ഭാരതത്തിൽ പല പേരുകളിൽ പരക്കെ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഏറ്റവും പ്രധാന ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു.
ആദ്യം പൂജിക്കുക കാളിയെ
കാലത്തിന്റെ അധിദേവതയാണ് ശക്ത്യാരാധനയുടെ കാതലായ കാളി. നവരാത്രിയാഘോഷങ്ങളില്‍ ആദ്യം പൂജിക്കപ്പെടുന്നത് കാലചക്രരൂപിണിയായ കാളീദേവിയെയാണ്. കേരളത്തില്‍ എന്നാല്‍ സരസ്വതി പൂജയ്ക്കാണ് പ്രാധാന്യം.
മറ്റിടങ്ങളില്‍ അങ്ങനെയല്ല, ശക്തിയെ ഉത്സവാഘോഷങ്ങളോടെ ആരാധിക്കുവാനുള്ള സുവര്‍ണ്ണാവസരമായാണ് ഭാരതത്തില്‍ പലയിടത്തും ഇതിനെ കാണുന്നത്.

ധർമ്മവിജയത്തിന്‍റെ സന്ദേശം
നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.
ശ്രീരാമൻ്റെ ദേവീപൂജ
രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം സര്‍വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില്‍ ആചരിക്കുന്നത്.
കർമ്മവിജയത്തിന് ആയുധപൂജ
മഹാനവമി നാളിൽ ആയുധങ്ങൾ ദേവിക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗ്ഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണങ്ങളെയും ദേവിക്ക് മുന്നിൽ പൂജ വയ്ക്കുന്നു. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയ നവരാത്രിയെന്നും വന്നി നവരാത്രിയെന്നും ദുര്‍ഗ്ഗാ നവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും
ALSO READ
ശിവനും രാമനും എടുത്ത വ്രതം
നവരാത്രി പൂജ വിധിയാം വണ്ണം നടത്തിയാല്‍ സകലാഭീഷ്ടങ്ങളും ദേവി സാധിച്ചു തരും എന്നാണ് വിശ്വാസം. വസിഷ്ഠന്‍, കൗശികനായ വിശ്വാമിത്രന്‍, കശ്യപന്‍, ഭൃഗു തുടങ്ങിയ മഹര്‍ഷീശ്വരന്മാര്‍ നവരാത്രി വ്രതത്തിലൂടെ ദേവിയെ പ്രീതിപ്പെടുത്തിയവരാണ്. വൃതാസുരവധത്തിനായി ദേവേന്ദ്രനും ത്രിപുര നിഗ്രഹത്തിനായി പരമശിവനും, മധു കൈടഭനിഗ്രഹത്തിനായി മഹാവിഷ്ണുവും, രാവണവധത്തിനായി ശ്രീരാമനും നവരാത്രിവ്രതം അനുഷ്ഠിച്ചിരുന്നു. ശ്രീരാമന്റെ വിധിപ്രകാരമുള്ള നവരാത്രി വ്രതത്തിലും പൂജയിലും പ്രീതയായ ദേവി പ്രത്യക്ഷയായി ശ്രീരാമനു വരം നല്‍കുകയും തുടര്‍ന്നുള്ള യുദ്ധത്തില്‍ രാവണന്‍ കൊല്ലപ്പെടുകയും ചെയ്തു.

വിദ്യയും ധനവും നേടാം
നവരാത്രി സമയത്ത് ദേവീഭാഗവതവും ദേവീമാഹാത്മ്യവുമാണ് പ്രധാനമായും ജപത്തിന് എടുക്കുന്നത്. വിദ്യയാണ് ജീവിതവിജയത്തിന് അത്യാവശ്യം, പിന്നെ ധനവും. ഇതു രണ്ടും നേടാൻ ദേവി മാഹാത്മ്യ പാരായണം ഏറെ ഫലപ്രദമാണ്.
മഹിഷാസുരൻ അജ്ഞാനത്തിന്റെ പ്രതീകമാണ്, അജ്ഞാനത്തെ ഇല്ലാതാക്കി ജ്ഞാനത്തെ തെളിയിക്കുന്ന ദിവസമാണ് വിജയദശമി. ഒൻപതു ദിവസം വ്രതം എടുത്ത് നവരാത്രി ആചരിക്കുന്നതാണ് ഏറെ ഉത്തമം.
കേരളത്തിൽ മൂന്നു ദിനം മുഖ്യം
കേരളത്തിൽ പ്രായേണ മൂന്നു ദിവസമാണ് നവരാത്രി ആചരിക്കുന്നത് – പൂജവയ്പ് മുതൽ പൂജയെടുപ്പുവരെ. അതായത് ഇവിടെ അഷ്ടമി, നവമി, ദശമി എന്നീ ദിനങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു. ഒൻപത് ദിവസം വ്രതം ആചരിക്കുവാൻ കഴിയാത്തവർക്ക് 7 ദിവസം, 5 ദിവസം, 3 ദിവസം, 1 ദിവസം എന്നീ ക്രമത്തിലും വ്രതമനുഷ്തിക്കുവാൻ വിധിയുണ്ട്. ശക്ത്യുപാസനാ പ്രധാനമായ ഈ ദിവസങ്ങളിൽ ദേവീഭാഗവതം, കാളികാപുരാണം, മാർക്കണ്ഡേയപുരാണം എന്നിവയും പാരായണം ചെയ്യാം.
Story Summary: Rules and Blessings of Navaratri Vritham
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.