മേടമാസത്തിലെ സുപ്രധാന പുണ്യദിനമായ അക്ഷയതൃതീയ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ്. ശ്രീശങ്കരാചാര്യർ കനകധാരാസ്തവം ചൊല്ലി ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തി സ്വർണ്ണനെല്ലിക്കകൾ വീഴ്ത്തിയത് അക്ഷയതൃതീയ ദിവസമായിരുന്നു. 2026 ഏപ്രിൽ 19 ഞായറാഴ്ചയാണ് അക്ഷയതൃതീയ.
ദുരിതം നീങ്ങി ഭാഗ്യം വരും
ലക്ഷ്മീദേവിയെയും മഹാവിഷ്ണുവിനെയും ഈ ദിവസം മുഖ്യമായും ആരാധിക്കണം. വീട്ടിൽ പൂജാമുറിയിൽ നെയ് വിളക്ക് കൊളുത്തി ലക്ഷ്മി, വിഷ്ണു, കുബേര പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. വിഷ്ണുവിന് വെള്ളത്താമരയോ വെള്ള റോസയോ സമർപ്പിച്ച് അക്ഷയതൃതീയ ദിവസം പ്രാർത്ഥിച്ചാൽ നമ്മുടെ മനം നിറയുന്ന തരത്തിൽ ഭാഗ്യവർദ്ധനവ് ഉണ്ടാകും. ലക്ഷ്മി ദേവിക്ക് മുന്നിൽ ചുവന്ന പൂക്കളും കുങ്കുമപ്പട്ടും വച്ച് പ്രാർത്ഥിച്ചാൽ സാമ്പത്തിക ദുരിതം ഒഴിഞ്ഞു പോകും. വിഷ്ണുവിനെയും ലക്ഷ്മിയെയും തുളസിയില അർച്ചിച്ച് പൂജിച്ചാൽ ഐശ്വര്യം ഭാഗ്യവർദ്ധന എന്നിവ ഉണ്ടാകും. ശിവ – പാർവ്വതി ക്ഷേത്രത്തിൽ ഉമാ മഹേശ്വരമന്ത്രാർച്ചന നടത്തിയാൽ കുടുംബത്തിൽ ഐശ്വര്യമുണ്ടാകും. അവിവാഹിതകൾ അന്ന് ഉപവസിച്ച് ലക്ഷ്മീ ദേവിക്ക് ഫലമൂലാദികൾ ദാനം ചെയ്താൽ നല്ല മംഗല്യഭാഗ്യമുണ്ടാകും. വിദ്യാർത്ഥികൾ ഈ ദിവസം സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്തി വിദ്യാസൂക്താർച്ചന ചെയ്ത പ്രാർത്ഥിച്ചാൽ വിദ്യാഭിവൃദ്ധി കൈവരും. ഈ ദിവസം മനം നിറഞ്ഞ് കൊടുക്കുന്നതെല്ലാം ഇരട്ടിയായി തിരിച്ചു കിട്ടും എന്നാണ് വിശ്വാസം.
പരശുരാമ ജയന്തി
ഉത്തരേന്ത്യയിൽ അക്ഷയതൃതീയ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമ ജയന്തിയോട് അനുബന്ധിച്ച് വരുന്നു. അതിനാൽ അക്ഷയതൃതീപരശുരാമന്റെ ജന്മദിനമായും കണക്കാക്കുന്നു. ബലരാമ അവതാര ദിനമായും ഇതിനെ പറയപ്പെടുന്നു. പുരാണത്തില്‍ പല സന്ദർഭങ്ങളിലും അക്ഷയതൃതീയ മാഹാത്മ്യം പരാമർശിക്കുന്നുണ്ട്. കുബേരന് സമ്പത്ത് തിരികെ ലഭിച്ച ദിനമായും, ശ്രീകൃഷ്ണൻ സുദാമാവിന് (കുചേലൻ) ഐശ്വര്യങ്ങൾ നല്‍കി അനുഗ്രഹിച്ച ദിവസമായും പാർവതി ദേവി അന്നപൂർണ്ണാ ദേവിയായി അവതരിച്ച നാളായും വേദവ്യാസൻ മഹാഭാരതം എഴുതി എടുക്കാൻ ഗണപതി ഭഗവാന് വർണ്ണിച്ചു കൊടുത്തു തുടങ്ങിയ ദിവസമായും ദ്രൗപതിക്ക് ശ്രീകൃഷ്ണൻ അക്ഷയ പാത്രം സമ്മാനിച്ച ദിവസമായും ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് ആനയിച്ച ദിനമായും പറയുന്നു.
ഒരു കർമ്മവും പാഴാകില്ല
അക്ഷയതൃതീയ ദാനധർമ്മങ്ങൾക്ക് മാത്രമല്ല എല്ലാ സൽക്കർമ്മങ്ങൾക്കും ശ്രേഷ്ഠമാണ്. തൃതീയ എന്നാൽ ഇവിടെ അർത്ഥം മൂന്നാമത്തെ ചന്ദ്രദിനം എന്നാണ്. അക്ഷയം എന്ന വാക്കിന്റെ അർത്ഥം ക്ഷയം ഇല്ലാത്തത്, ഒരിക്കലും നശിക്കാത്തത് എന്നും. അതിനാൽ ആരാണെങ്കിലും ഈ ദിവസം ചെയ്യുന്ന എന്ത് കർമ്മവും വെറുതെയാകില്ലെന്ന് തന്നെയല്ല അതിന് ഇരട്ടി പുണ്യവും ഉണ്ടാകും. ദാനം, മന്ത്രജപം, പ്രാർത്ഥന എന്നിവ പോലെ തന്നെയാണ് ഈ ദിവസത്തെ പൂജകളുടെയും ഫലം.
