മേട മാസത്തിലെ ആയില്യം ഏപ്രിൽ 25 ശനിയാഴ്ചയാണ്. ഈ ദിവസം സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നതും ആയില്യ വ്രതം അനുഷ്ഠിക്കുന്നതും സന്താന ക്ഷേമത്തിനും മന:ശാന്തിക്കും സർവൈശ്വര്യത്തിനും കാര്യസിദ്ധിക്കും
ഗുണപ്രദമാണ്. നാഗദോഷങ്ങളും ജീവിതദുരിതങ്ങളും പരിഹരിക്കാൻ എല്ലാ മാസവും ആയില്യം നാളിൽ ആയില്യ പൂജ നടത്തുക നല്ലതാണ്.
നാഗസന്നിധികളിൽ ആയില്യപൂജ, നൂറും പാലും, സർപ്പബലി, കമുകിൻ പൂക്കുല സമർപ്പണം എന്നീ വഴിപാടുകൾ നടത്തുമ്പോൾ സർവ്വ വിഘ്‌നങ്ങളും അകന്ന് ഫലസിദ്ധി കൈവരും. സർപ്പദോഷ പരിഹാരമായി അനുഷ്ഠിക്കാവുന്ന മുഖ്യ വഴിപാടുകൾ.
ആയില്യപൂജ
നാഗദൈവങ്ങൾക്ക് പ്രാധാന്യമുള്ള നക്ഷത്രമാണ് ആയില്യം. ഈ ദിവസം നാഗ സന്നിധികളിൽ നടത്തുന്ന പ്രധാന പൂജയാണ് ആയില്യപൂജ. എല്ലാ മാസവും
ആയില്യം നാളിൽ ആയില്യപൂജയും മറ്റു വിശേഷാൽ പൂജകളും നാഗസന്നിധികളിൽ നടക്കുന്നു. വർഷത്തിൽ ഒരു തവണയെങ്കിലും കുടുംബ ക്ഷേത്രത്തിലോ നാഗക്ഷേത്രത്തിലോ ആയില്യ പൂജ നടത്തുന്നത് ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ഐശ്വര്യത്തിനും വളരെ ഗുണപ്രദമാണ്. നാഗക്ഷേത്രത്തിൽ തുടർച്ചയായി മൂന്നുതവണ ആയില്യ പൂജ നടത്തിയാൽ സർവാഭീഷ്ടസിദ്ധിയാണ് ഫലം. നാഗത്താന്മാരെ മനസിൽ ധ്യാനിച്ച് ഈ മൂന്നു പൂജകളും അനുഷ്ഠിക്കുമ്പോൾ സർവ്വ വിഘ്‌നങ്ങളും തീർന്ന് ഫലസിദ്ധി കൈവരും. മംഗല്യ ഭാഗ്യം, സർവ്വാഭീഷ്ടസിദ്ധി, സന്താനലബ്ധി, സർവ്വൈശ്വര്യം തുടങ്ങിയവയ്ക്ക് പ്രാർത്ഥിക്കാൻ മാസം തോറുമുള്ള ആയില്യ പൂജയ്ക്ക് എല്ലാ നാഗാരാധനാലയങ്ങളിലും ധാരാളം ഭക്തർ എത്തുന്നു.
നൂറും പാലും
സർപ്പ ദേവതകൾക്കുള്ള ഒരു പ്രധാന വഴിപാട് നൂറുംപാലുമാണ്. ആയില്യ ദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും ഇതിന് പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടാണ് നൂറുംപാലും തർപ്പിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറുംപാലും ഉണ്ടാക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള എല്ലാ ക്ഷേത്രങ്ങളിലും നൂറുംപാലും നേദിക്കാറുണ്ട്.
മറ്റ് വഴിപാടുകൾ
രോഗശാന്തിക്കു പാൽ അഭിഷേകം
സുഖസമൃദ്ധിക്കു കരിക്കഭിഷേകം. വിവാഹലബ്ധിക്ക് പനിനീരഭിഷേകം. സന്താനഭാഗ്യത്തിന് നൂറും പാലും സർപ്പബലിയും ദാമ്പത്യ ഭദ്രതയ്ക്ക് പൂക്കുല മാല, ശത്രു ദോഷം മാറാൻ ഉണ്ണിയപ്പം നിവേദിക്കുക, വിദ്യ വിജയത്തിനായി ത്രിമധുരം നിവേദ്യം എന്നിവ ഉത്തമമാണ്.
വേഗം സങ്കടമോചനം
കന്നി, തുലാം, ഇടവം മാസങ്ങളിൽ ആയില്യ നാളിൽ നടത്തുന്ന പൂജ ബഹുവിശേഷമാണ്. ഈ ദിവസം പൂജയും വഴിപാടും നടത്തി സർപ്പദേവതകളെ പ്രസാദിപ്പിച്ചാൽ
അതിവേഗം സങ്കടമോചനമുണ്ടാകും.
