( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
ജോതിഷി പ്രഭാ സീന സി പി
ദേവീകടാക്ഷത്തിലൂടെ കുടുംബാഭിവൃദ്ധി നേടാൻ വളരെയധികം പ്രാധാന്യമുള്ള ദിനമാണ് പൗർണ്ണമി അഥവാ വെളുത്തവാവ്. ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ചു ദേവിയെ പ്രാർത്ഥിക്കുന്നത് ഐശ്വര്യവർദ്ധനവും ദാരിദ്രദു:ഖ നാശവും സമ്മാനിക്കും. അന്നേദിവസം ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. 2025 ജൂലൈ 10 വ്യാഴാഴ്ച മിഥുന മാസത്തിലെ പൗർണ്ണമിയാണ്.
ചന്ദ്രദശാദോഷം മാറ്റാം
ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ പൗർണ്ണമി വ്രതം നല്ല അനുഷ്ഠാനമാണ്. ഈ വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ ഉയർച്ചയും പരീക്ഷയിൽ മികച്ച വിജയവും ലഭിക്കും. നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം.ആയിരം വിഷ്ണുനാമ തുല്യമാണ് ഒരു ശിവനാമം. ആയിരം ശിവനാമത്തിന് തുല്യമാണ് ദേവിനാമം എന്ന് ആചാര്യന്മാർ പറയുന്നു.
ലളിതാസഹസ്രനാമ ജപം
മാതൃരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. മാതൃ സ്നേഹത്തിന്റെ അളവ് വിവരണാതീതമാണ്. അതുപോലെ തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു പൗർണ്ണമി ദിനത്തിൽ ലളിതസഹസ്രനാമം ചെല്ലുന്നത് ദേവീപ്രീതികരമാണ്. ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ശ്രവിക്കുന്നതും ഉത്തമമാണ്.
കുടുംബൈശ്വര്യം നേടാം
ദേവീപ്രീതികരമായ കർമ്മങ്ങൾ ഭവനത്തിൽ അനുഷ്ഠിക്കാൻ ഏറ്റവും നല്ല ദിനമാണിത്. ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണ്ണമി ദിനാചരണം.
വീടൊരുക്കണം
സൂര്യോദയത്തിനുമുന്നെ വീടും പരിസരവും വൃത്തിയാക്കി ശരീരശുദ്ധി വരുത്തിയശേഷം നിലവിളക്കു കൊളുത്തി പ്രാർത്ഥിക്കുക. നിലവിളക്കിന് മുൻപിലോ പ്രധാനവാതിലിൽ നിന്ന് കാണുന്ന രീതിയിലോ അഷ്ടമംഗല്യം ഒരുക്കിവയ്ക്കുക. പ്രധാനവാതിലിന് മുകളിൽ മാവിലകൊണ്ടോ ആലിലയും മാവിലയും ചേർത്തോ തോരണം ചാർത്തുക ഇതെല്ലാം നല്ലതാണ്.
ALSO READ
ഭഗവതിക്ക് നേദിക്കണം
അന്നപൂർണേ സദാപൂർണേ,
ശങ്കരപ്രാണ വല്ലഭേ
ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം,
ഭിക്ഷാം ദേഹി ച പാർവതി
എന്ന് മൂന്നുതവണ ജപിച്ചുകൊണ്ട് ഭഗവതിക്ക് നേദിക്കുക എന്ന സങ്കൽപ്പത്തിൽ അരിയിടുക, അന്നദാനം നടത്തുക എന്നിവയും ഈ ദിവസത്തെ ശ്രേഷ്ഠ കർമ്മങ്ങളാണ്. അന്നേദിവസം ഭവനത്തിൽ മത്സ്യമാംസാദികൾ പാകം ചെയ്യുന്നത് ഒഴിവാക്കുക. കുടുംബാംഗങ്ങൾ കഴിവതും സസ്യാഹാരം കഴിക്കുക.
കലഹം, പരദൂഷണം പാടില്ല
കലഹം, പരദൂഷണം, കുറ്റപ്പെടുത്തൽ എന്നിവ പാടില്ല. ഭവനത്തിൽ സത്സംഗം, ഭജന, ലളിതാസഹസ്രനാമ ജപം എന്നിവ നടത്തുന്നത് അത്യുത്തമം. സന്ധ്യസമയത്തു വിളക്ക് കൊളുത്തി ദേവീപ്രീതികരമായ നാമങ്ങൾ ജപിക്കണം. അഷ്ടഗന്ധം പുകയ്ക്കുന്നതും നന്ന്.
