ആശ്രിതരെ ഒരിക്കലും കൈവെടിയാത്ത ഗണേശ ഭാവമായ ബാലവിനായകനെ ഉപാസിക്കുന്നതിന് ഉത്തമ ദിവസമാണ് മീനപ്പൂരം. ചിങ്ങത്തിലെ വിനായക ചതുർത്ഥി പോലെ ഗണേശപൂജയ്ക്ക് ശ്രേഷ്ഠമായ ഈ ദിവസം പൂരം ഗണപതിയെന്ന് അറിയപ്പെടുന്നു. ഭഗവാനെ ബാല ഗണപതി ഭാവത്തിൽ ആരാധിക്കുന്ന ഈ വിശേഷദിവസം 2026 മാർച്ച് 31 ചൊവ്വാഴ്ചയാണ്. ഈ ദിവസം ഉണ്ണി ഗണപതിക്ക് പൂജയും വഴിപാടും നടത്തുന്നത് തടസങ്ങൾ അകറ്റി അഷ്‌ടൈശ്വര്യങ്ങളും നൽകും.
കൊട്ടാരക്കരയിൽ ബാലഗണപതി
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഭഗവാൻ ബാലഗണപതി ഭാവത്തിലാണ് കുടികൊള്ളുന്നത്. തെക്കോട്ട് ദർശനം. സ്വർണ്ണവർണ്ണം. രണ്ടുകൊമ്പുകൾ. നാല് തൃക്കൈകൾ. വിഗ്രഹത്തിന്റെ കഴുത്തിൽ രണ്ടു മടക്കിലുള്ള സ്വർണ്ണ രുദ്രാക്ഷമാല. തിരുനെറ്റിയിൽ സ്വർണ്ണപ്പതക്കം – ഇതാണ് കൊട്ടാരക്കരയിലെ ബാലഗണപതിയുടെ രൂപം. കൊട്ടാരക്കര ഗണപതിയെ വിളിച്ചു പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങളില്ല എന്നാണ് വിശ്വാസം. രോഗങ്ങൾ മാറിയവരും പരീക്ഷയിൽ വിജയം നേടിയവരും ഉൾപ്പെടെ കൊട്ടാരക്കര ഗണപതി ഭഗവാന്റെ അനുഗ്രഹം ലഭിച്ച എത്രയോ ആയിരങ്ങൾ വീണ്ടും വീണ്ടും ഈ ക്ഷേത്രത്തിലെത്തുന്നു.
ചെങ്കണപതി ഹോമം വിശേഷം
പൂരം ഗണപതി നാളിൽ ചെങ്കണപതി ഹോമം വഴിപാട് നടത്തുന്നത് നല്ലതാണ്. വീട്ടിലും ചെങ്കണപതി ഹോമം ലളിതമായി ചെയ്യാം. രാവിലെ കുളിച്ച് ശുദ്ധമായി അടുപ്പു കത്തിച്ച്, അതില്‍ തേങ്ങാപ്പൂളും ശര്‍ക്കരയും അല്പം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുകയാണ് വേണ്ടത്. ചകിരിത്തൊണ്ടില്‍ തീ കത്തിച്ചു ചെങ്കണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോള്‍ ഗണേശന്റെ മൂലമന്ത്രമായ ഓം ഗം ഗണപതയേ നമഃ കഴിയുന്നത്ര തവണ ജപിക്കണം. വ്യക്തിയും കുടുംബവും നേരിടുന്ന വിഘ്‌നങ്ങളെല്ലാം ഇതിലൂടെ അകറ്റാം. ഗൃഹത്തിൽ ഐശ്വര്യവും സമൃദ്ധിയും വന്നു കയറുകയും ചെയ്യും.
സിദ്ധിയുടെ, ബുദ്ധിയുടെ ഇരിപ്പിടം
എതൊരു കാര്യം തുടങ്ങുമ്പോഴും ഏതു പുണ്യകര്‍മ്മം ആരംഭിക്കുമ്പോഴും ഗണപതി ഭഗവാനെയാണ് ആദ്യം വന്ദിക്കുന്നത്. ഏതു പ്രവൃത്തിയുടെയും ആരംഭത്തിന് മുന്‍പും ഗണപതി ഭഗവാനെ വന്ദിച്ചാല്‍ വിഘ്നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും എന്നാണ് പരമ്പരാഗത വിശ്വാസം. അതിനാലാണ് ഭഗവാന് വിഘ്നേശ്വരന്‍ എന്ന പേര് സിദ്ധിച്ചത്. ശിവഭഗവാന്റെയും പാര്‍വതിയുടെയും പ്രഥമ പുത്രനാണ് ഗണനാഥനായ ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമാണ് ഭഗവാൻ.
സങ്കടങ്ങൾ നശിപ്പിക്കുന്ന സ്തോത്രം
പൂരം ഗണപതി ദിനത്തില്‍ ശ്രീഗണേശദ്വാദശ മന്ത്രമോ ശ്രീഗണേശ ദ്വാദശനാമ സ്‌തോത്രമോ ജപിക്കുന്നത് ഉത്തമമാണ്. സങ്കഷ്ട നാശന ഗണേശ സ്തോത്രം എന്ന് അറിയപ്പെടുന്ന ഈ മന്ത്രം ജപിച്ചാല്‍ ഇഷ്ടകാര്യലബ്ധി, വിഘ്‌നനിവാരണം, പാപമോചനം എന്നിവയാണു ഫലം. ശ്രീ സങ്കഷ്ട നാശന ഗണേശ സ്തോത്രം: ആലാപനം, മണക്കാട് ഗോപൻ
ശ്രീ ഗണേശ ദ്വാദശ മന്ത്രം
ഓം വക്രതുണ്ഡായ നമഃ
ഓം ഏകദന്തായ നമഃ
ഓം കൃഷ്ണ പിംഗാക്ഷായ നമഃ
ഓം ഗജവക്ത്രായ നമഃ
ഓം ലംബോദരായ നമഃ
ഓം വികടായ നമഃ
ഓം വിഘ്ന രാജായ നമഃ
ഓം ധ്രൂമ്ര വർണ്ണായ നമഃ
ഓം ഫാലചന്ദ്രായ നമഃ
ഓം വിനായകായ നമഃ
ALSO READ
ശ്രീ ഗണേശ ദ്വാദശനാമ സ്‌തോത്രം
പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം
വിനായകം ഭക്താവാസം സ്മരേന്നിത്യം
ആയു: കാമാർത്ഥ സിദ്ധയേ
പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർത്ഥകം ലംബോധരം പഞ്ചമം ച ഷഷ്ഠം വികടമേവ ച സപ്തമം വിഘ്‌നരാജം ച ധൂമ്രവർണ്ണം തഥാഷ്ടമം നവമം ഫാലചന്ദ്രം ച ദശമം തു വിനായകം ഏകാദശം ഗണപതീം ദ്വാദശം തു ഗജാനനം
(വക്രതുണ്ഡൻ, ഏകദന്തൻ, കൃഷ്ണപിംഗാക്ഷൻ,
ഗജവക്ത്രൻ, ലംബോധരൻ, വികടൻ, വിഘ്‌നരാജൻ, ധൂമ്രവർണ്ണൻ, ഫാലചന്ദ്രൻ, വിനായകൻ, ഗണപതി, ഗജാനൻ എന്നീ പന്ത്രണ്ട് നാമങ്ങൾ മൂന്ന് സന്ധ്യകളിലും ജപിക്കുന്നവർക്ക് വിഘ്നഭയമുണ്ടാകില്ല. എല്ലാ സിദ്ധികളും ലഭിക്കും. വിദ്യാർത്ഥിക്ക് വിദ്യ, ധനാർത്ഥിക്ക് ധനം, പുത്രാർത്ഥിക്ക് പുത്രൻ, മോക്ഷാർത്ഥിക്ക് മോക്ഷവും ലഭിക്കും. ആറുമാസം ജപിച്ചാൽ ഫലവും ഒരു വർഷം കൊണ്ട് സിദ്ധിയും ലഭിക്കും)
ജോതിഷി പ്രഭാ സീന സി പി
(മൊബൈൽ: 91 9961 442256, 989511 2028
ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ,
Email : prabhaseenacp@gmail.com)
Story Summary: Pooram Ganapati observation for For Removing Obstacles by Lord Bala Ganesha Blessings
Highlights
മീനപ്പൂരത്തിന് ഉണ്ണി ഗണപതിക്ക് വഴിപാടും നടത്തുന്നത് അഷ്‌ടൈശ്വര്യങ്ങൾ നൽകും
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഭഗവാൻ ബാലഗണപതി ഭാവത്തിൽ കുടികൊള്ളുന്നു
പൂരം ഗണപതിക്ക് ഗണേശദ്വാദശ സ്തോത്രം
ജപിച്ചാൽ സങ്കടങ്ങൾ തീരും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.