സൂര്യന്റെ രാശി മാറ്റമാണ് സംക്രമം. സൂര്യൻ ഒരു രാശിയിൽ നിന്നും അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണ് സംക്രമകാലം. എല്ലാ മലയാള മാസങ്ങളുടെയും അടിസ്ഥാനം സംക്രമമാണ്. സംക്രാന്തി എന്നും ഇത് അറിയപ്പെടുന്നു. മേടം, കർക്കടകം, മകരം, തുലാം എന്നീ സംക്രാന്തികൾക്ക് ഏറെ പ്രാധാന്യമുണ്ട്. സൂര്യസംക്രമം പകലാണെങ്കിൽ ആ ദിവസവും, രാത്രിയാണെങ്കിൽ അടുത്ത ദിവസവും സംക്രമ ദിനമായി ആചരിക്കുന്നു.
മേട സംക്രമം
മേടമാസത്തിലെ സംക്രമമാണ് വിഷു. ഇത്തവണത്തെ മേട സംക്രമം ഏപ്രിൽ 14 ചൊവ്വാഴ്ച രാവിലെ 9:32 മണിക്കായതിനാൽ വിഷുക്കണി കാണേണ്ടത് പിറ്റേദിവസം അതായത് ഏപ്രിൽ 15 ബുധനാഴ്ച പുലർച്ചെയാണ് . ഏപ്രിൽ 14 രാവിലെ 9:32 മണിക്ക് ചതയം നക്ഷത്രം മൂന്നാം പാദം കുംഭക്കൂറിൽ മേടരവി സംക്രമം. ഈ സമയത്ത് വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും സന്തോഷവും സമാധാനവും നൽകും.
വിഷുക്കണി
2026 ഏപ്രിൽ മാസം 15 ബുധനാഴ്ച പുലർച്ചെ 3.30 നും 4 18 നും മധ്യേ കുംഭം രാശിയിൽ കണി ഒരുക്കുവാനും 4.25 നു ശേഷം 4.40 നുള്ളിൽ കണികാണുവാനും ശുഭസമയമാണ്. തുടർന്ന് വിഷുക്കൈനീട്ടം വാങ്ങുകയും കൊടുക്കുകയും ചെയ്യാം. പിന്നീട് ക്ഷേത്രദർശനം നടത്തി വഴിപാടുകൾ കഴിച്ചു പ്രാർത്ഥിക്കണം. ശ്രീ കൃഷ്ണ ക്ഷേത്ര ദർശനം, വെണ്ണ സമർപ്പണം, രാജഗോപാല അർച്ചന, ഭാഗ്യ സൂക്താർച്ചന എന്നിവ വളരെ ഗുണകരമാണ്
ഗ്രഹപ്പിഴകൾ മാറ്റാം
മേട സംക്രമം നടക്കുന്ന ഏപ്രിൽ 14 ചൊവ്വാഴ്ച സംക്രമ സമയത്ത് അവരവരുടെ ഭവനങ്ങളിൽ ദീപം തെളിയിച്ച് നാമജപം നടത്തുന്നത് ഗ്രഹപ്പിഴ കാലങ്ങളിൽ ഏറെ ശ്രേയസ്കരമാണ്. തുടർന്നുവരുന്ന ഒരു മാസം ഐശ്വര്യപൂർണ്ണമാകാൻ ഈ ആചരണം കൊണ്ട് സാധ്യമാണെന്ന് ആചാര്യന്മാർ നിർദ്ദേശിക്കുന്നു. സൂര്യസംക്രമത്തിന് മുമ്പും പിമ്പുമുള്ള 16 നാഴികയാണ് (ഒരു നാഴിക 24 മിനിറ്റ്) സംക്രമ പുണ്യകാലമായി കണക്കാക്കുന്നത്. ഈ സമയത്തെ ബിംബ സംക്രാന്തി എന്നും പറയുന്നു.