വാസ്തുദോഷങ്ങൾ മാറാൻ
പൗർണ്ണമി ദിവസം വീടിന്റെ പ്രധാന വാതിലിന്റെ കട്ടിളയിൽ നീളത്തിലും വീതിയിലും ചാർത്തിയ.കറുകമാല, വെറ്റിലമാല എന്നിവ പിറ്റേന്ന് ശുദ്ധജലത്തിൽ മുക്കി വീടിനകത്തും പുറത്തും പുരയിടത്തിലും തളിക്കുന്നത് വാസ്തു ദോഷങ്ങൾ മാറാൻ ഒരു ഉത്തമ പരിഹാരമാണ്. തളിച്ചശേഷം ഈ മാലകൾ അലക്ഷ്യമായി വലിച്ചെറിയാതെ ഒഴുക്കുള്ള വെള്ളത്തിൽ വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞു കളയണം.
വ്രതാനുഷ്ഠാനം ഇങ്ങനെ
പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം . സന്ധ്യക്ക് നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. മംഗല്യവതികളായ സ്ത്രീകൾ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗർണ്ണമി ദിവസം ചൂടുന്നത് ദാമ്പത്യ സൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമം.
സര്‍വ്വദേവതാപ്രീതി നേടാം
ദേവീപ്രീതിക്ക് എന്ന് പറയുന്നുവെങ്കിലും സര്‍വ്വദേവതാപ്രീതിക്കും ഈ ദിവസം ഉത്തമമാണ്. വ്രതത്തോടുകൂടി ചെയ്യുന്ന ഏതൊരു പ്രാര്‍ത്ഥനയും പൂജയും പെട്ടെന്ന് ഗുണം നല്‍കും. ശൈവ-വൈഷ്ണവ- ശാക്തേയമായ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഈ ദിവസം ഉത്തമമാണ്. ലളിതാസഹസ്രനാമം, ദേവീമൂലമന്ത്രം എന്നിവ ജപിച്ച് ദേവിയെ പ്രാര്‍ത്ഥിക്കുന്നത് ഇഷ്ടസിദ്ധിക്കും ഗുണകരമാണ്.
18 വ്രതം കാര്യസിദ്ധി ഉറപ്പാക്കും
ഉപാസനാസംബന്ധമായ തടസ്സം അകലാനും ഈ ദിവസത്തെ വ്രതം ഉത്തമം. പൗര്‍ണ്ണമിയുടെ പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലെ തീര്‍ത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം. 18 പ്രാവശ്യം ചിട്ടയായി പൗർണ്ണമി ദിവസം വ്രതമെടുത്താല്‍ ഇഷ്ടകാര്യസിദ്ധി, ദുരിതശാന്തി എന്നിവ ഉണ്ടാകും. മിക്ക പൗർണ്ണമിയും പലപേരുകളിൽ ആഘോഷിക്കുന്നു. എല്ലാ പൗർണ്ണമിക്കും സത്യനാരായണ വ്രതം എന്നപേരിൽ ചിലർ ഉപവസിക്കാറുണ്ട്.
വ്യത്യസ്ത ഫലങ്ങൾ
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ചിങ്ങം മാസത്തിലെ പൗർണമിവ്രതം കുടുംബഐക്യത്തിനും കന്നിയിലെ സമ്പത്ത് വർദ്ധനയ്ക്കും തുലാത്തിലെ വ്രതം വ്യാധിനാശത്തിനും വൃശ്ചികത്തിലെ വ്രതം സത്കീർത്തിയും ധനുവിലെ വ്രതം ആരോഗ്യവർദ്ധനവിനും കുംഭമാസത്തിലെ വ്രതം ദുരിതനാശത്തിനും മീനത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിക്കുന്നതിനും മേടത്തിലെ വ്രതം ധാന്യവർദ്ധനയും ഇടവമാസത്തിലെ വ്രതം വിവാഹതടസം മാറുന്നത്തിനും മിഥുനത്തിലെ വ്രതം പുത്രഭാഗ്യത്തിനും കർക്കടകത്തിലെ വ്രതം ഐശ്വര്യവർദ്ധനയ്ക്കും കാരണമാവുന്നു.
ദീർഘമംഗല്യത്തിന് മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോ നമഃ
പ്രാർത്ഥനാ മന്ത്രങ്ങൾ
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
ഓം ആയുര്‍ദേഹി
ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി

ജോതിഷി പ്രഭാ സീന സി പി
(+91 9961 442256, 989511 2028)
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email: prabhaseenacp@gmail.com)
Story Summary : Powrnami Virtham : The Most Divine Ritual for Blessing of Mother Goddesses Adiparashakti
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved