ശ്രീരാമൻ ശിവലിംഗ പ്രതിഷ്ഠ നടത്തിയതിനെക്കുറിച്ച് പുരാണങ്ങളിൽ വ്യത്യസ്തമായ പരാമർശങ്ങളുണ്ട്. പ്രധാനമായും രാമേശ്വരത്തെ പ്രതിഷ്ഠയെക്കുറിച്ചാണ്
ഇത്തരത്തിൽ വ്യത്യസ്തമായ രേഖപ്പെടുത്തലുകൾ കാണുന്നത്.
ബ്രഹ്മഹത്യാ പാപം തീർക്കാൻ
രാമരാവണ യുദ്ധത്തിൽ ബ്രാഹ്മണനായ രാവണനെ വധിച്ചതിലൂടെയുണ്ടായ ബ്രഹ്മഹത്യാ പാപം തീർക്കാനായി അഗസ്ത്യ മുനിയുടെ നിർദ്ദേശപ്രകാരം ശ്രീരാമൻ ശിവലിംഗ പ്രതിഷ്ഠ നടത്തിയെന്നാണ് സ്കന്ദ പുരാണം പറയുന്നത്. ജ്യേഷ്ഠ മാസത്തിലെ ശുക്ലപക്ഷ ദശമി തിഥിയിലാണ് ഈ പ്രതിഷ്ഠാകർമ്മം നടന്നതെന്ന് സ്കന്ദപുരാണം വ്യക്തമാക്കുന്നു.
സേതുബന്ധനത്തിന് മുൻപ്
അദ്ധ്യാത്മ രാമായണം അനുസരിച്ച് ശ്രീരാമദേവൻ ശിവലിംഗ പ്രതിഷ്ഠ നടത്തിയത് സേതുബന്ധനത്തിന് മുമ്പാണ്. ലങ്കയിലേക്കുള്ള രാമസേതു നിർമ്മിക്കും മുമ്പ് യുദ്ധവിജയത്തിനായി ശ്രീരാമൻ ശിവലിംഗം പ്രതിഷ്ഠിച്ച് പ്രാർത്ഥിച്ചിരുന്നു.
രാമലിംഗം, വിശ്വലിംഗം
ഇത് സംബന്ധിച്ച് ഒരു ഉപകഥയുമുണ്ട്. ശ്രീരാമന് പ്രതിഷ്ഠിക്കാൻ ശിവലിംഗം കൊണ്ടുവരാൻ ഹനുമാൻ സ്വാമി കൈലാസത്തിൽ പോയി. എന്നാൽ ശിവലിംഗവുമായി ആഞ്ജനേയൻ തിരിച്ചെത്താൻ വൈകിയതിനാൽ, പ്രതിഷ്ഠയ്ക്കായി നിശ്ചയിച്ചിരുന്ന ശുഭമുഹൂർത്തം തെറ്റാതിരിക്കാൻ സീതാദേവി മണൽകൊണ്ട് നിർമ്മിച്ച ശിവലിംഗമാണ് ശ്രീരാമൻ ആദ്യം പ്രതിഷ്ഠിച്ചത്. രാമലിംഗം എന്ന് ഇത് അറിയപ്പെടുന്നു. പിന്നീട് ഹനുമാൻ സ്വാമി കൊണ്ടുവന്ന ശിവലിംഗവും സമീപത്തായി പ്രതിഷ്ഠിച്ചു. താൻ കൊണ്ടുവന്ന ലിംഗം സ്ഥാപിക്കാനായി മണൽ ലിംഗം മാറ്റാൻ ഹനുമാൻ തന്റെ വാലുകൊണ്ട് ചുറ്റി വലിച്ച് കഠിനമായി ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ഒടുവിൽ ശ്രീരാമൻ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി എന്നുമാണ് ഐതിഹ്യം.

