അനന്തപുരിയിൽ നടക്കുന്ന നവരാത്രി പൂജയ്ക്ക് തുടക്കം കുറിക്കുന്ന ഘോഷയാത്രയുടെ ആദ്യ വിഗ്രഹമായ ശുചീന്ദ്രം മുൻ ഉദിത്തനങ്കദേവി നാളെ ഒക്ടോബർ 8 വ്യാഴാഴ്ച രാവിലെ ഏഴിനും എട്ടിനും ഇടയ്ക്ക് ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങും. സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചക്ക് ചുങ്കങ്കട (ഗൗരി ശങ്കർ) യിൽ വിശ്രമിച്ചശേഷം വൈകുന്നേരത്തോടെ തക്കല കൽക്കുളം ശ്രീ നീലകണ്ഠ പെരുമാൾ ക്ഷേത്രത്തിൽ എത്തിച്ചേരും.
പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഉടവാൾ ആചാരപൂർവ്വം കൈമാറ്റം ചെയ്യും. തുടർന്ന് തേവാരക്കെട്ടിൽ സരസ്വതി ദേവിയെ ആനപ്പുറത്തും, വേളിമല കുമാരസ്വാമിയും, ശുചീന്ദ്രം മുൻ ഉദിത്തനങ്ക ദേവിയും പല്ലക്കുകളിലും എഴുന്നള്ളിക്കും. ഈ ഘോഷയാത്ര ഉച്ചയോടെ കേരളപുരം
ശ്രീ മഹാദേവക്ഷേത്രത്തിൽ എത്തി വിശ്രമിക്കും. വൈകുന്നേരത്തോടെ കുഴിത്തുറ ശ്രീ മഹാദേവക്ഷേത്രത്തിൽ
ഘോഷയാത്ര എത്തിച്ചേരും.

ഒക്ടോബർ 10 ശനിയാഴ്ച രാവിലെ അവിടെ നിന്നും തിരിക്കുന്ന ഘോഷയാത്ര 11 മണിയോടു കൂടി കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിലെ ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയോടെ പാറശ്ശാല ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിശ്രമിച്ചശേഷം വൈകുന്നേരത്തോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തും. ഞായറാഴ്ച രാവിലെ 7 മണിക്ക് നെയ്യാറ്റിൻകരയിൽ നിന്നും തിരിക്കുന്ന ഘോഷയാത്ര ഉച്ചയോടുകൂടി നേമം വില്ലേജ് ഓഫീസിൽ വിശ്രമിക്കും.
ഞായറാഴ്ച വൈകിട്ട് 4 മണിയോടുകൂടി സരസ്വതിദേവിയും, കുമാരസ്വാമിയും കരമന ആവടൈയമ്മൻ കോവിലിൽ എത്തിച്ചേരും. കുമാരസ്വാമിയെ പല്ലക്കിൽനിന്നും ഇറക്കി വെള്ളി കുതിരന്മേൽ അലങ്കരിക്കുമ്പോൾ മുൻ ഉദിത്തനങ്ക ദേവി കിള്ളിപ്പാലത്തുള്ള ഉജ്ജയിനി മാകാളി അമ്മൻകോവിലിൽ എത്തും. സരസ്വതിദേവിയും കുമാരസ്വാമിയും കരമനയിൽ നിന്നും ഇറങ്ങി കിള്ളിപ്പാലത്ത് വന്ന് മുൻ ഉദിത്തനങ്ക ദേവിയെയും കൂട്ടി സ്വീകരണങ്ങൾ ഏറ്റുവാങ്ങി മൂവരും കൂടി വൈകുന്നേരം 7 മണിയോടുകൂടി ശ്രീപത്മനാഭക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിൽ എത്തിച്ചേരും.
