തെക്കന്‍കാശി എന്ന് വിശ്വപ്രശസ്തമായ ഈശ്വര സന്നിധിയാണ് വൈക്കം ശ്രീ മഹാദേവ ക്ഷേത്രം അഷ്ടമി
മഹോത്സവത്തിന് ഒരുങ്ങി. നവംബർ 20 വെള്ളിയാഴ്ച കൊടിയേറുകയും ഡിസംബർ 1 ചൊവ്വാഴ്ച വൈക്കത്തഷ്ടമി ആഘോഷിക്കുകയും ചെയ്യും. 12 നാൾ നീണ്ടുനിൽക്കുന്ന ഈ മഹോത്സവം ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആറാട്ടോടെയാണ് സമാപിക്കുന്നത്.
അത്യപൂര്‍വ്വ ശിവ ചൈതന്യം
108 ശിവക്ഷേത്രങ്ങളില്‍ ഏറെ പ്രാധാന്യമുളള വൈക്കം ശ്രീ മഹാദേവ ക്ഷേത്രം ചോളശില്പമാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ധാരാളം സവിശേഷതകളുള്ള ക്ഷേത്രത്തിലെ ശിവലിംഗത്തിന് മനുഷ്യന്റെ മന്ത്രശക്തിയാല്‍ സിദ്ധമായ ചൈതന്യം മാത്രമല്ല, ദേവപൂജ്യത്വം, ഋഷിപൂജ്യത്വം എന്നീവിധത്തിലും അത്യപൂര്‍വ്വമായ ശിവ ചൈതന്യമുണ്ട്. കോട്ടയം ജില്ലയില്‍ വൈക്കത്തിന്റെ ഹൃദയഭാഗത്ത് കിഴക്ക് ദര്‍ശനമായി ക്ഷേത്രം സ്ഥിതിചെയ്യുന്നു.
12 ദിവസം ഉത്സവം
തന്ത്രി മുഖ്യരായ മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ വെള്ളിയാഴ്ച രാവിലെ 6.30-നും 8.15-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറുന്ന
12 ദിവസ ഉത്സവം വൃശ്ചികത്തിലെ കൃഷ്ണാഷ്ടമി പിറ്റേന്ന് ആറാട്ടോട് കൂടി സമാപിക്കും. ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ വൈക്കത്തഷ്ടമി നാളിൽ ഡിസംബർ 1, ചൊവ്വ, പുലർച്ചെ 4.30 നാണ് അഷ്ടമി ദർശനം ആരംഭിക്കുന്നത്. അഷ്ടമി ദിവസം രാത്രി 11 മണിയോടെ മകൻ സുബ്രഹ്മണ്യൻ (ഉദയനാപുരത്തപ്പൻ) പിതാവായ വൈക്കത്തപ്പനെ കാണാൻ എഴുന്നള്ളുന്ന ചടങ്ങും തുടർന്ന് അഷ്ടമി വിളക്കും നടക്കും. പന്ത്രണ്ടാം ദിവസമായ ഡിസംബർ 2-ന് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വച്ച് വൈക്കത്തപ്പന്റെ ആറാട്ട് നടക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.

വൈക്കത്തപ്പന് 3 ഭാവങ്ങൾ
ALSO READ
അഞ്ചു നേരം പൂജയും, മൂന്ന് ശീവേലികളുമുള്ള മഹാക്ഷേത്രമാണിത്. വൈക്കത്തപ്പന് 3 ഭാവങ്ങളുണ്ട്. ദക്ഷിണാമൂര്‍ത്തി, കിരാതമൂര്‍ത്തി, പാര്വ്വതിസമ്മേത ശിവൻ. ഇത് പ്രകാരം രാവിലെ ദര്‍ശനം നടത്തിയാല്‍ വിജ്ഞാനവും ബുദ്ധിയും ഉച്ചയ്ക്ക് ദര്‍ശനം നടത്തിയാല്‍ സര്‍വ്വകാര്യവിജയവും, വൈകിട്ട് ദര്‍ശനം നടത്തിയാല്‍ ജീവിത സുഖഭോഗങ്ങളും ലഭിക്കും. ഒരു ദിവസമെങ്കിലും വൈക്കത്ത് ക്ഷേത്രത്തില്‍ ഭജനം ഇരുന്നാല്‍ എല്ലാ പാപങ്ങളും തീർന്ന് എല്ലാ മംഗളവും കരഗതമാകും.