ദാനം, നാമജപം ഉത്തമം
സംക്രാന്തി സമയം ശുഭകർമ്മങ്ങൾക്ക് നിഷിദ്ധമാണ്. സാധ്യമാകും വിധം പിതൃശ്രാദ്ധാദികൾ, ദേവപൂജ, ദേവദർശനം, തീർത്ഥസ്നാനം, ദാനം, നാമജപം എന്നിവ ഈ സമയത്ത് നടത്തുന്നത് ഗ്രഹപ്പിഴ കാലങ്ങളിൽ ഏറെ ഗുണകരമാണ്. ഇടവം, കർക്കടകം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളിലെ സംക്രാന്തിയുടെ ആദ്യം പുണ്യകാലവും, വിഷു സംക്രമ മധ്യം പുണ്യകാലവും, മിഥുനം കന്നി ധനു മീനം മകരം എന്നീ മാസങ്ങളിലെ സംക്രാന്തിയുടെ അന്ത്യം പുണ്യകാലവുമാണ്.
അച്യുതാഷ്ടകം ജപിക്കാം
ആദിശങ്കരാചാര്യരുടെ അതിമനോഹരമായ രചനകളിലൊന്നായാണ് അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം …. എന്ന് തുടങ്ങുന്ന അച്യുതാഷ്ടകം വിഷു സംക്രമവേളയിൽ ജപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നത് പുണ്യകരമായി കരുതുന്നു. മഹാവിഷ്ണുവിനെയും അവതാരങ്ങളായ കൃഷ്ണനെയും രാമനെയും ഭജിക്കുന്നതിലൂടെ ഈ പ്രപഞ്ചസൃഷ്ടാവിനെ തന്നെയാണ് ആരാധിക്കുന്നത്. സർവവ്യാപിയായ, സർവശക്തനായ, സർവരക്ഷകനായ മഹാവിഷ്ണുവിനെ അച്യുതാഷ്ടകം ചൊല്ലി ആരാധിച്ചാൽ നമ്മുടെ ബോധത്തെ പരമാത്മാവിന്റെ തലത്തിലേക്ക് ഉയർത്താൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അച്യുതാഷ്ടകം ജപിക്കുന്നവർ ജീവിതത്തിൽ വഴി തെറ്റിപ്പോകില്ല. അവർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും സ്വാധീനിക്കാനാകും. അവരുടെ എല്ലാ മോഹങ്ങളും സാക്ഷാത്കരിക്കും. അവസാനം മോക്ഷവും ലഭിക്കും. അച്യുതാഷ്ടകം നിത്യവുംജപിക്കുന്നത് നല്ലതാണ്. വിശേഷാൽ ഭജിക്കാൻ മേടവിഷുവും ചിങ്ങമാസത്തിലെ അഷ്ടമിയും ദീപാവലിയും ധനുവിലെ ആദ്യ ബുധനാഴ്ച വരുന്ന കുചേലദിനവും ബുധനാഴ്ചകളും വ്യാഴാഴ്ചകളും രോഹിണി, തിരുവോണം നക്ഷത്രവും അത്യുത്തമമാണ്. ഇത്തവണ വിഷു അവതാര വിഷ്‌ണു പ്രധാനമായ ബുധനാഴ്ച വരുന്നത് ഉത്കൃഷ്ടമായി കരുതുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം കേൾക്കാം:
ALSO READ
ജോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email: prabhaseenacp@gmail.com)
Story Summary: Significance of Meda Vishu Sankranti
Highlights
മേടരവി സംക്രമസമയത്ത് വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നത് ഗ്രഹപ്പിഴ മാറ്റും
ഏപ്രിൽ 15 ബുധനാഴ്ച പുലർച്ചെ 4.25 കഴിഞ്ഞ് 4.40 നുള്ളിൽ കണികാണാൻ ശുഭസമയം
സംക്രമസമയം ശുഭകർമ്മങ്ങൾക്ക് നിഷിദ്ധം; സാധ്യമാകും വിധം ദാനം ചെയ്യാം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.