Wednesday, February 4, 2026
Wednesday, February 4, 2026
Home » വാരാഹി പഞ്ചമിയും വെള്ളിയാഴ്ചയും ഒന്നിച്ച് വരുന്നത് ഇരട്ടി ഫലദായകം

വാരാഹി പഞ്ചമിയും വെള്ളിയാഴ്ചയും ഒന്നിച്ച് വരുന്നത് ഇരട്ടി ഫലദായകം

by മംഗളഗൗരി
0 comments

മകരമാസത്തിലെ ശുക്ലപക്ഷ പഞ്ചമി 2026 ജനുവരി 23 വെള്ളിയാഴ്ചയാണ്. ദേവി ഉപാസനയ്ക്ക് പ്രധാനമായ വെള്ളിയാഴ്ച സപ്തമാതാക്കളിലെ അഞ്ചാമത്തെ ഭഗവതിയായ വാരാഹി ഭജനത്തിന് ശ്രേഷ്ഠമായ പഞ്ചമി കൂടി വരുന്നത് ഇരട്ടി ഫലദായകമായി കരുതുന്നു.

അഞ്ചു വിധ ദു:ഖങ്ങളും മാറ്റും
വരാഹരൂപം പൂണ്ട ഈ ഭഗവതി പഞ്ചമി, ദണ്ഡനാഥ, പോത്രിണി, വാർത്താളി, സമയേശ്വരി, അരിഘ്നി, പഞ്ചുരുളി, പന്നിമുഖി, ദണ്ഡനാ, താന്ത്രിക ലക്ഷ്മി, വാരാഹി ലക്ഷ്മി, അഷ്ടലക്ഷ്മിസ്വരൂപിണി, പാതിരാ പഞ്ചമി, രാത്രി ഭഗവതി തുടങ്ങി അനേകമനേകം പേരുകളിൽ അറിയപ്പെടുന്നു. കഠിനമായ വ്രതങ്ങളോ, പൂജകളോ നിഷ്ഠകളോ കൂടാതെ ഭക്തർക്ക് വേഗം അനുഗ്രഹം ചൊരിയുന്ന വാരാഹി ദേവി ദാരിദ്ര്യവും കഷ്ടതകളും അഞ്ചു വിധത്തിലുള്ള ദു:ഖങ്ങളും
ഇല്ലായ്മ ചെയ്യുന്നതു കൊണ്ടാണ് പഞ്ചമി ദേവിയായത്. ഐശ്വര്യം, വിജയം, സമ്പത്ത് ഇവയുടെ മൂർത്തരൂപമായ വാരാഹിയെ ആരാധിക്കാൻ ഏറ്റവും പ്രധാനം രണ്ട് പക്ഷത്തിലെയും പഞ്ചമിതിഥികളാണ്. മഹാലക്ഷ്മിയുടെ താന്ത്രിക രൂപമായ ഈ ഭഗവതിയെ ത്രിപുരസുന്ദരിയുടെ സേനാ നായികയായിട്ടും, വരാഹരൂപം പൂണ്ട മഹാകാളിയായും കാലത്തിന്റെ അധിപതിയായ സമയേശ്വരിയായും ഇഷ്ട വരദായിനിയായും ദുരിതങ്ങൾ സ്തംഭിപ്പിക്കുന്നവളായും ഭൂമിയുടെ അധിപതിയായും ക്ഷിപ്രപ്രസാദിയായും ആരാധിക്കപ്പെടുന്നു.

സമയക്രമം മാറ്റാതെ ഭജിക്കണം
വെറുതെ ശ്രീ വാരാഹി ദേവിയുടെ പേരൊന്ന് പറഞ്ഞാൽ മതി ആ ക്ഷണത്തിൽ ഭയം മാറും. ദു:ഖവും സങ്കടവും ചപലതയും ഒഴിയും. ബീജ മന്ത്രങ്ങൾ ജപിച്ച് ശ്രീ വാരാഹി ദേവിയെ ഭജിക്കാൻ കഴിയാത്ത സാധാരണ ഭക്തർക്ക് ദ്വാദശ നാമങ്ങളാൽ അമ്മയെ ഭജിക്കാൻ ഏറ്റവും ഉത്തമമായ സമയം രാത്രി 7 മുതൽ 9 വരെയാണ്. ദിവസവും ഈ സമയത്ത് തന്നെ ഉപാസിക്കണം. തന്നിഷ്ടം പോലെ സമയക്രമം മാറ്റരുത്.

പഞ്ചമി പുരസ്‌കാരം എം ജി ശ്രീകുമാറിന്
വാരാഹി ദേവി പ്രധാന പ്രതിഷ്ഠയായ തിരുവനന്തപുരം, പേട്ട കല്ലുമ്മൂട് ശ്രീ പഞ്ചമി വാരാഹി ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശ്രീ പഞ്ചമി പുരസ്‌കാരം മലയാളികളുടെ പ്രിസിദ്ധ ഗായകന്‍ എം ജി ശ്രീകുമാറിന് സംസ്ഥാന ഗവർണ്ണർ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
ഇന്ന്, ജനുവരി 21 ബുധനാഴ്ച സമ്മാനിച്ചു. 50,000 രൂപയും ആര്‍ട്ടിസ്റ്റ് ദേവദാസ് രൂപകല്‍പ്പന ചെയ്ത വാഗ്ദേവതയുടെ ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അശ്വതി മഹോത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന് വൈകിട്ട് 7ന് തിരുവനന്തപുരം പേട്ട ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്. തിരുവനന്തപുരം മേയറർ വി വി രാജേഷ് ചടങ്ങില്‍ പങ്കെടുത്തു.

വാരാഹി ദ്വാദശനാമം വേഗം ഫലം തരും
ഭക്തിക്ക് മുന്നിൽ അതിവേഗത്തിൽ പ്രസാദിക്കുന്ന വാരാഹി ദേവിയുടെ 12 ദിവ്യ നാമങ്ങൾ ശ്രീലളിതോപാഖ്യാനം 11-ാം അദ്ധ്യായത്തിലാണുള്ളത്. അതാണ് വാരാഹി ദ്വാദശനാമവും സ്തോത്രവും. ഇതിലെ ഒരോ നാമം കൊണ്ടും ആരംഭിക്കുന്ന 12 ശ്ലോകങ്ങളാണ് ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം. ഇത് എന്നും രാത്രി ഒരേ സമയത്ത് പതിവായി ജപിക്കുന്ന ഭക്തർക്ക് ചുറ്റും വജ്റ പഞ്ജരം പോലെ അഭേദ്യമായ ഒരു കവചം ദേവി ഒരുക്കും. ദേവീ പ്രധാന ദിവസങ്ങളിൽ പ്രത്യേകിച്ച് രണ്ട് പക്ഷത്തിലെയും പഞ്ചമിക്ക് ഇത് ജപിച്ചാൽ അതിവേഗം ഫലം കിട്ടുമെന്ന് പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട്ഗോപൻ ആലപിച്ച വാരാഹി ധ്യാനവും ദ്വാദശ നാമവും സ്തോത്രവും കേൾക്കാം:

Story Summary: Shukla Paksha Varahi Panchami of Makaram Month on January 23,2026

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?