ദേവീ ഭക്തർക്ക് പതിവായി ജപിക്കാൻ ഏറ്റവും ഉത്തമമാണ് ലളിതാസഹസ്രനാമ സ്തോത്രം. ഓരോ നാമവും അതിശക്തവും അഭീഷ്ട സിദ്ധികരവുമായ ഈ സ്തോത്രം പതിവായി ജപിച്ചാൽ കോടി ജന്മങ്ങൾ ചെയ്ത പാപങ്ങൾ പോലും നശിക്കും. ഗ്രഹദോഷം, ജാതകദോഷം എന്നിവ ഇല്ലാതാകും. ദീർഘായുസ്സ് , സൽ സന്താനലബ്ധി, ബുദ്ധിശക്തി, സൗഭാഗ്യം മുതലായവ സിദ്ധിക്കും. ദേവീസഹസ്ര നാമങ്ങൾ അനേകമുണ്ടെങ്കിലും ഏറെ പ്രസിദ്ധവും വിശിഷ്ടവും പുണ്യപ്രദവും ലളിതാസഹസ്രനാമമാണ്.
ഓരോ നാമവും മന്ത്രം
ലളിതാസഹസ്രനാമത്തിലെ ഒരോ നാമവും ഓരോ മന്ത്രമാണെന്ന് ആചാര്യവിധിയുണ്ട്. അതനുസരിച്ച് നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തിരഞ്ഞെടുത്ത നാമങ്ങൾ ജപിക്കാവുന്നതാണ്. ഏതൊരു കാര്യത്തിനും ഗുണപ്രദമായ നാമങ്ങൾ. ഇതിലുണ്ട്. ഉദാഹരണത്തിന് അവിഹിതബന്ധങ്ങളിൽ നിന്നും അത്യാസക്തികളിൽ നിന്നും അവിശുദ്ധമായ ആഗ്രഹങ്ങളിൽ നിന്നും മുക്തി നേടി മനഃശുദ്ധി കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജപിക്കാൻ
ഉത്തമമായ നാമങ്ങൾ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്.

തെറ്റുകളിൽ നിന്നും മുക്തി നേടാൻ
രാഗമഥനീ, മദനാശിനീ, മോഹനാശിനീ, പാശഹന്ത്രീ എന്നിവയാണ് ഈ നാമങ്ങൾ. ഇതിൽ രാഗമഥനീ 157-ാമത്തെ നാമമാണ്. മദനാശിനീ 160-ാമത്തെ നാമം. മോഹനാശിനീ 163-ാമത്തെ നാമം. പാശഹന്ത്രീ 165-ാമത്തെ നാമം. സഹസ്രനാമത്തിലെ 46, 47 ശ്ലോകങ്ങളിലായാണ് ഈ നാമങ്ങൾ വരുന്നത്. ആ ശ്ലോകങ്ങൾ ഇപ്രകാരമാണ്: “നിരാഗാ രാഗമഥനീ നിർമദാ മദനാശിനീ” (ശ്ലോകം 46) “നിശ്ചിന്താ നിരഹങ്കാരാ നിർമോഹാ മോഹനാശിനീ” (ശ്ലോകം 47)
മനസ്സിനെ അനാവശ്യമായ ആസക്തികളിൽ നിന്നും തെറ്റായ ചിന്തകളിൽ നിന്നും മുക്തമാക്കാൻ സഹായിക്കുന്ന അതിശക്തമായ നാമങ്ങളുടെ അർത്ഥം പരിശോധിക്കാം:
1
രാഗമഥനീ
‘രാഗം’ എന്നാൽ ആസക്തി അല്ലെങ്കിൽ മോഹം എന്നാണ് അർത്ഥം. അനാവശ്യമായ ആസക്തികൾ മോഹങ്ങൾ എന്നിവ ഇല്ലാതാക്കുന്നവൾ എന്നാണ് ഈ നാമത്തിന്റെ അർത്ഥം.
2
മദനാശിനീ
കാമത്തെയും അനാവശ്യമായ വികാരങ്ങളെയും നശിപ്പിക്കുന്നവൾ എന്ന് അർത്ഥം. മനസ്സിനെ തെറ്റായ ചിന്തകളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഈ നാമം സഹായിക്കുന്നു.
3
മോഹനാശിനീ
അറിവില്ലായ്മ കൊണ്ടോ തെറ്റായ ധാരണകൾ കൊണ്ടോ ഉണ്ടാകുന്ന മോഹവലയങ്ങളിൽ നിന്ന് മുക്തി നൽകുന്നവൾ.