രോഗ ശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗങ്ങള്‍ മാറുന്നതിനും മാനസിക പ്രയാസങ്ങൾ തീരുന്നതിനും വിദ്യ, വിവാഹ തടസം നിവാരണത്തിനും സന്താന ലബ്ധിക്കും കുടുംബ കലഹം ഒഴിയുന്നതിനും ഉദ്യോഗ സംബന്ധമായ തടസങ്ങൾ അകറ്റുന്നതിനും സാമ്പത്തിക ക്ലേശം പരിഹരിക്കാനും ശത്രു ദോഷശാന്തിക്കും ക്ഷേത്രങ്ങളിൽ ആയില്യപൂജ നടത്തുന്നത് നല്ലതാണ്. ജാതകത്തിലെ രാഹു ദോഷശാന്തിക്ക്
ഇത് അത്യുത്തമമാണിത്.
ALSO READ
സർപ്പബലി
നാഗപ്രീതിക്കുള്ള മറ്റൊരു സുപ്രധാന ചടങ്ങ് സർപ്പബലിയാണ്. ഇതാണ് സാധാരണ നടക്കുന്ന ഏറ്റവും ചെലവേറിയ നാഗാരാധന. വലിയ ചെലവായതിനാൽ അപൂർവ്വമായേ ഈ ദോഷപരിഹാരകർമ്മം നടത്താറുള്ളൂ. സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുക
പതിവാണ്. എല്ലാ നാഗാരാധനാ കേന്ദ്രങ്ങളിലും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും. സർപ്പബലിപ്പുര എന്നാണ് ഇതിന് പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്താണ് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുന്നത്. ഭക്തർ അത് കാണാൻ പാടില്ലത്രെ. സര്‍പ്പഹിംസ നടത്തുക, സര്‍പ്പ സ്ഥാനം നശിപ്പിക്കുക, സര്‍പ്പ സ്ഥാനങ്ങള്‍ അശുദ്ധമാക്കുക തുടങ്ങിയ ചെയ്തികള്‍ മൂലം ഉണ്ടായ സര്‍പ്പശാപം പരിഹരിക്കാനും സർപ്പബലി നടത്തും.
ഇവർ നാഗപൂജ മുടക്കരുത്
തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ രാഹു ആയതിനാൽ ഇവർ നിത്യവും സർപ്പപ്രീതി വരുത്തുന്നത് നല്ലതാണ്. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം. ആയില്യ ദിവസം വ്രതമെടുക്കുന്നത് നാഗശാപം അകറ്റും. വ്രതദിവസം ഉപവാസമോ, ഒരിക്കലൂണോ ആകാം. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും.
ആയില്യ ദിവസം പഞ്ചാക്ഷരമന്ത്രം,
ഓം നമഃ ശിവായ 108 തവണയും നാഗരാജ അഷ്ടോത്തരം, നാഗരാജകീർത്തനം തുടങ്ങിയവയും നവനാഗ സ്തോത്രം 12 പ്രാവശ്യം വീതവും ജപിക്കണം. എല്ലാ സർപ്പ ദോഷവും അകലും. പ്രസിദ്ധ ഗായകൻ
മണക്കാട് ഗോപൻ ആലപിച്ച
നവനാഗ സ്തോത്രം കേൾക്കാം:
നാഗരാജാവിന്റെ ധ്യാനം
സഹസ്രവക്ത്രം ദ്വിസഹസ്രജിഹ്വം
പിശംഗ നേത്രം കപിലാംശുകാന്തം
വിഷായുധം പ്രോജ്വല ദംഷ്ട്ര ബാഹും
തം നാഗരാജം പ്രണതോസ്മിനിത്യം
(അർത്ഥം : ആയിരം മുഖവും രണ്ടായിരം നാക്കുകളും ചുവന്ന കണ്ണുകളും ഉള്ളവനും തവിട്ടു നിറമുള്ള പട്ടണിഞ്ഞവനും വിഷം എന്ന ആയുധം പൂണ്ടവനും ഉജ്ജ്വലമായ ദംഷ്ട്രകൾ, ബാഹുക്കൾ എന്നിവയോട്
കൂടിയവനുമായ നാഗരാജനെ എന്നും പ്രണമിക്കുന്നു.)
മൂലമന്ത്രങ്ങൾ
1
നാഗരാജാവ്
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
2
നാഗയക്ഷി
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ
നാഗരാജ ഗായത്രി
ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
മൊബൈൽ: +91 9847118340
Story Summary: Significance of Medam Month Ayilyampuja
Highlights
ആയില്യവ്രതം മക്കളുടെ ക്ഷേമത്തിനും കാര്യസിദ്ധിക്കും ഗുണപ്രദം
സർപ്പ ദേവതകൾക്കുള്ള പ്രധാന വഴിപാട് നൂറുംപാലുമാണ്
ദാമ്പത്യ ഭദ്രതയ്ക്ക് പൂക്കുല മാലയും
ശത്രു ദോഷം മാറാൻ ഉണ്ണിയപ്പവും നേദിക്കുക
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.