കേരളത്തിലെ തന്നെ അപൂർവമായ ജലഘോഷയാത്രകളിൽ ഒന്നായ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേലയ്ക്ക് കൊടിയേറി. മീനമാസത്തിലെ അശ്വതി നാളിൽ വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗം എത്തുന്നു എന്നതാണ് ഈ ഉത്സവത്തിന്റെ ഐതിഹ്യം. പ്രകൃതിയും വിശ്വാസവും കൈകോർക്കുന്ന ഈ ദൃശ്യവിരുന്ന് നേരിട്ട് കാണാൻ മാർച്ച് 20 വെള്ളിയാഴ്ച രാത്രിയിൽ വടയാറിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തും.

ആറ്റുവേല ചാട്: നിർമ്മിതി
രണ്ട് വലിയ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിനു മുകളിലാണ് ‘ആറ്റുവേല ചാട്’ ഒരുക്കുന്നത്.
ഉയരം: 18 കോൽ ചുറ്റളവ്: 11 കോൽ ഘടന: തേക്കിൻ കഴകൾ കൊണ്ട് നിർമ്മിച്ച മൂന്ന് നിലകളുള്ള മനോഹരമായ ഗോപുരം.
ഉത്സവം മാർച്ച് 20, 21
മാർച്ച് 20: രാവിലെ 7-ന് ഇളങ്കാവ് ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം ആറ്റുവേലചാട് 2 കി.മീ അകലെയുള്ള ആറ്റുവേലക്കടവിലേക്ക് കൊണ്ടുപോകും. മാർച്ച് 21 (പുലർച്ചെ 2:30): ദീപാലങ്കൃതമായ ആറ്റുവേല ചാട് മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിലൂടെ സഞ്ചരിച്ചു ഇളങ്കാവ് ദേവി ക്ഷേത്ര സന്നിധിയിലേക്ക് വരും. അകമ്പടിയായി എത്തുന്ന ചാടിന് അകമ്പടിയായി തൂക്കച്ചാടുകളും ഉണ്ടാകും.
ഗരുഡൻ തൂക്കവും പീലിത്തൂക്കവും
പുലർച്ചെ 5 മണി: ആറ്റുവേല ചാട് ക്ഷേത്രതീരത്തെത്തുന്നതോടെ കൊടുങ്ങല്ലൂരമ്മയെ പള്ളിസ്രാമ്പിലേക്ക് ആനയിക്കും. തുടർന്ന് ഗരുഡൻ പറവകൾ പള്ളിസ്രാമ്പിന് പ്രദക്ഷിണം വെച്ച് പയറ്റ് അവസാനിപ്പിക്കും. തുടർന്ന്: ക്ഷേത്രമുറ്റത്ത് ഭക്തിസാന്ദ്രമായ പീലിത്തൂക്കം നടക്കും.
രാത്രി 11 മണി: വിവിധ ദേശങ്ങളിൽ നിന്നും കരമാർഗം എത്തുന്ന നിരവധി തൂക്കച്ചാടുകൾ ക്ഷേത്രമൈതാനിയിൽ നിരന്ന് താളമേളങ്ങൾക്കൊപ്പം ഗരുഡൻ പറവകൾ പയറ്റുന്നതോടെ ഉത്സവം സമാപിക്കും.

ചൊവ്വയും വെളളിയും വന്‍തിരക്ക്
നെയ് വിളക്കിലെ ദീപപ്രഭ പോലെ ദിവ്യമാണ് ഇളങ്കാവില്‍ ഭദ്രാഭഗവതിയുടെ കാരുണ്യവും വാത്സല്യവും ചൊരിയുന്ന തങ്കനിര്‍മ്മിത തിരുമുഖച്ചാര്‍ത്ത്. ശ്രീകോവിലിലെ വെള്ളി വെളിച്ചത്തില്‍ സ്‌നേഹസ്വരൂപിണിയായ ഇളങ്കാവിലമ്മയുടെ തിരുമുഖം ഭക്തിപൂര്‍വ്വം നിറകണ്ണുകളോടെ കണ്ട് അമ്മേ ശരണം ദേവീ ശരണം വിളികളോടെ കൈകൂപ്പി തൊഴുത് ഭക്തര്‍ നിര്‍വൃതിയടയുന്നു. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവതി എന്ന് വാഴ്ത്തുന്ന വടയാര്‍ ഇളങ്കാവിലമ്മയെ ദർശിക്കാൻ ചൊവ്വാഴ്ചയും വെളളിയാഴ്ചയും വന്‍തിരക്കാണ്.