4
പാശഹന്ത്രീ
എല്ലാത്തരം കെട്ടുപാടുകളെയും നശിപ്പിക്കുന്നവൾ. തെറ്റായ ബന്ധങ്ങളുടെ ബന്ധനത്തിൽ നിന്ന് മോചനം ലഭിക്കാൻ ഈ നാമം ജപിക്കുന്നത് ഗുണകരമാണ്.
ജപിക്കേണ്ട വിധം
ഈ നാമങ്ങളിൽ ഏതാണോ യുക്തമായി തോന്നുന്നത് അതിൽ ഒന്ന് തിരഞ്ഞെടുത്ത് മന:ശുദ്ധിയും ശരീരശുദ്ധിയും പാലിച്ച് രാവിലെ മാത്രം 108, അല്ലെങ്കിൽ 1008 തവണ വീതം ജപിക്കുക.
കൂടുതൽ തവണ ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ലഭിക്കും. കാര്യസിദ്ധിക്ക് ഇത് ജപിക്കുന്നവർ മത്സ്യമാംസാദികൾ നിർബന്ധമായും വെടിയണം. ഈ നാല് നാമങ്ങളുടെ മന്ത്രരൂപം താഴെ പറയുന്നു.
1
ഓം രാഗമഥന്യൈ നമഃ
2
ഓം മദനാശിന്യൈ നമഃ
3
ഓം മോഹനാശിന്യൈ നമഃ
4
ഓം പാശഹന്ത്ര്യൈ നമഃ
ALSO READ
കുടുംബബന്ധം ശ്രേഷ്ഠമാക്കാം
ലളിതാ സഹസ്രനാമം പൂർണ്ണമായി ജപിക്കുന്നത് കുടുംബബന്ധങ്ങളിൽ ഐക്യമുണ്ടാക്കാനും സമാധാനം കൊണ്ടുവരാനും വിഹിതമായ ബന്ധങ്ങൾ ദൃഢമാകാനും സഹായിക്കുമെന്ന് ഭക്തർ അനുഭവത്തിലൂടെ വിശ്വസിക്കുന്നു. ഈ സ്തോത്രം നിത്യവും ജപിക്കുന്നവരെ യാതൊരു ആപത്തുകളും ബാധിക്കില്ല. പതിവായി ഈ സഹസ്രനാമ സ്തോത്രം ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യമോ, അന്നവസ്ത്രാദികൾക്ക് പ്രയാസമോ, കലഹമോ ഉണ്ടാകില്ല.
ഗ്രഹപ്പിഴകൾ അകലും
സ്ത്രീപുരുഷ ഭേദമില്ലാതെ ആബാലവൃദ്ധ ജനങ്ങൾക്കും ഇത് എപ്പോൾ വേണമെങ്കിലും ജപിക്കാം. പ്രഭാതത്തിൽ ജപിക്കുന്നതാണ് കൂടുതൽ ഉത്തമം. ഐശ്വര്യം, യശസ്, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയാണ് ഫലങ്ങൾ. ദിവസവും ജപിക്കാൻ കഴിയാത്തവർ ചൊവ്വ, വെള്ളി ദിനങ്ങളിലും, ജന്മനക്ഷത്ര ദിവസവും നവമി, ചതുർദ്ദശി, പൗർണ്ണമി നാളുകളിലും ഈ സഹസ്രനാമ സ്തോത്രം ജപിക്കുന്നതിലൂടെ സകല ഗ്രഹപ്പിഴകളും അകന്ന് ആഗ്രഹ സാഫല്യം സിദ്ധിക്കും. ചന്ദ്രൻ , ശുക്രൻ , കുജൻ, രാഹു എന്നീ ഗ്രഹങ്ങളുടെ ദശാകാലത്ത് ലളിതാസഹസ്രനാമ സ്തോത്രം പതിവായി ജപിച്ചാൻ എല്ലാവിധ ഗ്രഹദോഷങ്ങളും അകന്നു പോകും.
ലളിതാത്രിശതിയും പ്രധാനം
ന്യാസവും ധ്യാനവും ചൊല്ലി എന്നും പ്രഭാതത്തിൽ ജപിക്കുന്നതാണ് കൂടുതൽ നല്ലത്. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് ലളിതാ ദേവി. അതുകൊണ്ട് സാത്വികമായ ദേവീപൂജകൾക്ക് ലളിതാസഹസ്രനാമം ഉപയോഗിക്കുന്നുണ്ട്.
ലളിതാസഹസ്രനാമം പോലെ പ്രാധാന്യമുള്ളതാണ് ത്രിശതി സഹസ്രനാമം ജപിക്കാൻ സമയക്കുറവ് ഉള്ളവർക്ക് ത്രിശതി ജപിക്കാവുന്നതാണ്.
Story Summary: Blessings of Lailtha Sahasranamam Chanting
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.