സരസ്വതി ദേവിയെ പൂജയ്ക്കായി അവിടെ കുടിയിരുത്തിയശേഷം കുമാരസ്വാമിയും, മുൻ ഉദിത്തനങ്ക ദേവിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം വലംവച്ച് കുമാരസ്വാമിയെ ആര്യശാല ദേവിക്ഷേത്രത്തിലും, മുൻ ഉദിത്തന ദേവിയെ ചെന്തിട്ട ദേവീ ക്ഷേത്രത്തിലും പൂജയ്ക്കായി കുടിയിരുത്തുന്നു. തുടർന്നു ഒൻപത് രാത്രിയും പത്തു പകലുകളുമായി നടക്കുന്ന നവരാത്രി പൂജയ്ക്കുശേഷം പത്താം ദിനമായ
ഒക്ടോബർ 21 ന് രാവിലെ എട്ടു മണിക്ക് ആര്യശാല ദേവീ ക്ഷേത്രത്തിൽനിന്നും കുമാരസ്വാമിയെ വെള്ളിക്കുതിരയിൽ അലങ്കരിച്ച് പൂജപ്പുര മണ്ഡപത്തിലേക്ക് വേട്ടയ്ക്കായി എഴുന്നള്ളിപ്പിക്കും.
ALSO READ
വൈകിട്ട് നാലു മണിയോടെ അവിടെ നിന്നും തിരിച്ച് ചാല ഇലക്കട റോഡിൽ ചെന്തിട്ട ദേവീക്ഷേത്രത്തിൽ നിന്നും എത്തിനിൽക്കുന്ന മുൻ ഉദിത്തനങ്കദേവിയേയും കൂട്ടി വൈകുന്നേരം ഏഴു മണിയോടുകൂടി വീണ്ടും നവരാത്രി മണ്ഡപത്തിനു മുന്നിൽ എത്തി വലിയ തമ്പുരാന്റെ കാണിക്കയും, മടക്കയാത്ര അനുമതിയും വാങ്ങി അവരവരെ പൂജയ്ക്കായി കുടിയിരുത്തിയിരിക്കുന്ന ലാവണങ്ങളിൽ തിരിച്ചെത്തും.
പിറ്റേദിവസം ഒരു ദിവസത്തെ നല്ലിരിപ്പിന് ശേഷം 23 ന് രാവിലെ 8 മണിയോടു കൂടി പഴയ വേണാട്ടിലെ മാതൃക്ഷേത്രങ്ങളിലേക്ക് വിഗ്രഹങ്ങളുടെ മടക്കയാത്ര ആരംഭിക്കും. 22ന് പ്രത്യേക പൂജകൾ ഒന്നും തന്നെയില്ല. 23 ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും 24 ന് കുഴിത്തുറ ശ്രീ മഹാദേവക്ഷേത്രത്തിലും തങ്ങിയശേഷം 25 ന് പത്മനാഭപുരം കൊട്ടാരത്തിൽ എത്തി സരസ്വതി ദേവിയും കുമാരസ്വാമിയും അവരവരുടെ മാതൃ ക്ഷേത്രങ്ങളിലേക്ക് മടങ്ങുമ്പോൾ മുൻ ഉദിത്തനങ്കദേവി കൽക്കുളം ശ്രീ നീലകണ്ഠ പെരുമാൾ ക്ഷേത്രത്തിൽ വിശ്രമിച്ച് അവിടെനിന്നും 26 നു പുലർച്ചെ മൂന്നു മണിയോടുകൂടി യാത്ര തിരിച്ച് രാവിലെ എട്ടുമണിയോടുകൂടി ശുചീന്ദ്രം ക്ഷേത്രത്തിൽ തിരികെ കയറുകയും ചെയ്യും. അതോടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനം കുറിക്കും. കൊല്ലവർഷം 1202-ാം മാണ്ട് കന്നിമാസ പ്രഥമ മുതൽ ദശമി വരെയാണ് തിരുവനന്തപുരത്തെ നവരാത്രി മഹോത്സവം.
Story Summary: The annual Navaratri idol procession for 2026 officially begins its journey on October 8, 2026, starting from the Suchindram Temple (Arulmigu Munnudhitha Nangai Amman Temple) in Kanyakumari district, Tamil Nadu.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.