കൊടുങ്ങല്ലൂര്‍ ദേവീ ചൈതന്യം
ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ചൈതന്യം ആവാഹിച്ച് പ്രതിഷ്ഠ നടത്തിയ 64 ഭദ്രകാളീക്ഷേത്രങ്ങളിൽ ഒന്നാണ് വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രം. ഭദ്രകാളിയുടെ ശ്രീകോവിലിന് സമീപം ഗണപതി, സപ്തമാതൃക്കള്‍ എന്നിവരുണ്ട്. മതില്‍ക്കെട്ടിന് അടുത്തായി നാഗരാജാവ്, നാഗയക്ഷി, ഘണ്ടാകര്‍ണ്ണന്‍, മതിലിന് പുറത്ത് കരിമ്പനയില്‍ യക്ഷി എന്നിവർ കുടി കൊള്ളുന്നു.
ALSO READ
വടക്കുംകൂറിന്റെ പരദേവത
വടക്കുംകൂര്‍ രാജാക്കന്മാരുടെ പരദേവതയായിരുന്ന ഇളങ്കാവില്‍ ഭദ്രകാളിക്ക് അപൂര്‍വ്വ തേജസ്സാണ്. രൗദ്രരൂപിണിയായ ഇളങ്കാവിലമ്മ വിജയം, വീര്യം, അഭയം, മംഗളം, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യുന്നു. ചുവന്ന പട്ടുടയാട , വലതുകാതില്‍ സിംഹത്തല, ഇടതുകാതില്‍ ആനത്തല, കുണ്ഡലങ്ങൾ, മെയ്യാഭരണങ്ങൾ എന്നിവയും ചുവന്ന തെച്ചിപ്പൂ മാലയും മുല്ലപ്പൂമാലയും അണിഞ്ഞ് അമ്മ തിളങ്ങുന്നു.
മഞ്ഞള്‍, കുങ്കുമം പ്രസാദം
മഞ്ഞള്‍, കുങ്കുമമാണ് പ്രസാദം; മാതൃവാത്സല്യത്തിന്റെ അമൃതപ്രസാദം. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സാന്നിദ്ധ്യമുളളതുകൊണ്ട് ക്ഷേത്രത്തില്‍ നിത്യവും പഞ്ചവര്‍ണ്ണപ്പൊടി കൊണ്ട് കളം വരയ്ക്കുന്നു. ദേവിയുടെ പ്രധാന വഴിപാട് : നെയ്യ്പായസം, കൈവട്ടക ഗുരുതി, നിറമാല, തെച്ചിപ്പൂമാല അറനാഴി പായസം, ശത്രുസംഹാര പുഷ്പാഞ്ജലി എന്നിവയാണ്.