വ്യാഘ്രപാദമഹര്‍ഷി പൂജിച്ച വിഗ്രഹം
ഭക്തവത്സലനായ ശിവഭഗവാനെ പ്രീതിപ്പെടുത്തി ഖരമഹര്‍ഷി നേടിയ വിശിഷ്ടമായ 3 ശിവലിംഗങ്ങളിൽ ഒന്ന് വിധിവൈപരിത്യത്താല്‍ പരിത്യജിക്കേണ്ടി വന്നു. അപ്പോൾ ദൈവാജ്ഞയാല്‍ എത്തിയ വ്യാഘ്രപാദ മഹര്‍ഷിയെ അത് ഏല്‍പ്പിച്ചു. ഖരന്റെ അപേക്ഷ പ്രകാരം വ്യാഘ്രപാദമഹര്‍ഷി ദീര്‍ഘകാലം പൂജിച്ച് ആരാധിച്ചു. അങ്ങനെ വ്യാഘ്രപാദമഹര്‍ഷി പൂജിച്ച് തപസ്സ് ചെയ്തിരുന്നതിനാല്‍ ഈ ദേശത്തിന് വ്യാഘ്രപാദപുരം എന്നും പേരുണ്ടായി. വൈക്കം ക്ഷേത്രമിരിക്കുന്നത് എട്ട് ഏക്കര്‍ സ്ഥലത്താണ് .
സ്തംഭ ഗണപതി
ക്ഷേത്ര ബലിക്കല്‍ പുരയുടെ വടക്കുള്ള തൂണിന്മേല് ഗണപതിക്ക് അസാധാരണ ശക്തിവിശേഷണമുണ്ട്. ക്ഷേത്ര സുരക്ഷിതത്വം ഉറപ്പാക്കി സംരക്ഷണ അധികാരം തന്നിലധിഷ്ഠിതമാണെന്ന ഭാവത്തില്‍ നിലകൊളളുന്ന പ്രകൃതമാണ് സ്തംഭത്തില്‍ ഗണപതിയുടേത്. തൂണില്‍ ഗണപതിക്ക് പുറമേ വേലായുധനും ദേവീ ചൈതന്യവും ഉണ്ട്. ഗണപതിയുടെ മുഖ്യ വഴിപാട് ഉണ്ണിയപ്പമാണ്. ശ്രീകോവിലിനടുത്ത് രണ്ട് ഗണപതി പ്രതിഷ്ഠയും, സപ്ത മാതൃക്കള്‍, പുറകില്‍ വരുണ സങ്കേതം, ചുറ്റമ്പലത്തിന് വെളിയില്‍ നാഗരാജാവ്, നാഗയക്ഷി മുതലായ സര്‍പ്പ ദൈവങ്ങള്‍, പനച്ചിക്കല്‍ ഭഗവതിയും കൂടി കുടികൊളളുന്നു. ക്ഷേത്രത്തിന്റെ തെക്ക് വനദുര്ഗ്ഗയെ പോലെ ഒരു ശാക്തേയ സാന്നിദ്ധ്യം കുടികൊളളുന്നതാണ് പനച്ചിക്കല്‍ ഭഗവതി.

കോപ്പുതൂക്കല്‍
ക്ഷേത്ര ഉത്സവത്തിന് വൈയ്ക്കത്തപ്പനും പ്രധാന ഉപദേവതമാര്‍ക്കും പ്രത്യേക വഴിപാട് നടത്തിയാണ് കോപ്പുതൂക്കല്‍ ചടങ്ങ് തുടങ്ങുക. ദേവസ്വത്തിന്റ ഒരു പ്രധാന ഭരണാധികാരി ആവശ്യമുളള സാധനങ്ങള്‍ ഉത്സവാടിയന്തിരത്തിന് അളന്ന് തൂക്കി തിട്ടപ്പെടുത്തി കാര്യക്കാരനെ ചുമതലപ്പെടുത്തുന്ന ചടങ്ങാണിത്.
