അമാവാസി ദിവസം ഭഗവതി ക്ഷേത്രദർശനം നടത്തി ഭദ്രകാളിയെ ഭജിച്ചാൽ ശത്രുശല്യം, രോഗപീഡ, കുടുംബ കലഹം, ഭയം, അശങ്ക, അപ്രതീക്ഷിതമായ ആപത്തുകൾ, അപകടങ്ങൾ, അശാന്തി, മാനസിക സമ്മർദ്ദം, ദുർചിന്തകൾ, നിരാശ തുടങ്ങി സകല ദോഷങ്ങളിൽ നിന്നും രക്ഷപ്പെടാം. ഈ മാസത്തെ അമാവാസി 2026 ഒക്ടോബർ 10, 1202 കന്നി 24 ശനിയാഴ്ചയാണ്.
നവരാത്രിക്ക് വ്രതം ആരംഭിക്കും
കന്നിയിലെ ശുക്ലപക്ഷ പ്രഥമ മുതൽ തുടങ്ങുന്ന നവരാത്രി വ്രതം ആരംഭിക്കുന്നത് ഈ അമാവാസി മുതലാണ്. കന്നിയിലെ അമാവാസിയെ മഹാളയ എന്ന് പറയും. കന്നിയിലെ കൃഷ്ണപക്ഷ പ്രഥമ മുതൽ ആശ്വിനമാസാരംഭത്തിന് തൊട്ടുമുമ്പ് വരുന്ന മഹാളയ അമാവാസി വരെയുള്ള ദിവസങ്ങളാണ് മഹാളയ പക്ഷമായി കണക്കാക്കുന്നത്. ഈ വർഷത്തെ മഹാളയപക്ഷം ഒക്‌ടോബർ 10 ന് അവസാനിക്കും. മഹാളയ അമാവാസി പിതൃക്കളുടെ തൃപ്തിക്കും അനുഗ്രഹത്തിനും വേണ്ടി ശ്രാദ്ധകർമ്മങ്ങൾ ചെയ്യാൻ ഏറ്റവും നല്ല ദിവസമാണ്. പിതൃപ്രീതിക്ക് ഗുണകരമായ വ്രതമാണ് കറുത്തവാവ് വ്രതം. 18 അമാവാസിയിൽ വ്രതം നോറ്റാൽ പൂര്‍വ്വിക തലമുറ മുഴുവനും ദുരിതമോചിതരാകും എന്നാണ് വിശ്വാസം. അതിലൂടെ മുൻജന്മപാപങ്ങളകറ്റി നമുക്ക് സന്തോഷവും സമാധാനവും അഭീഷ്ട സിദ്ധിയും നേടാൻ സാധിക്കും.

ഭദ്രകാളി മന്ത്രം ജപിക്കണം
വ്രതം നോറ്റാലും ഇല്ലെങ്കിലും അന്ന് രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധമായി ഭദ്രകാളി ധ്യാനവും മൂലമന്ത്രവും ഭക്തിപൂർവ്വം ഏകാഗ്രതയോടെ ജപിക്കണം. നിത്യ ജപത്തിനും ഈ ധ്യാനവും മൂലമന്ത്ര ജപവും
നല്ലതാണ്. അമാവാസിക്ക് പുറമെ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഈ ജപം മുടക്കരുത്. കുടുംബ ജീവിതത്തിൽ ശാന്തിയും പുരോഗതിയും കൊണ്ടുവരാൻ ഈ ജപം നിശ്ചയമായും സഹായിക്കും. ആദ്യം ധ്യാനം അർത്ഥം മനസ്സിലാക്കി ജപിച്ച് ഭഗവതിയുടെ രൂപം മനസ്സിൽ ഉറപ്പിച്ച് മൂലമന്ത്രം 108 തവണ ജപിക്കുക.

ഭദ്രകാളി ധ്യാനം
കാളീം മേഘസമപ്രഭാം
ത്രിനയനാം വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേടകപാലദാരികശിരഃ
കൃത്വാ കരാഗ്രേഷു ച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാം
സംഹാരിണീമീശ്വരീം.
അർത്ഥം:
(കാര്‍മേഘ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയ വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്ന കൈകളില്‍ വാള്‍ – പരിച – തലയോട്ടി – ദാരികന്‍റെ ശിരസ്സ് എന്നിവ ഏന്തിയ , ഭൂതങ്ങള്‍ – പ്രേതങ്ങള്‍ – പിശാചുക്കള്‍ – സപ്തമാതൃക്കള്‍ എന്നിവരോട് കൂടി , മുണ്ഡമാല ധരിച്ച , വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്ന സര്‍വ്വേശ്വരിയെ വന്ദിക്കുന്നു)
ഭദ്രകാളി മൂലമന്ത്രം
ഓം ഐ ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ
ALSO READ
ദ്വാദശമന്ത്രം ദാമ്പത്യസൗഖ്യത്തിന്
ദാമ്പത്യകലഹം മാറി ഉത്തമബന്ധം ഉണ്ടാകാനും കുടുംബസൗഖ്യത്തിനും ഭദ്രകാളി ദ്വാദശമന്ത്രം പതിവായി ജപിക്കുന്നത് ഉത്തമമാണ്. ഈ 12 മന്ത്രങ്ങളും വ്രതചര്യയോടെ രാവിലെയും വൈകിട്ടും 3 പ്രാവശ്യം വീതം ജപിക്കുക. നിത്യജപത്തിനും ഈ മന്ത്രം പ്രയോജനപ്പെടും. കാര്യസിദ്ധി നേടാൻ 21 ദിവസം തുടർച്ചയായി ജപിക്കണം.
ഓം ഹ്രീം ഭദ്രകാള്യൈ ശ്മശാനവാസിന്യൈ നമഃ
ഓം ഹ്രീം ഉഗ്രകാള്യൈ ഉഗ്രരൂപായൈ നമഃ
ഓം ഐം വശ്യകാള്യൈ മഹാകാള്യൈ നമഃ
ഓം ഐം ക്ലീം സൗ: കാളരാത്ര്യൈ
മേഘലായൈ നമഃ
ഓം ഐം ക്ലീം സൗ: രാക്ഷസഘ്‌ന്യൈ
ത്രിശൂലായൈ നമഃ
ഓം ഐം ക്ലീം സൗ: രാവണപ്രപൂജിതയൈ
ഭദ്രകാള്യൈ നമഃ
ഓം ഭദ്രകാള്യൈ നീലകാള്യൈ ഐം
മദാർച്ചിതായൈ നമഃ
ഓം സമ്മോഹിതായൈ ഐം ക്ലീം സൗ: ഹ്രീം നമഃ
ഓം വശിന്യൈ കാമാക്ഷ്യൈ ഐം ക്ലീം സൗ:
മഹാദേവ്യൈ നമഃ
ഓം ദേവാർച്ചിതായൈ സുന്ദര്യൈ
സുരമോഹിതായൈ നമഃ
ഓം ഹിമവത്പൂജ്യായൈ വന്ദ്യായൈ
തീർത്ഥസേവിതായൈ നമഃ
ഓം ഹ്രീങ്കാരശക്ത്യൈ സുരപ്രദായൈ
ഐം ഹ്രീം നമഃ
ഇവർക്ക് വേഗം അനുഗ്രഹം
ഭരണി, പുണർതം, ആയില്യം, പൂരം, വിശാഖം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി, രേവതി എന്നീ നക്ഷതങ്ങളിൽ ജനിച്ചവർ, കുടുംബദേവതയായി ഭദ്രകാളി ദേവിയെ പൂജിക്കുന്നവർ, ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം രാശിയിൽ ചൊവ്വ നിൽക്കുന്നവർ, ചൊവ്വ ദോഷമുള്ളവർ, മീനക്കൂറിൽ ജനിച്ചവർ, ഒൻപതിൽ ചൊവ്വ നിൽക്കുന്നവർ ചന്ദ്രബലമില്ലാതെ വൃശ്ചികം രാശിയിൽ ജനിച്ചവർ, ചൊവ്വ ദശയിലുള്ള അശ്വതി, കാർത്തിക, ഉത്രം, ഉത്രാടം, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ, പതിവായി ഭദ്രകാളിയെ ആരാധിക്കുന്നവർ എന്നിവരെ ഭഗവതി അതിവേഗം അനുഗ്രഹിക്കും. ഭദ്രകാളിപ്പത്ത് എന്ന വിശിഷ്ടമായ ഭദ്രകാളി സ്തുതി ഇവർ നിത്യവും ജപിക്കുകയോ കേൾക്കുകയോ ചെയ്താൽ അവരുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കും. തുടർച്ചയായി അഞ്ച് തവണ ഓതുന്നത് അല്ലെങ്കിൽ ശ്രവിക്കുന്നത് പെട്ടെന്ന് ഫലസിദ്ധിയേകും എന്നും പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത് കേൾക്കൂ:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 9447020655
Story Summary : Amavasya Vritham and Benefits of Powerful Bhadrakali Mantra Japam
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.