Friday, February 6, 2026
Friday, February 6, 2026
Home » കുടുംബ ജീവിതത്തിൽ പുരോഗതിയും സന്തോഷവും നിറയ്ക്കും മഹാശിവരാത്രി

കുടുംബ ജീവിതത്തിൽ പുരോഗതിയും സന്തോഷവും നിറയ്ക്കും മഹാശിവരാത്രി

0 comments

കുടുംബ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും സമാധാനവും നൽകുന്ന, ആഗ്രഹിക്കുന്ന ന്യായമായ എന്ത് കാര്യവും കരഗതമാക്കാൻ സഹായിക്കുന്ന മഹാവ്രതമാണ് മഹാശിവരാത്രി വ്രതം. ശിവപ്രീതി നൽകുന്ന എട്ടു വ്രതങ്ങളിൽ മുഖ്യമാണ് സകല പാപങ്ങളും നശിപ്പിക്കുന്ന ശിവരാത്രി വ്രതം. ഈ മഹാവ്രതാനുഷ്ഠാന ഫലമായി കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും സന്തോഷവും നിറയും എന്നാണ് വിശ്വാസം. ശ്രദ്ധയോടും ശുദ്ധിയോടും ഭക്തിയോടും കൂടി ശിവരാത്രി വ്രതം നോൽക്കുന്ന ഭക്തർക്കും ജീവിതപങ്കാളിക്കും ദീര്‍ഘായുസ്സുണ്ടാകും. ദമ്പതികൾ ഒന്നിച്ച് ശിവരാത്രിയിൽ വ്രതം അനുഷ്ഠിക്കുന്നത് അവരുടെ കുടുംബത്തിൻ്റെയും മക്കളുടെയും എല്ലാവിധത്തിലെ പുരോഗതിക്കും വളരെ നല്ലതാണ്.

ശിവരാത്രി മഹോത്സവം തുടങ്ങി
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിയോട് ചേർന്നാണ് പ്രദോഷവും ശിവരാത്രി വ്രതാനുഷ്ഠാനവും വരുന്നുത്. അതായത് ശിവപ്രീതികരമായ കുംഭത്തിലെ കൃഷ്ണപക്ഷ പ്രദോഷവും ശിവരാത്രിയും ഒരുമിച്ചും അനുഷ്ഠിക്കാവുന്ന ദിനങ്ങളാണ് സമാഗതമാകുന്നത്. കുംഭത്തിലെ കറുത്ത പക്ഷ പ്രദോഷം ഫെബ്രുവരി 14 നും മഹാശിവരാത്രി ഫെബ്രുവരി 15 നും ആചരിക്കുന്നു എന്ന് ചുരുക്കം. ശിവ ക്ഷേത്രങ്ങളിൽ അതിവിപുമായാണ് മഹാശിവരാത്രി കൊണ്ടാടുന്നത്. ഇതോടനുബന്ധിച്ച് വാർഷിക ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളിൽ അതിൻ്റെ തൃക്കൊടിയേറ്റു കഴിഞ്ഞു. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും 10 ദിവസത്തെ മഹോത്സവമാണ് ഈ വേളയിൽ നടക്കുന്നത്. തിരുവാതിരയ്ക്ക് ഉത്സവമുള്ള ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം പ്രത്യേക വിശേഷമായി നടക്കും.

ഭഗവാൻ നീലകണ്ഠനായ പുണ്യ ദിനം
പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോകരക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാകാതെ വരുന്നതിന് ശ്രീപാർവതീ ദേവി ഭഗവാന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ ശ്രീഹരി വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവിയും കൂട്ടരും ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് ഇത് സംബന്ധിച്ച മുഖ്യ ഐതിഹ്യം.

വ്രതാനുഷ്ഠാനം എങ്ങനെ വേണം
മഹാശിവരാത്രിയുടെ തലേദിവസം കൃഷ്ണപക്ഷ പ്രദോഷം കൂടി വരുന്നതിനാൽ മൂന്ന് ദിവസം – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നത് ഏറ്റവും നല്ലതാണ്. അതിന് കഴിയാത്തവർ തലേന്ന് ഒരിക്കലോടെ വ്രതം തുടങ്ങണം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല . ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ഭസ്മം ധരിച്ച് ഓം നമഃ ശിവായ ജപിച്ച് നടത്തി ക്ഷേത്രദർശനം നടത്തുക. ശിവരാത്രി ദിനത്തിൽ പൂർണ്ണ ഉപവാസമാണ് വേണ്ടത് . ആരോഗ്യപരമായി അതിനു കഴിയാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുളള നിവേദ്യമോ കരിക്കിൻ വെളളമോ പഴങ്ങളോ കഴിക്കാവുന്നതാണ്. മഹാശിവരാത്രി ദിവസം ശിവപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ് . അതിൽ ഏറ്റവും പ്രധാനമാണ് അന്നദാനം. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം.

ശിവക്ഷേത്രദർശനവും ബലിതർപ്പണം
മഹാശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയുന്നു. പ്രദോഷ ദിവസവും ശിവരാത്രി നാളിലും കഴിയുന്നത്ര തവണ ഓം നമഃ ശിവായ ജപിക്കണം. ശിവപഞ്ചാക്ഷര സ്തോത്രം, ബില്വാഷ്ടകം, ശിവാഷ്ടകം, ദാരിദ്ര്യദഹന ശിവ സ്തോത്രം, വിശ്വനാഥാഷ്ടകം, ലിംഗാഷ്ടകം, കാലഭൈരവാഷ്ടകം, ശിവാഷ്ടോത്തരം, ശിവസഹസ്രനാമം എന്നിവ ഭക്തിപൂർവം ജപിക്കണം.

മുഖ്യം കൂവളാർച്ചന, ധാര
കൂവളദള സമർപ്പണം, ധാര എന്നിവയാണ് ഈ ദിവസം നടത്തുന്ന വഴിപാടുകളിൽ ഏറ്റവും പ്രധാനം. ഞായർ, തിങ്കൾ, പ്രദോഷം, ശിവരാത്രി ദിവസങ്ങളിൽ കൂവള ദളം ഇറുക്കരുത്. ശനിയാഴ്ച ഇറുത്തു വച്ച് വെള്ളം തളിച്ച് സുക്ഷിച്ച ശേഷം ശിവഭഗവാന് സമർപ്പിക്കാം. കൂവളദളം വാടിയാലും ശ്രേഷ്ഠത്വം നഷ്പ്പെടില്ല. അന്ന് പിൻവിളക്ക്, മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി എന്നിവയും സമർപ്പിക്കാം. ദാമ്പത്യ ദുരിതത്താൽ ക്ലേശിക്കുന്നവർ ഉമാമഹേശ്വരപൂജ, ഐക്യമത്യസൂക്ത അർച്ചന എന്നി നടത്തണം. വിവാഹം വൈകുന്നവർ അതിനുള്ള പരിഹാരമായി സ്വയംവരപുഷ്‌പാഞ്‌ജലി സമർപ്പിക്കുക വളരെയേറെ നല്ലതാണ്.

ALSO READ

വിശ്വനാഥാഷ്ടകം വീഡിയോ
കാശീപുരേശ്വരനായ ശിവഭഗവാൻ്റെ സ്തുതികളിൽ പ്രധാനവും ക്ഷിപ്രഫലസിദ്ധികരവുമായ ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന വിശ്വനാഥാഷ്ടകം കേൾക്കാം:

ജ്യോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary: Significance and Benefits of Maha Shivaratri Vritham 2026

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?