നല്ല മുഹൂര്‍ത്തം നോക്കി മംഗളവസ്തുക്കളായ വിഷ്ണുകടാക്ഷം ഉളവാക്കുന്ന ചന്ദനവും, ലക്ഷ്മീകടാക്ഷം ഉളവാക്കുന്ന മഞ്ഞളുമാണ് തൂക്കി ഭരണാധികാരി കാര്യക്കാരനെ ഏല്പിക്കുന്നത്.
ഉത്സവബലി
കൊടിയേറിക്കഴിഞ്ഞാല്‍ ഉത്സവത്തിന്റെ 5, 6, 8, 11 ദിവസങ്ങളില്‍ താന്ത്രികക്രിയകളോടു കൂടി നടക്കുന്ന പ്രധാന ചടങ്ങാണ് ഉത്സവബലി. ഉത്സവബലി നിവേദ്യചോറിന് ഒരുദിവസം 257 ലിറ്റര്‍ ഉണക്കലരിയും,
7 കിലോ മഞ്ഞള്‍പ്പൊടിയും, 7 കുപ്പി നെയ്യും കൂടാതെ അവില്, മലര് എന്നിവയും തൂവുന്നു.
ഋഷഭവാഹനം എഴുന്നെളളിപ്പ്
ഏഴാം ഉത്സവദിവസം രാത്രിയില്‍ നടക്കുന്ന അതി പ്രധാനമായ ചടങ്ങാണ് ഋഷഭവാഹനം എഴുന്നളളിപ്പ്. പട്ടുടയാടകളും പുഷ്പഹാരങ്ങളും കൊണ്ട് അലങ്കരിച്ച ഭഗവാന്റെ തിടമ്പ് മുളന്തണ്ടില്‍ ഏറ്റിയെടുക്കുന്ന വെളളി കാളപ്പുറത്ത് എഴുന്നള്ളിക്കും. നാദസ്വരത്തിലും പഞ്ചവാദ്യങ്ങളിലും ഒരുക്കുന്ന രാഗതാളലയ വിന്യാസത്തിന്റെ അകമ്പടിയോടെ ഭക്തിനിര്‍ഭരമായ ഈ എഴുന്നളളത്ത് തിരുവുത്സവത്തിന്റെ ഒരു പ്രധാന വിശേഷമാണ്.
ശ്രീകോവിൽ
ശ്രീകോവിലിന്റെ അന്തര്‍ഭാഗത്തെ കാഴ്ചകള്‍ അന്യാദൃശമാണ്. രണ്ട് മുറികളുളളതാണ് ശ്രീകോവില്‍. അകത്തേതാണ് ഗര്‍ഭഗൃഹം. രണ്ടിനും ആറു വീതം കരിങ്കല്‍ പടികള്‍ ഉണ്ട്. ഇതുകൊണ്ടാണ് മുട്ടസ്സ് നമ്പൂതിരിയുടെ കീര്‍ത്തനത്തില്‍ പറയുന്നത് പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ എന്ന്. രാജയോഗത്തിലെ ഷഡാധാരചക്രത്തിന്റെ പ്രതീകമാകാം ഈ ആറു പടികള്‍.
മുന്‍പിലത്തെ മുറിയേക്കാള്‍ ചെറുതാണ് പവിത്രമായ ആ ഗര്‍ഭഗൃഹം, രണ്ടടിയോളമുള്ള പീഠത്തില്‍ അഞ്ചടിയില്‍ കുറയാതെ പൊക്കമുളള നിത്യശുദ്ധമായ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു. പുറത്തുനിന്നും നോക്കിയാല്‍ നന്ദികേശനെ പ്രതിഷ്ഠിച്ചിരിക്കുന്ന കൊത്തുപണികളുടെ ശില്പചാതുര്യവും, രാമായണ കഥകള്‍ ഇതള്‍വിരിയുന്ന സഹസ്രകലശം ഉള്‍പ്പെടെ നിരവധി പുണ്യപൂജകള് നടത്തുന്ന നമസ്ക്കാര മണ്ഡപത്തിന്റെ പുറകില്‍ നിന്നും നോക്കിയാല്‍ മനോഹരമായ ആ ശിവലിംഗജ്യോതിസ്സ് കാണാന്‍ പറ്റില്ല. അത്ര ഉയരത്തിലാണ് പ്രതിഷ്ഠ.
