മഹാവിഷ്ണുവിനെ ത്രിവിക്രമനായി സങ്കല്പിച്ച് പൂജിക്കുന്ന മേടം / ഇടവം
മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ അപരാ ഏകാദശി 2026 മേയ് 13 ബുധനാഴ്ചയാണ്. ജ്യേഷ്ഠ മാസത്തിലെ ഈ ഏകാദശി അനുഷ്ഠിച്ചാൽ ധനവും കീർത്തിയും പാപമോചനവും ലഭിക്കും.
ആരാണ് ത്രിവിക്രമൻ
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന്റെ വിശ്വരൂപത്തെയാണ് ത്രിവിക്രമൻ എന്ന് വിളിക്കുന്നത്. മൂന്ന് ചുവടുകൾ കൊണ്ട് ഈരേഴു പതിനാല് ലോകങ്ങളും അളന്നെടുത്തവൻ എന്നാണ് ഈ പേരിന്റെ അർത്ഥം. അസുര ചക്രവർത്തിയായ മഹാബലിയിൽ നിന്നും സ്വർഗ്ഗരാജ്യം പിടിച്ചെടുത്ത് ദേവന്മാക്ക് നൽകാനുമാണ് വിഷ്ണു വാമനനായി അവതരിച്ചത്. ബലിയിൽ നിന്ന് ഭിക്ഷയായി ലഭിച്ച മൂന്നടി മണ്ണ് അളക്കാൻ വിഷ്ണു ത്രിവിക്രമ രൂപം പൂണ്ടു. ആദ്യത്തെ ചുവട് കൊണ്ട് ഭൂമി മുഴുവൻ അളന്നു. രണ്ടാമത്തെ ചുവട് കൊണ്ട് ആകാശവും സ്വർഗ്ഗവും അളന്നു. മൂന്നാമത്തെ ചുവട് വയ്ക്കാൻ ഇടമില്ലാതെ വന്നപ്പോൾ ബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. ഭഗവാൻ ബലിയുടെ തലയിൽ ചവിട്ടി അദ്ദേഹത്തെ സുതലത്തിലേക്ക് അയച്ചു. ത്രിവിക്രമന്റെ ഈ മൂന്ന് ചുവടുകൾ ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെയും അതിജീവിച്ച് പരമമായ മോക്ഷം നൽകുന്നതിനെ സൂചിപ്പിക്കുന്നു.

ഇപ്പോൾ തന്നെ ഓർഡർ ചെയ്യാൻ സന്ദർശിക്കുക: https://okalasha.com/
പാപം തീർന്നാൽ ഐശ്വര്യം
ഈ ഏകാദശിക്ക് അചലാ ഏകാദശി എന്നും പേരുണ്ട്. ഈ ഏകാദശിക്ക് അനുഷ്ഠിച്ചാൽ മഹാപാപങ്ങൾ പോലും അകലും എന്നാണ് വിശ്വാസം. പാപങ്ങളാണ് എപ്പോഴും ദുരിതങ്ങളും തടസ്സങ്ങളുമായി കലാശിക്കുന്നത്. പാപം തീർന്നാൽ തടസങ്ങൾ അകന്ന് ഐശ്വര്യവും ആഗ്രഹസാഫല്യവും ഉണ്ടാകും. ഇഹത്തിലും പരത്തിലും എല്ലാ സൗഭാഗ്യവും സമ്മാനിക്കുന്ന വ്രതമാണ് ഏകാദശി.
പരിധിയില്ലാതെ ലഭിക്കും
അപര എന്നാൽ അപാരമായ, പരിധിയില്ലാത്ത, വളരെ അധികം എന്നെല്ലാം അർത്ഥമുണ്ട്. അതുകൊണ്ട് ഈ ഏകാദശി അനുഷ്ഠിക്കുന്നവരെ വിഷ്ണുഭഗവാൻ അപാരമായ ധനവും, കീർത്തിയും, പുണ്യവും നൽകി അനുഗ്രഹിക്കുന്നു. കൊടുംപാപങ്ങളിൽ നിന്നു പോലും മോചിപ്പിക്കുന്നു. ഈ വ്രതം നോറ്റാൽ സന്താനങ്ങൾ ഇല്ലാത്തവർക്ക് പുത്രനെയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കും. എങ്ങനെയാണോ സൂര്യൻ അന്ധകാരത്തെ നശിപ്പിച്ച് വെളിച്ചം പ്രദാനം ചെയ്യുന്നത് അതുപോലെ അപര ഏകാദശി നോൽക്കുന്ന ഭക്തരുടെ പാപങ്ങൾ തീരും.