അതിനാൽ അക്ഷയതൃതീയയിലെ ദാനങ്ങളുടെയും സൽക്കർമ്മങ്ങളുടെയും ഫലം അത് അനുഷ്ഠിക്കുന്ന ഏതൊരു വ്യക്തിക്കുമൊപ്പം എക്കാലവും നിലനിൽക്കും. അവരുടെ ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും നിറയും.
സൂര്യ ചൈതന്യം പൂര്‍ണ്ണം
ഈ ദിവസം പ്രകൃതി പോലും ഐശ്വര്യസമൃദ്ധിയേകാൻ
ഒരുങ്ങി നില്‍ക്കുന്നതായി ആചാര്യന്മാർ പറയുന്നു. അക്ഷയ തൃതീയ നാൾ സൂര്യന്‍ അതിന്റെ പൂര്‍ണ്ണമായ ചൈതന്യ പ്രഭയില്‍ എത്തും. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്‌ഥാനത്താണ് അന്ന് നില്‍ക്കുന്നത്. അതിനാൽ എല്ലാം കൊണ്ടും ഉത്തമമായ ഈ ദിവസം ചെയ്യുന്ന ദാനങ്ങളുടെയും കർമ്മങ്ങളുടെയും ഫലം പേരു സൂചിപ്പിക്കും പോലെ അനന്തവുമാകും
സ്വര്‍ണം വാങ്ങാൻ മാത്രമല്ല
അക്ഷയതൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസം എന്ന ധാരണ ശരിയല്ല. അന്ന് എന്തു വാങ്ങിയാലും എന്ത് കിട്ടിയാലും അത് ഇരട്ടിക്കും. കാർഷികോപകരണങ്ങൾ, യന്ത്ര സാമഗ്രികൾ, പണിയായുധങ്ങൾ, വെള്ളി, പിച്ചള, ഓട്, ചെമ്പ് എന്നിവയെല്ലാം വാങ്ങുന്നത് കുടുംബത്തിൽ ഐശ്വര്യവും ഐക്യവും സമാധാനവും കൊണ്ടുവരുമെന്ന് പരമ്പരാഗതമായി കരുതപ്പെടുന്നു. അന്ന് വീട്ടിൽ വന്നു കയറുന്ന ധനവും കൈവിട്ടു പോകില്ലെന്ന് തന്നെയല്ല അതിന്റെ മൂല്യം വർദ്ധിച്ചു കൊണ്ടേയിരിക്കും. വീട്, ഭൂമി വാങ്ങുന്നതിനും ഗൃഹപ്രവേശത്തിനും പുതിയ വാഹനം വാങ്ങുന്നതിനും മാത്രമല്ല എല്ലാ മംഗള കര്‍മ്മങ്ങള്‍ക്കും ഈ ദിനം ശ്രേഷ്ഠമാണ്. അവിവാഹിതകളായ പെൺകുട്ടികൾ അക്ഷയതൃതീയ ദിവസം ഉപവസിച്ച് ഉമാമഹേശ്വരന്മാരെ ഉപാസിച്ച് ഫലമൂലാദികൾ ദാനം ചെയ്താൽ മികച്ച മംഗല്യ ഭാഗ്യമുണ്ടാകും. വിഷ്ണുപ്രീതി
നേടാൻ മാസം മുഴുവൻ ശ്രേഷ്ഠമായ വൈശാഖത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നാണ് അക്ഷയതൃതീയ.
ALSO READ
അക്ഷയ ജപ മന്ത്രങ്ങൾ
ഹ്രീം ഓം ഹ്രീം നമഃ ശിവയ എന്ന ശിവശക്തി കവചം സന്ധ്യക്ക് ജപിക്കുക.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേഹരേbകൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണഹരേ ഹരേ
എന്ന കലി സന്തരണ മന്ത്രം ജപിക്കുക.
ഓം ശ്രീം ഓം ഹ്രീം ശ്രീം ഹ്രീം ക്ലീം ശ്രീം ക്ലീം വിത്തേശ്വരായ നമഃ എന്ന ധന – ഐശ്വര്യസമൃദ്ധി മന്ത്രവും ജപിക്കുക.
അക്ഷയ തൃതീയ ആചരണം സംബന്ധിച്ച തന്ത്ര രത്നം പുതുമന മഹേശ്വരൻ നമ്പൂതിരിയുടെ വീഡിയോ കാണാം:
ജ്യോതിഷരത്‌നം വേണു മഹാദേവ്
+91 8921709017
Story Summary: Benifits of Akshaya Tritiya Vritham and Worshipping
Highlights
ലക്ഷ്മീദേവിയെയും വിഷ്ണു
ഭഗവാനെയും അക്ഷയതൃതീയയിൽ ഭജിക്കണം
പാർവതി ദേവി അന്നപൂർണ്ണാ ദേവിയായി അവതരിച്ച ദിനം
ദ്രൗപതിക്ക് ശ്രീകൃഷ്ണൻ അക്ഷയ പാത്രം സമ്മാനിച്ച ദിവസം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.