വിഗ്രഹ ചൈതന്യം
ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, എരിക്കിന് പൂമാല, മറ്റ് പൂക്കള്‍ കൊണ്ടുളള മാല ഇവയോടൊപ്പം വജ്ര മാണിക്യ ഗോമേദകാദി രത്നഹാരങ്ങളും ദിവ്യ പട്ടാംബരങ്ങളും വിഗ്രഹത്തെ ചൈതന്യ ധന്യമാക്കുന്നു. ശിവലിംഗത്തില്‍ സ്വര്‍ണ്ണം കൊണ്ടുളള ചന്ദ്രക്കലയും, ത്രിനേത്രങ്ങളും, നാസികാപുടവും ചാര്‍ത്തി അതിന്റെ മുമ്പില്‍ അഷ്ടമൂര്‍ത്തിയുടെ വലിപ്പമുളള സ്വരൂപ വിഗ്രഹവും അലങ്കരിച്ചുവയ്ക്കുന്നു. ഒരുതുലാം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ധ്യാന ശ്ലോകമനുസരിച്ച് തുംഗപിംഗജഡ, മാന്‍, കുണ്ഡലീശ്വരകുണ്ഡലങ്ങളും ചണ്ഡപരശുകുരംഗശൂലകപാലാദികളാര്ന്ന തൃക്കൈകളും തരളഗുണമണി രണിതനൂപുര ചരണയുഗങ്ങളുമെല്ലാം ചേര്‍ന്നതാണ് ആ വിഗ്രഹം. ഇരുവശങ്ങളിലും അഞ്ച് കാഞ്ചന വിളക്കിലെ നറുനെയ്ത്തിരികളില് നിന്നുയരുന്ന കനകോജ്ജ്വല ദീപനാളങ്ങളും അഷ്ടഗന്ധത്തിന്റെയും ചന്ദനത്തിന്റേയും
സുഗന്ധവാഹിയായ ധൂപപടലങ്ങളും ചേര്‍ന്ന് സ്വര്‍ഗ്ഗ സമാനമാകുന്ന ശ്രീകോവിലകത്ത് പരിവാരസമേതനായി സര്വ്വാഭിഷ്ടപ്രദനായി വൈക്കത്തപ്പന് ഭക്തര്‍ക്ക് ദര്‍ശനം നല്കുന്നു.
വ്യാഘ്രപാദമഹര്‍ഷിയുടെ പൂര്‍വ്വജന്മം
വൈക്കത്തപ്പന് അഷ്ടമിദിവസം സൂര്യോദയത്തിന് മുമ്പുവരെ വ്യാഘ്രപാദമഹര്‍ഷിയുടെ ഇംഗിതപ്രകാരം ഭക്തര്‍ക്ക് ശിവൻ ദര്‍ശനം നല്‍കുന്നതാണ് അഷ്ടമിദര്‍ശനം. മുഴുവന്‍ സമയവും ശിവഭക്തിയില്‍ മാത്രം മുഴുകിയിരുന്ന സുന്ദരനായ ഒരു ഗന്ധര്‍വ്വനുണ്ടായിരുന്നു. വിഷ്ണുഭക്തന്മാരെ ഈ ഗന്ധര്വ്വന് അതിക്രൂരമായി പരിഹസിച്ചു. ഈ വിവരം നാരദമുനിയിലൂടെ വിഷ്ണുവും, മുനിമാരും അറിഞ്ഞു. ഒരു ദിവസം വിഷ്ണുവും, നാരദനും കൈലാസത്തില്‍ ശ്രീപരമേശ്വരനെ കണ്ടപ്പോള്‍ ഗന്ധര്‍വ്വനായ ശിവഭക്തന് മഹാവിഷ്ണുവിനെയും നാരദനെയും പരിഹസിക്കാന്‍ കാരണമായി. ക്ഷുഭിതനായ വിഷ്ണു ഗന്ധര്‍വ്വനെ ശപിച്ചു, നീ ഒരു മനുഷ്യമൃഗമായി, സങ്കര ജീവിയായി ഭൂമിയില്‍ വസിക്കട്ടെ എന്ന്. വിഷ്ണു ശാപം ഉടന്‍ ഫലിച്ചു. തന്റെ വികൃതരൂപം
പകുതിഭാഗം പുലിയുടെതും ബാക്കി മനുഷ്യന്റെതും കണ്ട ഗന്ധര്വ്വന് വിഷ്ണുവിന്റെ കാല്ക്കല് ശാപത്തില്‍ നിന്നും മുക്തനാക്കാന്‍ അപേക്ഷിച്ചു. ഗന്ധര്വ്വന് മോക്ഷം ലഭിക്കുന്നതിനുളള ഒരു മാര്‍ഗ്ഗം പറഞ്ഞുകൊടുത്തു.
