ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ഭഗവതിയെ ഉപാസിച്ച് ധനസംബന്ധമായ ക്ലേശങ്ങൾ അകറ്റാൻ പല മാർഗ്ഗങ്ങൾ പ്രചാർത്തിലുണ്ട്. ദേവീ പ്രധാനമായ വെള്ളിയാഴ്ചകളാണ് മഹാലക്ഷ്മി ഭജനത്തിന് ശ്രേഷ്ഠം. അതുപോലെ തന്നെ പ്രധാനമാണ് പൗർണ്ണമി, തൃക്കാർത്തിക തുടങ്ങിയ ദിവസങ്ങൾ. ഈ ദിവസങ്ങളിൽ മഹാലക്ഷ്മിയുടെ ബീജമന്ത്രം ഓം ശ്രീം നമഃ , അഷ്ടോത്തരം, ദ്വാദശനാമങ്ങൾ എന്നിവ ഭക്തിപൂർവം ഉരുവിട്ട് ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിച്ചാൽ സാമ്പത്തികമായ ദുരിതങ്ങളെല്ലാം ഒഴിയുകയും കഷ്‌ടപ്പാടുകളും അലച്ചിലുകളും മാറുകയും ചെയ്യും. അതുപോലെ അത്ഭുത ശക്തിയുള്ളതാണ് ഓം ശ്രീം നമഃ എന്ന ബീജമന്ത്രം. ഈ മന്ത്രം നിത്യവും 84 വീതം രാവിലെയും വൈകിട്ടും ചൊല്ലുന്നതും ധന ക്ലേശം മാറാൻ സഹായിക്കും.
പാലാഴിമഥനത്തിൽ പാൽക്കടലിൽ നിന്നും സർവ്വാലങ്കാര വിഭൂഷിതയായി വരണമാല്യവുമായി ലക്ഷ്മിദേവി ഉയർന്നു വന്ന ദിവസമായതു കൊണ്ടാണ് കാർത്തിക നക്ഷത്രം ദേവിക്ക് പ്രധാനമായത്. വെള്ളിയാഴ്ചയുടെ അധിപതിയായ ശുക്രന്റെ ദേവതയായതിനാലാണ് ലക്ഷ്‌മി ദേവിക്ക് ഈ ദിവസം വിശേഷമായത്. പൗർണ്ണമി ദേവീ പൂജയ്ക്ക് പരമ പ്രധാനമായ ഒന്നാണ്.
മഹാലക്ഷ്മിയെ 12 നാമങ്ങളാൽ സ്‌തുതിക്കുന്നതാണ് ദ്വാദശ നാമാവലിയും ദ്വാദശ നാമ സ്തോത്രവും. ആദ്യം ദ്വാദശ നാമങ്ങൾ പറയാം.
ഓം ഈശ്വര്യൈ നമഃ
ഓം കമലായൈ നമഃ
ഓം ലക്ഷ്മ്യൈ നമഃ
ഓം ചലായൈ നമഃ
ഓം ഭൂതിയൈ നമഃ
ഓം ഹരിപ്രിയായൈ നമഃ
ഓം പദ്മായൈ നമഃ
ഓം പദ്മാലയായൈ നമഃ
ഓം സമ്പദായൈ നമഃ
ഓം രമായൈ നമഃ
ഓം ശ്രീയൈ നമഃ
ഓം പദ്മധാരിണ്യൈ നമഃ
മഹാവിഷ്ണുവിൻ്റെ പത്നി, താമരയിൽ വസിക്കുന്നവൾ, ഐശ്വര്യത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും ദേവി, ഒരിടത്തും സ്ഥിരമായി നിൽക്കാത്തവൾ, സൗഭാഗ്യവും സന്തോഷവും നൽകുന്നവൾ, ശ്രീഹരിക്ക് പ്രിയപ്പെട്ടവൾ, താമരയിൽ നിന്ന് ഉദിച്ചവൾ, താമര വാസസ്ഥലമായി ഉള്ളവൾ, സമ്പത്ത് നൽകുന്നവൾ, മനോഹരിയായവൾ, മംഗളസ്വരൂപിണി, കൈകളിൽ താമരയേന്തിയവൾ എന്നിങ്ങനെയാണ് യഥാക്രമം ഒരോ നാമത്തിൻ്റെയും അർത്ഥം. ഈ പന്ത്രണ്ട് നാമങ്ങൾ കോർത്ത് ഒരുക്കിയ ഒന്നാണ് ലക്ഷ്മി ദ്വാദശനാമ സ്തോത്രം.
ലക്ഷ്മീ ദ്വാദശനാമ സ്തോത്രം
ഈശ്വരീ കമലാ ലക്ഷ്മീശ്ചലാ
ഭൂതിർഹരിപ്രിയ പദ്മാ പദ്മാലയാ
സമ്പദ് രമാ ശ്രീ: പദ്മധാരിണീ
ദ്വാദശൈതാനി നാമാനി ലക്ഷ്മീം
സമ്പൂജ്യ യ: പഠേത് സ്ഥിരാ
ലക്ഷ്മീർഭവേത്തസ്യ പുത്രദാരാദിഭിസ്സഹ
ALSO READ
മഹാലക്ഷ്മിയെ ഭജിച്ച് ഈ പന്ത്രണ്ട് നാമങ്ങൾ ആര് ജപിക്കുന്നുവോ, അവരുടെ ഭവനത്തിൽ ലക്ഷ്മിദേവി സ്ഥിരമായി വസിക്കും. പുത്രകളത്രാദികളോടൊപ്പം (കുടുംബത്തോടൊപ്പം) സകല ഐശ്വര്യങ്ങളും അവർക്ക് വന്നുചേരും. ഈ സ്തോത്രം നിത്യവും, പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ രാവിലെയും വൈകുന്നേരവും ചൊല്ലുന്നത് ഉത്തമമാണ്. ഇത് ഭക്തിയോടെ ജപിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും കുടുംബത്തിൽ സമാധാനം ഉണ്ടാകാനും സഹായിക്കും.
പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച മഹാലക്ഷ്മി അഷ്ടോത്തരം കേൾക്കാം:
Story Summary: 12 Powerful Names of Maha Lakshmi
Highlights
മഹാലക്ഷ്മി ദ്വാദശ നാമം ജപിക്കുന്നവരുടെ
വീട്ടിൽ ദേവി സ്ഥിരമായി വസിക്കും
ലക്ഷ്മി ബീജമന്ത്രം ജപം ധന ക്ലേശം
മാറാൻ സഹായിക്കും
കഷ്‌ടപ്പാടുകളും അലച്ചിലുകളും മാറ്റാനും
മഹാലക്ഷ്മി ഉപാസന ശ്രേഷ്ഠം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.