Tuesday, April 21, 2026
Tuesday, April 21, 2026
Home » മേടപ്പത്ത് കുബേര അവതാരദിനം; തുടങ്ങുന്നതെല്ലാം വിജയമാകും

മേടപ്പത്ത് കുബേര അവതാരദിനം; തുടങ്ങുന്നതെല്ലാം വിജയമാകും

0 comments

മേടമാസപുലരിയുടെ പത്താം ദിനമാണ് മേടപ്പത്ത് അഥവാ പത്താമുദയം. എന്തു തുടങ്ങിയാലും വിജയിക്കുന്ന, സദ്ഫലങ്ങൾ കോരിച്ചൊരിയുന്ന ഒരു പുണ്യ ദിവസമാണിത്. രാവണവധം കഴിഞ്ഞ് ലോകം മുഴുവനും ശാന്തിയും സ്വസ്ഥതയും തിരിച്ചു വന്നതിന്റെ സ്മരണയ്ക്കാണ് പത്താമുദയം ആഘോഷിക്കുന്നതെന്ന് ഐതിഹ്യം പറയുന്നു. സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാഥനായ കുബേരന്റെ അവതാരദിനമായും പത്താമുദയത്തെ വിശേഷിപ്പിക്കുന്നു.

മംഗളകാര്യങ്ങൾക്ക് ശുഭകരം
ഏതൊരു മംഗളകാര്യത്തിനും ഈ ദിവസം ശുഭകരമാണ്. പുതിയ സംരംഭം തുടങ്ങുന്നതിനും ഗൃഹപ്രവേശത്തിനും പത്താമുദയം നല്ല ദിവസമാണ്. സൂര്യഭഗവാനെ സ്മരിച്ച് ഈ ദിവസം ചെയ്യുന്ന ഏതു കർമ്മവും പൂർണ്ണ വിജയമാകുമെന്നാണനുഭവം. പൂജാകർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും വ്രതങ്ങൾക്കും മാത്രമല്ല ഈ ദിനം തുടങ്ങുന്ന ഏതു പുതിയ കാര്യങ്ങൾക്കും പൂർണ്ണ ഫലപ്രാപ്തിയുണ്ട്. സൂര്യചൈതന്യം പൂർണ്ണാനുഗ്രഹ കലയായി പ്രവഹിക്കുന്ന ദിവസമാണ് പത്താമുദയം. ഈ ദിവസം സൂര്യമണ്ഡലത്തിലൂടെ എല്ലാ മൂർത്തികളും അനുഗ്രഹം ചൊരിയുന്നു. പ്രഭാതത്തിൽ കുളിച്ച് ഓം ഘൃണി സൂര്യദിത്യ എന്ന് 108 പ്രാവശ്യം ജപിച്ചാൽ ദുരിതങ്ങളകലും. ഉത്തമനായ കർമ്മിയെക്കൊണ്ട് ഈ ദിവസം ഗായത്രിഹോമം ചെയ്യിച്ചാൽ അളവറ്റ സുകൃതം ലഭിക്കും. ധനാഭിവൃദ്ധിക്ക് ലക്ഷ്മീപൂജയും വൈശ്രവണ പൂജയും ഈ ദിവസം ചെയ്യിപ്പിക്കുക.

പൂജകൾ വേഗം ഫലിക്കും
ഏതൊരു ദേവീദേവന്മാരുടെയും പൂജാകർമ്മങ്ങൾ വേഗം ഫലിക്കുന്ന കാലമാണ് പത്താമുദയം വരെയുള്ള മേടത്തിലെ ആദ്യപത്ത് ദിനങ്ങൾ. ഈ ദിവസങ്ങളിൽ ചെയ്യുന്ന വ്രതപൂജാ പ്രാർത്ഥനകൾ വേഗം ഫലിക്കുന്നു. അതുകൊണ്ട് തന്നെ ഉപാസകർ ഈ ദിവസങ്ങളിൽ സ്വന്തം ശ്രേയ‌സിനായി കർമ്മം ചെയ്യേണ്ടതാണ്. നിത്യവും 2 നേരവും 1008 വീതം ഗായത്രിയും പ്രണവമന്ത്രവും അഷ്ടക്ഷരമന്ത്രവും പഞ്ചാക്ഷര മന്ത്രവും ജപിക്കുന്നത് ഏറ്റവും ഉത്തമം. മേടം 1 മുതൽ 10 വരെയും കർക്കടക മാസം, നവരാത്രി, മണ്ഡലകാലം, ഇവയും ഉപാസനാ ശക്തികൂട്ടുന്നതിന് ഉപയോഗിക്കാം. ഇതിൽ പ്രധാനം പത്താമുദയമാണ്.