ഭൂമിയില്‍ തിലൈവനം എന്ന സ്ഥലത്ത് (ചിദംബരം) വനത്തില്‍ ഒരു സ്വയംഭൂവായ ശിവലിംഗം ഉണ്ട് . അവിടെ ഇനിയുളള കാലം ശിവഭക്തിയില്‍ ലയിച്ച് പൂജ ചെയ്താൽ ശിവഭഗവാന് ഉത്തമഭക്തന് എന്ന് വിശ്വാസം ഉണ്ടാകുമ്പോള്‍ വികൃതരൂപം മാറി ഗന്ധര്വ്വരൂപത്തില് ആയിത്തീരും എന്ന് വിഷ്ണു അനുഗ്രഹിച്ചു. ശിവലിംഗം കണ്ടതിന് സമീപം ഒരു പര്ണശാലയും തയ്യാറാക്കി ശിവനെ പൂജിക്കുവാന്‍ പൂക്കളും നിവേദ്യത്തിനുളള പഴവര്‍ഗ്ഗങ്ങളും, സ്വന്തം ഭക്ഷണത്തിനു വേണ്ടിയും ശേഖരിക്കുമായിരുന്നു. തേനീച്ചകളും ശലഭങ്ങളും വണ്ടുകളും തേന്‍ നുകരാത്ത പുഷ്പങ്ങള്‍ ആയിരിക്കണം എന്ന് നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. വിഷ്ണുവിന്റെ ശാപംമൂലം ലഭിച്ച പുലിപാദമുളള കാലുകള്‍ ഉളളതുകൊണ്ട് പൂമരങ്ങളില്‍ അളളിപ്പിടിച്ച് കയറി പൂക്കളും മറ്റും പറിക്കുന്നതിന് സഹായമായിരുന്നു. ഒരു ദിവസം ഗന്ധര്‍വ്വന്റെ ശിവഭക്തിയില്‍ ആകൃഷ്ഠനായ ശ്രീപരമേശ്വരന് പ്രത്യക്ഷപ്പെടുകയും ഇനി മുതല്‍ വ്യാഘ്രപാദന് (പുലിപാദമഹര്ഷി) എന്ന പേരില്‍ ലോകം അറിയപ്പെടും എന്ന് അനുഗ്രഹിച്ചു. വ്യാഘ്രപാദ മഹര്‍ഷി പ്രതിഷ്ഠിച്ച 12 ശിവക്ഷേത്രങ്ങള്‍ തെക്കന്‍തിരുവിതാംകൂറില്‍ പദ്മനാഭപുരത്തിനു ചുറ്റുമായി സ്ഥിതിചെയ്യുന്നു.
വൈക്കത്തെ പ്രാതല്‍
അഷ്ടമി ദിവസം വൈക്കത്തെ ദര്‍ശനം കഴിഞ്ഞ് ഉദയനാപുരത്തും ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം, അന്നദാനം കൊണ്ട് പ്രാണിതര്പ്പണം നടത്തണമെന്നും പരശുരാമന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വളരെ പ്രശസ്തമാണ് വൈയ്ക്കത്തെ പ്രാതല്‍. അന്യദേശത്തുനിന്നുപോലും ഈ ഭഗവല്‍ പ്രസാദം കഴിക്കാന്‍ ഭക്തജനത്തിരക്കാണ്.
