മീനമാസത്തിൽ പൗർണ്ണമിയോടുകൂടി ഉത്രം നക്ഷത്രവും ചേർന്നു വരുന്ന സുദിനത്തെയാണ് പൈങ്കുനി ഉത്രം എന്നു വിശേഷിപ്പിക്കുന്നത്. ഇത് ഒരു പുണ്യദിനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒട്ടേറെ സവിശേഷതകളാണ് പൈങ്കുനി ഉത്രത്തിനുള്ളത്. പഴനിയിലും ശബരിമലയിലുമൊക്കെ ഈ ദിവസം അതിവിശിഷ്ടമാണ്. എട്ട് മഹാവ്രതങ്ങളിൽ ഒന്നാണ് പൈങ്കുനി ഉത്രമെന്ന് സക്ന്ദപുരാണം പറയുന്നു.
ഈ പുണ്യദിനത്തിന്റെ സവിശേഷതകളെക്കുറിച്ച് പറഞ്ഞാലൊടുങ്ങുകയില്ല.
1
പൈങ്കുനി ഉത്രം നാളിൽ കത്തിച്ചു വയ്ക്കുന്ന നിലവിളക്കിൽ പരമശിവനും പാർവ്വതിദേവിയും ഐക്യരൂപമായി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. പൈങ്കുനി ഉത്രം പൂജ കഴിഞ്ഞ് സാധുക്കളായ വൃദ്ധ ദമ്പതികൾക്ക് അന്നം നൽകി ഉപചരിച്ചാൽ പുണ്യം കിട്ടുമെന്ന് വിശ്വാസം.
2
പൈങ്കുനി ഉത്രവ്രതമെടുത്ത് ക്ഷേത്രദർശനത്തിന് വരുന്ന ഭക്തർക്ക് ദാഹജലം നൽകിയാൽ ശത്രുതകൾ അകലുന്നതോടൊപ്പം പുണ്യവും കിട്ടും.
3
കല്യാണവ്രതം എന്നും പൈങ്കുനി ഉത്രത്തെ
വിശേഷിപ്പിക്കുന്നു. വിവാഹതടസ്സമുള്ളവർ പൈങ്കുനി ഉത്രം നാളിൽ യഥാവിധി വ്രതം അനുഷ്ഠിച്ച്
ദമ്പതികളായിട്ടുള്ള മൂർത്തികളെ പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹഭാഗ്യമുണ്ടാകും.
4
ദേവവിവാഹങ്ങൾ പലതും പൈങ്കുനി ഉത്രം നാളിൽ നടന്നതായിട്ടാണ് പുരാണങ്ങളിൽ പറയുന്നു. ശ്രീരാമൻ- സീതാദേവി, ലക്ഷ്മണൻ- ഊർമ്മിള, ഭരതൻ-മാണ്ഡവി, ശത്രുഘ്‌നൻ-ശ്രുതകീർത്തി എന്നിവരുടെ വിവാഹങ്ങൾ പൈങ്കുനി ഉത്രം നാളിലാണ് നടന്നതത്രേ.
5
മധുരയിൽ എഴുന്നെള്ളിയ ശിവൻ മീനാക്ഷി ദേവിയെ വിവാഹം ചെയ്ത് ശ്രീ മീനാക്ഷി സുന്ദരേശ്വരനായി ദർശനം നൽകിയത് പൈങ്കുനി ഉത്രം നാളിലാണ്.
6
തപസ്‌സിനെ തടസ്സപ്പെടുത്തിയ കാമദേവനെ ശിവൻ തൃക്കണ്ണാൽ ദഹിപ്പിച്ച് ചാമ്പലാക്കിയതിൽ ദു:ഖിതയായ മന്മഥന്റെ പത്‌നി രതിദേവി തന്റെ പതിയെ പുനരുജ്ജീവിപ്പിക്കണമെന്ന് ശിവനോട് കേണപേക്ഷിച്ചു. പാർവതി ദേവിയുടെ ആഗ്രഹം
മാനിച്ച് രതിദേവിയിൽ ദയാലുവായ ശിവൻ മന്മഥനെ അവളുടെ കണ്ണുകൾക്ക് മാത്രം കാണത്തക്കരീതിയിൽ പുനരുജ്ജീവിപ്പിച്ചതും പൈങ്കുനി ഉത്രദിവസമാണ്.
7
ഉത്രം നക്ഷത്രത്തിന്റെ നായകൻ സൂര്യനാണ്. ഉത്രം നക്ഷത്രം പൂർണ്ണചന്ദ്രനൊപ്പം ചേരുന്ന ദിവസമാണ് പൈങ്കുനി ഉത്രം. സൂര്യൻ, ചന്ദ്രൻ ഇരുവരുടെയും ബന്ധമുള്ളതിനാൽ ഈ സുദിനത്തിന് ഏറെ പ്രത്യേകതയുണ്ട്.
8
പൈങ്കുനി ഉത്രം, വ്രതം അനുഷ്ഠിച്ചാണ് ശ്രീമഹാലക്ഷ്മി മഹാവിഷ്ണുവിന്റെ മാറിൽ നിരന്തരമായ സ്ഥാനം നേടിയത്. പൈങ്കുനി മാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് ദേവി അവതരിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്. ബ്രഹ്മാവ്-സരസ്വതി, ദേവേന്ദ്രൻ- ഇന്ദ്രാണി എന്നിവരും പൈങ്കുനി ഉത്രം വ്രതം അനുഷ്ഠിച്ചതു കൊണ്ടാണ് അവർക്ക്
മംഗല്യഭാഗ്യം ലഭിച്ചതെന്നും പുരാണങ്ങൾ പറയുന്നു.
9
പൈങ്കുനി മാസത്തിൽ ജനിച്ചതുകൊണ്ട് അർജ്ജുനന് ഫൽഗുനൻ എന്നും പേരുണ്ടായി.
10
മുരുകന്റെ ശ്രേഷ്ഠദിനങ്ങളിൽ പൈങ്കുനി ഉത്രത്തിനും പ്രത്യേക പങ്കുണ്ട്. ഇന്ദ്രന്റെ മകൾ ദേവയാനിയെ മുരുകൻ വിവാഹം കഴിച്ചതും വള്ളി കുറത്തിയായി അവതരിച്ചതും ഈ ദിവസമാണ്.
11
മുരുകൻ ശിവന് പ്രണവമന്ത്രത്തിന്റെ പൊരുൾ ഉപദേശിച്ചു കൊടുത്തത് പൈങ്കുനി ഉത്രത്തിനാണ്. ഈ ദിവസത്തെ വ്രതനാളായി അനുഷ്ഠിച്ച് മുരുകനെ പൂജിച്ചു പ്രാർത്ഥിക്കുന്ന കന്യകമാർക്ക് പെട്ടെന്ന് മംഗല്യഭാഗ്യം സിദ്ധിക്കുമെന്നും വിവാഹിതരായ സ്ത്രീകൾ ദീർഘസുമംഗലികളായിരിക്കുമെന്നാണ് വിശ്വാസം.
12
സൂര്യൻ മീനം രാശിയിൽ നിൽക്കുമ്പോൾ വെളുത്തപക്ഷത്തിലെ ഉത്രം നക്ഷത്രത്തിൽ
അയ്യപ്പന്റെ അവതരിച്ചതിനാൽ ശബരിമല ആറാട്ട്
പൈങ്കുനി ഉത്രത്തിനാണ്.
Story Summary: Different Myths and Speciallties of Paikuni Utram
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.