ആദ്യപൂജ ഹനുമലിംഗത്തിന്
രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ ഈ രണ്ട് ശിവലിംഗങ്ങളുമുണ്ട്. രാമലിംഗവും വിശ്വലിംഗം അഥവാ ഹനുമലിംഗവും. ഇതിനെ കാശി വിശ്വനാഥർ എന്നും വിളിക്കാറുണ്ട്. ഹനുമാൻസ്വാമി കൊണ്ടുവന്ന വിശ്വലിംഗത്തിനാണ് രാമേശ്വരം ക്ഷേത്രത്തിൽ ഇപ്പോഴും ആദ്യം പൂജ നടത്തുന്നത്. പ്രിയ ഭക്തൻ്റെ പ്രയത്നത്തെ മാനിച്ച് ശ്രീരാമ സ്വാമിയാണ് ആദ്യ പൂജ വിശ്വലിംഗത്തിന് നൽകണം എന്ന് അരുളിച്ചെയ്തത്.
അഷ്ടോത്തരങ്ങളിലെ പാഠഭേങ്ങൾ
ശ്രീരാമ അഷ്ടോത്തര ശതനാമാവലിയിലെ 95-ാം നാമമാണ് ശിവലിംഗ പ്രതിഷ്ഠാത്രേ നമഃ എന്നത് . ചില ശ്രീരാമ അഷ്ടോത്തര ശതനാമാവലികളിൽ ഇതിന് പകരം വിഭീഷണ പ്രതിഷ്ഠാത്രേ എന്ന നാമമാണുള്ളത്. മറ്റ് ചില അഷ്ടോത്തര ശതനാമാവലികളിൽ 94-ാം നാമമായി വിഭീഷണ പ്രതിഷ്ഠാത്രേയും അടുത്തതായി ശിവലിംഗ പ്രതിഷ്ഠാത്രേയും ചേർത്തിരിക്കുന്നു. മിക്കവാറും എല്ലാ ദേവതകളുടെയും അഷ്ടോത്തര ശതനാമാവലികളിൽ ഇത്തരത്തിൽ പാഠഭേങ്ങൾ കാണാം. ഇത് കാലാകാലങ്ങളിൽ ഒരോ ആചാര്യന്മാർ വരുത്തുന്ന മാറ്റങ്ങളാകാനേ തരമുള്ളു. ഏറെ പ്രചാരം നേടിയ ശ്രീരാമ അഷ്ടോത്തര ശതനാമാവലിയിൽ വിഭീഷണ പ്രതിഷ്ഠാത്രേ ചേർത്തിട്ടേയില്ല. അതിന് പകരമായി ജരാമരണ വർജ്ജിതായേ എന്ന നാമമാണ് കാണുന്നത്.
ALSO READ
വിഭീഷണനെ പ്രതിഷ്ഠിച്ചവൻ
വിഭീഷണ പ്രതിഷ്ഠാത്രേ എന്ന നാമത്തിൻ്റെ അർത്ഥം വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിച്ചവൻ അഥവാ പ്രതിഷ്ഠിച്ചവൻ എന്നാണ്. വിഭീഷണനെ ലങ്കാ രാജാവായി വാഴിച്ചത് ശ്രീരാമ ഭഗവാനാണല്ലോ. രാവണന്റെ സഹോദരനായിരുന്നിട്ടും അധർമ്മത്തിന്റെ പാത ഉപേക്ഷിച്ച് ശ്രീരാമനെ ശരണം പ്രാപിച്ച വ്യക്തിയായിരുന്നു വിഭീഷണൻ. രാവണവധത്തിന് ശേഷം, ലങ്ക വിഭീഷണന് നൽകുമെന്ന് ശ്രീരാമ ദേവൻ നേരത്തെ നൽകിയ വാക്ക് പാലിച്ചു. അദ്ദേഹത്തെ ലങ്കാധിപതിയായി അഭിഷേകം ചെയ്യുകയും ചെയ്തു. ശ്രീരാമന് തന്റെ ഭക്തരോടുള്ള കരുണയും വാഗ്ദാനം പാലിക്കാനുള്ള നിഷ്ഠയും ഈ നാമം സ്മരിക്കുന്നു.
ജയ് ശ്രീറാം ! ജയ് ഹനുമാൻ !
Story Summary: The Myths about two primary Shivalingas in the inner sanctum of Rameswaram Temple
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.