വൈയ്ക്കത്തെ പ്രാതലിന് ഒരു സവിശേഷത കൂടിയുണ്ട്. പ്രാതല്‍ ഉണ്ണുന്ന ഭക്തന്മാരുടെ കൂടെ ഭഗവാന് ഉണ്ടാകുമെന്നുളള വിശ്വാസം പണ്ട് കാലം മുതല്‍ ഉളളതാണ്. ഭഗവാന് ഭുജിച്ച പ്രാതലിന്റെ ബാക്കി വയറു വേദനപോലുളള മാറാവ്യാധികളില്‍ നിന്നും ആശ്വാസം നല്കുന്ന ഒരു ഔഷധമായി ഭക്തന്മാര് ഭക്ഷിക്കുന്നു.

മകനെ കാത്ത് അച്ഛന്
അഷ്ടമി ഉല്‍സവത്തിലെ സുപ്രധാന ചടങ്ങാണ് അഷ്ടമി ദിവസം രാത്രിയില്‍ നടക്കുന്ന അഷ്ടമിവിളക്ക്.
ശൂരപത്മനെയും അനുജൻ താരകാസുരനെയും
നിഗ്രഹിച്ച ശേഷം വിജയശ്രീലാളിതനായി സകല ദേവഗണങ്ങളോടും കൂട്ടി അച്ഛനെകണ്ട് വന്ദിക്കാന്‍ വരുന്ന ശ്രീമുരുകനേയും പ്രതീക്ഷിച്ച് നിരാഹാരനായി മഹാദേവന് കാത്തുനില്ക്കുന്നു. പുത്രനും ദേവി-ദേവന്മാരും വന്നെത്തിയാല്പ്പിന്നെ സന്തുഷ്ടചിത്തനായി അവരോടൊപ്പം സമയം ചിലവഴിച്ച് തല്‍സമയത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നു.
ദേവസേനാധിപന്റെ ഭാവത്തില്‍ ഗാംഭീര്യത്തില്‍ വിജയിയായി ജനതതികളുടെ ആദരവും ആരാധനയും വരവേല്‍പ്പും ഏറ്റുവാങ്ങിക്കൊണ്ടുളള ഉദയനാപുരത്തപ്പന്റെ പ്രൗഢോജ്വലമായ വരവും വഴിനീളെ പൂക്കള്‍ വിതറി, പഞ്ചവര്ണ്ണപ്പൊടികളം വരച്ച് നിറപറയും നിലവിളക്കും വച്ച് ഭക്തജനങ്ങള്‍ നല്കുന്ന അതിഗംഭീരമായ വരവേല്‍പ്പ് നയനമനോഹരമായ കാഴ്ച തന്നെയാണ്.
വലിയ കാണിക്ക
കിഴക്കേ ആനപന്തലില് വൈയ്ക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും കീഴേടങ്ങളിലെ ദേവീദേവന്മാരുടെ മുമ്പില്‍ ആദ്യ കാണിയ്ക്കയായി സ്വര്‍ണ്ണകുടത്തില്‍ സ്വര്ണ്ണചെത്തിപ്പൂവാണ് സമര്‍പ്പിക്കുന്നത്. ശേഷം ഭക്തർ വലിയചെമ്പില് കാണിക്ക സമര്‍പ്പണം നടത്തി തൊഴുതു മടങ്ങുന്നു.
