളിൽ ശുദ്ധിയോടെ വ്രതം എടുത്ത് യഥാവിധി സ്‌കന്ദ ഭഗവാനെ പൂജിച്ചാല്‍ ധന ധാന്യ പുത്ര പൗത്ര സുഖസമൃദ്ധിയുണ്ടാകും. ചര്‍മ്മ, നേത്ര രോഗങ്ങളുണ്ടാകില്ല എന്നും കരുതുന്നു. ആചരണത്തിന് അതിവിശേഷമായ ഈ ദിവസം ദാനധർമ്മാദികൾ ചെയ്യുന്നത് ആഗ്രഹങ്ങൾ അതിവേഗം സഫലമാകാൻ നല്ലതാണ്. സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമ വ്രതമായ ഷഷ്ഠി എടുത്താൽ ശിവപാർവതിമാരുടെയും പ്രീതി ലഭിക്കും. 2026 ആഗസ്റ്റ് 18, 1202 ചിങ്ങം 2 ചൊവ്വാഴ്ചയാണ് ചിങ്ങമാസത്തിലെ ഷഷ്ഠി വ്രതം. സുബ്രഹ്മണ്യ ഭജനത്തിന് വിശേഷമായ ചൊവ്വാഴ്ച ഷഷ്ഠി കൂടി വരുന്നതിനാൽ ഇത് ഇരട്ടി ഫലം ചെയ്യും.
അഷ്ടൈശ്വര്യങ്ങളും ലഭിക്കും
ഒരോ മാസത്തെയും ഷഷ്ഠി വ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മാസന്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠിതിഥിയാണ് ഷഷ്ഠിവ്രതമായി ആചരിക്കുന്നത്. ചിങ്ങത്തിലെ ഷഷ്ഠിയെ സൂര്യഷഷ്ഠി എന്നും പറയും. അന്ന് വ്രതമെടുത്ത് ആദിത്യപൂജ ചെയ്താല്‍ അഷ്ടൈശ്വര്യങ്ങളും സിദ്ധിയുണ്ടാകുമെന്ന് പറയുന്നു.

വ്രതനിഷ്ഠകൾ
തലേന്ന്, പഞ്ചമിനാളില്‍ ഷഷ്ഠി വ്രതം തുടങ്ങണം. അന്ന് ഉപവസിക്കണം. അതിന് കഴിയാത്തവര്‍ ഒരുനേരം മാത്രം അരി ആഹാരവും മറ്റ് സമയത്ത് ഫലങ്ങളും കഴിക്കണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി അവിടുത്തെ നിവേദ്യം കഴിച്ച് വ്രത്രം തീർക്കാം. സുബ്രഹ്മണ്യ പ്രീതിക്ക് കീർത്തനങ്ങളും മന്ത്രങ്ങളും സ്കന്ദഷഷ്ഠി കവചവും സമർപ്പണ മനോഭാവത്തോടെ ജപിക്കുകയും ബാഹ്യ ആഭ്യന്തര ശുദ്ധി പാലിക്കുകയും വേണം.
സന്തതികൾക്ക് ശ്രേയസ്
സന്താനലാഭം, സന്തതികളുടെ നന്മ, അവരുടെ വിജയം, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതം നോൽക്കുന്നതിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസിനു വേണ്ടി മാതാപിതാക്കളാണ് ഷഷ്ഠിവ്രതം ഏറ്റവും കൂടുതൽ അനുഷ്ഠിക്കുന്നത്.
ജപമന്ത്രങ്ങൾ
ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവര്‍ സുബ്രഹ്മണ്യന്റെ മൂല മന്ത്രമായ ഓം വചത്ഭുവേ നമഃ കുറഞ്ഞത് 108 തവണ ജപിക്കണം. ഓം ശരവണ ഭവഃ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും നല്ലതാണ്.
സുബ്രഹ്മണ്യന്റെ ധ്യാനം
സിന്ദൂരാരുണ കാന്തിമിന്ദുവദനം
കേയൂരഹാരാദിഭിർ
ദിവ്യയ്രാഭരണർവ്വിഭൂഷിതതനും
ദേവാരി ദുഃഖപ്രദം
അംഭോജാഭയ ശക്തികുക്കടധരം
രക്താംഗരാഗാംശുകം
സുബ്രഹ്മണ്യമുപാസ്മഹേ പ്രണമതാം
ഭീതി പ്രണാശോദ്യതം
(സിന്ദൂര വർണ്ണകാന്തിയുളള , ചന്ദ്രന്റെ
മുഖമുള്ളവനും കേയൂരം, ഹാരം തുടങ്ങിയ ദിവ്യാഭരണങ്ങളാൽ അലങ്കരിക്കപ്പെട്ട ദേഹത്തോട് കൂടിയവനും അസുരന്മാർക്ക് ദുഃഖം നൽകുന്നവനും താമരപ്പൂവ്, അഭയ മുദ്ര, വേൽ, കോഴി, എന്നിവ കൈകളിൽ ഉള്ളവനും ചുവന്ന പട്ടും കുറിക്കൂട്ടുകളും അണിഞ്ഞവനും ഭക്തരുടെ ഭയം നശിപ്പിക്കുന്നവനും ആയ സുബ്രഹ്മണ്യനെ പ്രണമിക്കുന്നു.)
ALSO READ
പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം
ഭാവയേ കുക്കുട ധ്വജം
സുബ്രഹ്മണ്യ ഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്നോ ഷൺമുഖ പ്രചോദ യാത്
ഷഷ്‌ഠിദേവി സ്‌തോത്രം
എല്ലാ ചൊവ്വാഴ്ചകളിലും ഷഷ്ഠി ദിവസവും സുബ്രഹ്മണ്യ സ്വാമിയെയും ഷഷ്ഠി ദേവിയേയും പ്രത്യേകം പ്രാർത്ഥിക്കുന്നത് കുടുംബത്തിൽ സർവ്വ മംഗളവും ഉണ്ടാകുവാനും അഭീഷ്ടസിദ്ധിക്കും സഹായകമാണ്. രാവിലെ സുബ്രഹ്മണ്യ ഭഗവാന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിച്ച് ശുഭവസ്ത്രം ധരിച്ച് ഓം വചത്ഭുവേ നമഃ , ഓം ശരവണ ഭവഃ, ഓം ഹ്രീം ഷഷ്ഠി ദേവ്യൈ നമഃ എന്നീ മന്ത്രങ്ങൾ ജപിച്ച ശേഷം ഷഷ്ഠി ദേവി സ്തോത്രം ജപിച്ച ശേഷം വീട്ടിൽ സർവ്വൈശ്യര്യവും ഉണ്ടാകണേ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കണമെന്ന് ആചാര്യന്മാർ നിർദ്ദേശിക്കുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഷഷ്ഠി ദേവി സ്തോത്രം കേൾക്കാം :
https://youtu.be/KxebKL54gpA?si=ZxYTOxQ8T4q4gKfB
ഡോ.രാജേഷ് പുല്ലാട്ടിൽ,
മൊബൈൽ: + 91 9895502025
Story Summary: Blessings of Chingam Masa Shashi Vritham
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.