ഐതിഹ്യം
കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ കടുത്ത ഭക്തനായ ഒരു രാജാവ് പണ്ട് വടക്കുംകൂർ രാജവംശത്തിന്റെ വടയാര്‍ പടിഞ്ഞാറെ കൊട്ടാരത്തില്‍ താമസിച്ചിരുന്നു. നാട്ടിൽ ഒരു ആലയം പണിത് കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആരാധിക്കുകയും ഭരണി, താലപ്പൊലി തുടങ്ങി ഉത്സവ നാളുകളില്‍ അവിടെപ്പോയി ദേവീദര്‍ശനം നടത്തി വഴിപാട് നടത്തുകയും അദ്ദേഹത്തിന്റെ പതിവായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയപ്പോൾ പ്രായാധിക്യത്താല്‍ ദീര്‍ഘദൂരയാത്ര അദ്ദേഹത്തിന് ബുദ്ധിമുട്ടായി. ഒരിക്കല്‍
അവസാന യാത്രയെന്നവണ്ണം ഈ ഭക്തന്‍ മനമുരുകി നിറകണ്ണുകളോടെ കൊടുങ്ങല്ലൂര്‍ ഭഗവതിയെ പ്രാര്‍ത്ഥിച്ചു തിരിച്ചു പോന്നു. ക്ഷീണിതനായി ഉറങ്ങാന്‍ കിടന്ന രാജാവിന് അന്നൊരു സ്വപ്നദര്‍ശനം ഉണ്ടായി; അല്ലയോ ഭക്തവത്സലാ ഇനി മുതല്‍ എന്നെ കാണാനായി ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ടാ; ഞാന്‍ മീനമാസത്തിലെ അശ്വതി നാളിൽ പുഴയുടെ പടിഞ്ഞാറ്, അക്കരെ വടക്ക് ഭാഗത്ത് എത്താം. അര്‍ദ്ധരാത്രിയില്‍ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി ദര്‍ശനം നടത്തിയാല്‍ മതി. തുടര്‍ന്ന് മീനമാസത്തിലെ അശ്വതിനാളിന് ഏഴുദിവസം മുന്‍പ് ഈ കടവില്‍ കൊടികയറി കൊടുങ്ങല്ലൂര്‍ ഭഗവതിയെ വരവേൽക്കാൻ ഉത്സവം തുടങ്ങി. കാലക്രമേണ അത് ആറ്റുവേലക്കടവായി മാറി.
മുടങ്ങാത്ത മൂന്നു കാര്യങ്ങള്‍
അശ്വതിനാളില്‍ പാലത്തടി വെട്ടി വഞ്ചിയില്‍ ക്ഷേത്രമാതൃക ഉണ്ടാക്കി അതില്‍ അര്‍ദ്ധരാത്രിയില്‍ പുഴയില്‍കൂടി അക്കരെ കടവില്‍ ചെല്ലുകയും, പൂജകള്‍ നടത്തി ഭഗവതിയുടെ ചൈതന്യത്തെ കണ്ണാടിബിംബത്തില്‍ ആവാഹിച്ച് വിളക്കും വാദ്യ മേളങ്ങളോടും കൂടി രാജാവ് ആചരിച്ചു കൊണ്ടിരുന്ന ആലയത്തില്‍ ഇരുത്തി പൂജിക്കുകയും വേണം എന്നാവശ്യപ്പെട്ടു. അന്നുമുതല്‍ അദ്ദേഹം കൊടുങ്ങല്ലൂര്‍ ഭഗവതിയെ ഇവിടെ ആചരിച്ചുപോന്നു. പിന്നീട് വടക്കുംകൂര്‍ രാജാവ് അവിടെ ക്ഷേത്രം പുതുക്കി പണിയുകയും പൂജാവിധി പ്രകാരം അനുഷ്ഠാന ചടങ്ങുകളോടെ പ്രതിഷ്ഠ നടത്തുകയും ചെയ്തു. പ്രതിഷ്ഠ നടത്തിയപ്പോള്‍ മൂന്ന് കാര്യങ്ങള്‍ ഒരിക്കലും മുടക്കം കൂടാതെ തുടര്‍ന്ന് നടത്തിക്കൊളളാം എന്ന് രാജാവ് പ്രതിജ്ഞയെടുത്തു – ആറ്റുവേല, ചെത്തിപ്പൂമാല, കളം എഴുത്തും പാട്ടും. ഈ മൂന്നു കാര്യങ്ങള്‍ മുടങ്ങിയാല്‍ ഭഗവതി കൊടുങ്ങല്ലൂര്‍ക്ക് പോകും എന്നാണ് സങ്കല്‍പ്പം.
സദാനന്ദന്‍.എസ്, വൈക്കം,
മൊബൈൽ: + 91 9744727929
Highlights
പ്രകൃതിയും വിശ്വാസവും കൈകോർക്കുന്ന
ദൃശ്യവിരുന്ന് ഇളങ്കാവിലമ്മയുടെ ആറ്റുവേല
ഇളങ്കാവിലമ്മയെ ദർശിക്കാൻ ചൊവ്വാഴ്ചയും വെളളിയാഴ്ചയും വന്‍തിരക്ക്
ആറ്റുവേല, ചെത്തിപ്പൂമാല, കളമെഴുത്തും പാട്ടും
മുടങ്ങിയാല്‍ ദേവി തിരിച്ചു പോകും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.