യാത്ര ചോദിക്കല്‍
ആത്മബന്ധങ്ങളെ കണ്ണീരണിയിക്കുന്ന പിതാവിന്റെയും പുത്രന്റെയും യാത്ര ചോദിക്കല്‍, പ്രദക്ഷിണാനന്തരം വൈയ്ക്കത്തപ്പനും, മുരുകനും യാത്ര ചോദിച്ചുപിരിയുന്ന രംഗം വളരെ വികാരസാന്ദ്രമാണ്. ഈ സമയത്ത് പ്രശസ്ത നാദസ്വരവിദ്വാനായിരുന്ന കുഞ്ഞുപിളള പണിയ്ക്കര് ചിട്ടപ്പെടുത്തിയ ദു:ഖകണ്ഠാരം എന്ന രാഗത്തിലാണ് നാദസ്വരം വായിക്കുന്നത്. കീഴേടങ്ങളിലെ ദേവീദേവന്മാരും ഈ യാത്ര ചോദിക്കലില്‍ പങ്കെടുക്കുന്നു. തിടമ്പുവഹിക്കുന്ന ഗജവീരന്മാര് തുമ്പിക്കൈ ഉയര്‍ത്തി യാത്ര ചോദിക്കുകയും യാത്രാനുമതി വൈയ്ക്കത്തപ്പന് നല്‍കുകയും ചെയ്യുന്നു.
മകനെക്കാത്ത് ഉപവസിച്ചു കഴിഞ്ഞിരുന്ന അഷ്ടമിനാളില്‍ വൈയ്ക്കത്തപ്പന്റെ ഉച്ചപൂജ രാത്രിയിലെ വലിയവിളക്കിന് ശേഷമാണ്.
ആറാട്ട്
പതിമൂന്നാം ദിവസം വൈയ്ക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ കിഴക്ക് ഇരുമ്പൂഴിക്കരയില്‍ ദേവിക്ഷേത്രകുളത്തില് നടത്തുന്നു. ദേവനോടൊപ്പം ജലാശയത്തില്‍ ഭക്തജനങ്ങള്‍ക്ക് മുങ്ങികുളിക്കാനും ദേവനെ ജലാശയത്തില്‍ ആറാടിക്കുമ്പോള്‍ അതിന്റെ കൂടെ ദേവന്റെ മൂലബിംബത്തില്‍ ചാര്ത്തികിട്ടുന്ന മഞ്ഞള്‍ പ്രസാദം കിട്ടുന്നത് ഭക്തന്മാര് പുണ്യമായി വിശ്വസിക്കുന്നു.
മുക്കുടിനിവേദ്യം
അഷ്ടമിയുടെ സമാപനം കുറിച്ചുകൊണ്ടുളള ആറാട്ടിന്റെ പിറ്റേ ദിവസമാണ് മുക്കുടി നിവേദ്യം. ഉച്ചപ്പൂജയുടെ പ്രസന്നപൂജയ്ക്ക് നിവേദിക്കുന്ന മുക്കുടി നിവേദ്യം സര്‍വ്വരോഗസംഹാരിയെന്ന് വിശ്വസിക്കപ്പെടുന്നു. അതീവ രഹസ്യമായ പച്ചമരുന്നുകള്‍ കൊണ്ടാണ് വേള്ളോട്ടില്ലത്ത് മൂസ്സത് തയ്യാറാക്കി നടയില്‍ വെയ്ക്കുന്നത്.
അത്താഴഊട്ട്
അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതിന് മുമ്പായി ഗോപുരനടയില്‍ ക്ഷേത്രജീവനക്കാരന് അത്താഴപട്ടിണിക്കാര്‍ ആരെങ്കിലും ഉണ്ടോ എന്ന് വിളിച്ചു ചോദിക്കും മൂന്നു പ്രാവശ്യം.
ക്ഷേത്രപ്രവേശനം കിട്ടുന്നതിന് മുമ്പ് അത്താഴഊട്ട് നടന്നിരുന്നു. 1936-ലെ ക്ഷേത്രപ്രവേശനത്തിനുശേഷം അത്താഴഊട്ട് നിന്നുപോയിരുന്നു. മുടങ്ങിയിരുന്ന അത്താഴഊട്ട് 2013-ല്‍ മേയ് ഒന്നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനരാരംഭിച്ചു. 2014 ജനുവരിയിൽ അഷ്ടമംഗലദേവ പ്രശ്നം നടത്തി അത്താഴഊട്ട് പ്രാതല്‍ പോലെ ദേവന് പ്രാധാന്യം ഉളളതായി വിധിച്ചു.
സദാനന്ദന് എസ്.
മൊബൈൽ: +91 97447279297
Story Summary: The 12-day Vaikathashtami festival commences on November 20 with the ceremonial flag hoisting (Thrikkodiyettu).
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.