ഇഷ്ടദേവനെ പ്രാർത്ഥിക്കാം
സാധാരണക്കാർക്ക് മേടപ്പത്ത് ദിവസം വ്രതമെടുത്ത് അവരവരുടെ ഇഷ്ടദേവനെ പ്രാർത്ഥിക്കാം. ഇഷ്ടദേവതാ സങ്കൽപ്പം ഇല്ലാത്തവർ ഓം നമോ നാരായണായ എന്ന മന്ത്രം പരമാവധി ജപിക്കുക. പാപശാന്തിക്കും വിഘ്‌നം നീങ്ങാനും ദുരിതമകലാനും പ്രയോജനപ്പെടും. പത്താമുദയ ദിവസം വ്രതമെടുത്ത് അരയാലിന് 21 പ്രദക്ഷിണം ചെയ്താൽ മുൻജന്മപാപം പോലും മാറും. ഈറനോടെ ചെയ്യുന്നത് നല്ലതാണ്. പാപശാന്തിക്ക് 21 പ്രാവശ്യം തടസം നീങ്ങുന്നതിന് 18 പ്രാവശ്യവും കാര്യവിജയത്തിന് 36 പ്രാവശ്യം ഇതാണ് പ്രദക്ഷിണക്രമം.

ഐശ്വര്യം നൽകുന്ന മൂർത്തി
ആശ്രയിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും നൽകുന്ന മൂർത്തിയാണ് കുബേരൻ. എന്നാൽ ശിവനെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തിയാൽ മാത്രമേ ധനത്തിന്റെ അധിപനായ കുബേരന്റെ കടാക്ഷം ലഭിക്കൂ. സമ്പദ്‌ സമൃദ്ധിയുടെ ഈശ്വരഭാവമായ കുബേരന് ഐശ്വര്യങ്ങൾ ലഭിച്ചത്
ശിവപ്രീതിയാലാണ്. കുബേരമൂർത്തിയെ ഭജിക്കുന്നവർ അതിനാൽ ശിവനെയും തീർച്ചയായും പ്രീതിപ്പെടുത്തണം. അതിനു വേണ്ടി എത് കുബേരമന്ത്രം ജപിക്കുന്നതിനും മുമ്പ് ഓം നമഃ ശിവായ മന്ത്രം 108 പ്രാവശ്യം ജപിക്കണം. ശിവനെ അവഗണിച്ചാൽ കുബേര മന്ത്രം ഫലിക്കില്ല. ദാരിദ്ര്യം മാറാനും ഭാഗ്യലബ്ധിക്കും പ്രത്യേകം കുബേര മന്ത്രമുണ്ട്. ഈ മന്ത്രങ്ങൾ ജപിക്കുന്നതിന് ചില ചിട്ടകൾ കർശനമായും പാലിക്കണം. ഈ നിഷ്ഠകൾ പാലിച്ച് കുബേരമൂർത്തിയെ ഭക്തിപൂർവ്വം ആരാധിച്ചാൽ അളവറ്റ ധനസമൃദ്ധി ഉണ്ടാകും. കുബേര മന്ത്രം ജപിക്കും മുൻപ് ജപിക്കേണ്ട ശിവമന്ത്രവും ദാരിദ്ര്യം മാറാൻ ജപിക്കേണ്ട അതി ശക്തമായ വൈശ്രവണ മഹാമന്ത്രവും ധന ഭാഗ്യലബ്ധിക്കുള്ള കുബേര ഭാഗ്യമന്ത്രവും വിവരിക്കുന്ന വീഡിയോ കാണാം:

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
മൊബൈൽ: + 91 9447020655

ALSO READ

Story Summary: Importance of Pathamudayam and it’s Rituals

Highlights

പുതിയ സംരംഭം തുടങ്ങുന്നതിനും ഗൃഹപ്രവേശത്തിനും പത്താമുദയം നല്ല ദിവസം

സൂര്യഭഗവാനെ സ്മരിച്ച് പത്താമുദയം ദിവസം ചെയ്യുന്ന ഏതു കർമ്മവും വിജയമാകും

ഓം നമോ നാരായണായ മന്ത്രം മേടപ്പത്തിന് പരമാവധി ജപിക്കുക

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?