Wednesday, April 22, 2026
Wednesday, April 22, 2026
Home » മേടപ്പത്തിന് സൂര്യനെ ഭജിച്ചാൽ അഭീഷ്ടസിദ്ധി, തൊഴിൽ വിജയം

മേടപ്പത്തിന് സൂര്യനെ ഭജിച്ചാൽ അഭീഷ്ടസിദ്ധി, തൊഴിൽ വിജയം

by NeramAdmin
0 comments

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
മേടപ്പത്തിന് സൂര്യ ഭഗവാനെ സ്മരിച്ചാൽ കിട്ടുന്ന ഗുണഫലങ്ങൾ നിരവധിയാണ്. സൂര്യൻ തൻ്റെ ഉച്ചക്ഷേത്രമായ മേടം രാശിയിൽ നിൽക്കുന്നതിനാൽ സൂര്യഭജനം തുടങ്ങുന്നതിനും, അന്നേ ദിവസം സൂര്യഭജനം നടത്തുന്നതും ശ്രേയസ്ക്കരമാണ്. ജ്യോതിഷവും വാസ്തുവിദ്യയുമെല്ലാം സൂര്യനെ അടിസ്ഥാനമാക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജകളും അങ്ങനെ തന്നെ. വാസ്തു പുരുഷൻ ഉണർന്നിരിക്കുന്ന എട്ട് ദിവസങ്ങളിലൊന്നു കൂടിയാണ് പത്താമുദയം.

വ്രതാചരണം ഉത്തമം
ഏറെ ഐശ്വര്യം നിറഞ്ഞതും പുണ്യദായകവുമായ അക്ഷയവുമായ ദിനമാണ് പത്താമുദയം. വിഷുപ്പുലരിയുടെ പത്താം ദിവസമാണ് ഇത്. വിഷു മുതൽ പത്താമുദയം വരെയുള്ള നാളുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് കരുതപ്പെടുന്നു. സമൃദ്ധിയും സമ്പത്തും നിറയ്ക്കുന്ന, ഏത് പ്രാർത്ഥനയ്ക്കും ഏറെ ഫലം ലഭിക്കുന്നതായ നാളുകളായാണ് ഇതിനെ കണക്കാക്കുന്നത്. ഈ നാളുകളിൽ, പ്രത്യേകിച്ച് പത്താമുദയത്തിന് മത്സ്യമാംസാദികൾ ഉപേക്ഷിക്കുകയും വ്രതാചരണത്തോടെയുള്ള ജീവിതരീതിയിൽ നീങ്ങുകയും ചെയ്യുന്നത് ഉത്തമമാണ്.

കുബേരന്റെ അവതാരദിനം
പത്താമുദയത്തിനുള്ള പ്രാധാന്യത്തിന് വിവിധ കാരണങ്ങൾ പറയുന്നു. രാവണ വധത്തിന് ശേഷം എല്ലായിടത്തും ശാന്തിയും സമാധാനവും നിറഞ്ഞ് സ്വസ്ഥത ലഭിച്ചതിന്റെ ഓർമ്മയ്ക്ക് ആണെന്ന് ഒരു കഥയുണ്ട്. സമ്പൽസമൃദ്ധിയുടെ പ്രതീകമായി നാം കണക്കാക്കുന്ന കുബേരന്റെ അവതാര ദിനമായും കഥകളുണ്ട്

മംഗളകർമ്മങ്ങൾക്കുത്തമം
പുതിയതായി എന്ത് മംഗള കർമ്മം ചെയ്യാനും ഈ ദിനം അനുയോജ്യമാണ്. പുതിയ സംരംഭങ്ങൾ, ഗൃഹപ്രവേശം തുടങ്ങിയവയ്ക്കും ഉത്തമമായി കണക്കാക്കുന്നു. കർമ്മം ചെയ്യുന്നതിന് മുൻപ് സൂര്യഭഗവാനെ ഒന്ന് സ്മരിച്ച ശേഷം ആരംഭിച്ചാൽ അതിൽ പൂർണ്ണ വിജയം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

പൂർണ്ണ ഫലസിദ്ധി
നാഗപൂജകൾക്കും വിഷു മുതലുള്ള പത്ത് നാളുകളും പത്താമുദയ ദിവസവും പ്രാധാന്യമാണ്. അന്ന് ഏത് ദേവിദേവന്മാരെ ഭജിച്ചാലും അതിന് പൂർണ്ണമായ ഫലസിദ്ധി പറയപ്പെടുന്നു. വ്രതവും, പൂജകളും, ജപങ്ങളുമായി ഈ ദിനം ചിലവഴിക്കുന്നത് വിജയം നേടാനും ശ്രേയസ്കരവും ആണെന്നാണ് പണ്ഡിതമതം. വിഷു കഴിഞ്ഞ് പത്താമുദയം വരെയുള്ള നാളുകളിൽ രാവിലെയോ വൈകുന്നേരമോ അല്ലെങ്കിൽ രണ്ടു നേരം ചേർത്തോ സഹസ്രാവർത്തി ഗായത്രി മന്ത്രം ചൊല്ലുന്നതും, പ്രണവ മന്ത്രം, അഷ്ടാക്ഷര മന്ത്രം, പഞ്ചാക്ഷര മന്ത്രം, ആദിത്യ മന്ത്രം എന്നിവയും ഏത് ഇഷ്ടദേവതാ മന്ത്രം ജപിക്കുന്നതും ഉത്തമം തന്നെ

അരയാൽ പ്രദക്ഷിണം
രാവിലെ കുളിച്ച് ഈറനോടെ അരയാലിനെ പ്രദക്ഷിണം വെയ്ക്കുന്നത് വിശേഷമാണ്. 21 തവണ പ്രദക്ഷിണം വച്ചാൽ പാപശാന്തി ലഭിക്കും. മാർഗ്ഗ തടസ്സങ്ങൾ മാറാൻ 18 തവണ, കാര്യസാധ്യവും കർമ്മ വിജയവുമാണ് ഉദ്ദേശ്യമെങ്കിൽ 36 തവണ പ്രദക്ഷിണവുമാണ് ആചാര്യന്മാർ വിധിച്ചിട്ടുള്ളത്.

ALSO READ

മന്ത്രജപം
ആദിത്യഹൃദയം, സൂര്യഗായത്രി, സൂര്യ ധ്യാനം, ആദിത്യ അഷ്ടോത്തരം, സൂര്യ സഹസ്രനാമം മുതലായ വിശേഷ മന്ത്രങ്ങൾ ജപിക്കുന്നതിന് ഈ ദിവസം വളരെ ശ്രേഷ്ഠമാണ്. ഒറ്റയപ്പം സൂര്യഭഗവാന് സമർപ്പിക്കുന്ന രീതിയിൽ അപ്പത്താലം വഴിപാടായി ചെയ്യുന്നതും ചില ദിക്കുകളിൽ പതിവുണ്ട്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച സൂര്യഗായത്രി, സൂര്യ ധ്യാനം, ആദിത്യ
അഷ്ടോത്തരം എന്നിവ കേൾക്കാം:

സംശയ നിവാരണത്തിന്
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി,
മൊബൈൽ + 91 94473849859447384985

Story Summary: Importance of Pathamudayam

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?