മന്ത്രങ്ങൾ ജപിക്കണം
ഈ വ്രതമെടുക്കാനാകാത്തവർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി മൂലമന്ത്രമായ ഓം നമോ നാരായണായ അത്ഭുത ശക്തിയുള്ള നാമത്രയ മന്ത്രം ഓം അച്യുതായ നമഃ , ഓം അനന്തായ നമഃ, ഓം ഗോവിന്ദായ നമഃ എന്നിവ കഴിയുന്നത്ര ജപിക്കണം. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം ജപിക്കുന്നതും നല്ലതാണ്. വിശിഷ്ടമായ വസ്തുക്കൾ, ദ്രവ്യങ്ങൾ എന്നിവ ദാനം ചെയ്താൽ ലഭിക്കുന്ന പുണ്യത്തിന് സമം ഫലം അപര ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് ലഭിക്കുന്നു. അപര ഏകാദശി ഭദ്രകാളി ജയന്തിയായും ആചരിക്കുന്നുണ്ട്.
ഹരിവാസര പുണ്യകാലം
മേയ് 12 ചൊവ്വാഴ്ച ദശമിനാളിൽ ഒരിക്കലോടെ ഈ ഏകാദശിക്ക് വ്രതം തുടങ്ങണം. ഏകാദശി വ്രതത്തിലെ സുപ്രധാന സമയമാണ് ഹരിവാസരം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും (ആറു മണിക്കൂർ) തൊട്ടു പിന്നാലെ വരുന്ന ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ചേർന്നുള്ള
12 മണിക്കൂർ സമയമാണ് ഹരിവാസരം. മേയ് 13 രാവിലെ 7 മണി 44 മിനിട്ടിനും വൈകിട്ട് 6 മണി 52 മിനിട്ടിനും മദ്ധ്യേയാണ് ഹരിവാസരം. ഈ സമയം അന്നപാനാദികൾ ഉപേക്ഷിച്ച് വിഷ്ണു നാമജപത്തിൽ മുഴുകണം. പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി പാരണ വിടാം.
ALSO READ
ഹരിയുടെ ദിവസം
എല്ലാമാസവും 2 ഏകാദശിയുണ്ട്. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും. രണ്ടും ആചരിക്കാം. എങ്കിലും വെളുത്തപക്ഷത്തിനാണ് പ്രാധാന്യം കൂടുതൽ ഉള്ളതായി കരുതുന്നത്. ഏകാദശിവ്രതം തീർന്നാലും ഹരിവാസര പുണ്യസമയം തുടരും. മഹാവിഷ്ണുവിന്റെ ദിവസമാണ് അന്ന്. ഹരി എന്നാൽ മഹാവിഷ്ണു, വാസരം എന്നാൽ ദിവസം എന്നുമാണർത്ഥം അപ്പോൾ ഹരിവാസരം എന്ന വാക്കിന്റെ അർഥം ഹരിയുടെ ദിവസമെന്നാണ്.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്‌ണു സഹസ്രനാമം കേൾക്കാം: https://youtu.be/8WgdMb-udz8?si=ilyRVV2qavYWie6t
Story Summary: Significance of Apara or Achala Ekadeshi
Highlights
അപരാ ഏകാദശി അനുഷ്ഠിച്ചാൽ കീർത്തിയും പാപമോചനവും ലഭിക്കും
സന്താനങ്ങൾ ഇല്ലാത്തവർക്ക് പുത്രനെയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കും
അപര ഏകാദശി ഭദ്രകാളി ജയന്തിയായും ആചരിക്കുന്നു
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.