മനശുദ്ധിക്കും പാപശാന്തിക്കും ഒരേപോലെ ഗുണകരമാണ് സുബ്രഹ്മണ്യ ഉപാസനയും ഷഷ്ഠി വ്രതാനുഷ്ഠാനവും ഏത് കാര്യത്തിലെയും തടസ്സങ്ങൾ നീങ്ങുന്നതിനും ഭാഗ്യം തെളിയുന്നതിനും ഫലപ്രദമാണ് സുബ്രഹ്മണ്യ ആരാധന. നിത്യജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് സുബ്രഹ്മണ്യ പ്രാർത്ഥനയിലൂടെ അത്ഭുതകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കും. എല്ലാ മാസവും ശുക്ലപക്ഷ ഷഷ്ഠിയിലാണ് ഭക്തർ വ്രതാനുഷ്ഠാനം നടത്തുന്നത്. മിഥുന മാസത്തിലെ ഷഷ്ഠി വ്രതം 2026 ജൂൺ 20 ശനിയാഴ്ചയാണ്.
ദുരിതങ്ങൾ നീക്കും
ദോഷദുരിതങ്ങൾ നീക്കുന്നതിനും ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ഗ്രഹദോഷം എന്നിവയെല്ലാം മാറാനും സുബ്രഹ്മണ്യ ഭജനം ഉത്തമ പരിഹാരമാണ്. രോഗദുരിതശാന്തിക്കും ഇഷ്ടകാര്യ വിജയത്തിനും ഇത് നല്ലതാണ്. പെട്ടെന്നുള്ള ഫലസിദ്ധിയാണ് മുരുകപ്രാർത്ഥനയുടെ പ്രത്യേകത. ഷഷ്ഠിവ്രതമെടുത്ത് മുരുകനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും നീങ്ങും. സന്താനഭാഗ്യത്തിന് ഇത് ഏറ്റവും ഗുണകരമായി കണക്കാക്കുന്നു. പാർവ്വതി പരമേശ്വരന്മാരുടെ വത്സലപുത്രനാണ് സുബ്രഹ്മണ്യസ്വാമി. ദോഷദുരിതങ്ങൾ കാരണമോ, ആരോഗ്യ വിഷയങ്ങളാലോ സന്താനദുരിതം അനുഭവിക്കുന്നവർക്ക് മുരുകപ്രീതിയാൽ അത്ഭുത ഫലസിദ്ധിയുണ്ടാകും. സന്താനലബ്ധിക്ക് എന്നല്ല, ഇഷ്ടസന്താനലബ്ധിക്കും മക്കളുടെ എല്ലാ വിധ ശ്രേയസ്സിനും ഗുണകരമാണ് മുരുകഭജനം.

ഇഷ്ടവിവാഹ ലബ്ധിക്ക്
ഇഷ്ടവിവാഹലബ്ധിക്കും ശ്രീ മുരുകന്റെ അനുഗ്രഹം നല്ലതാണ്. മുരുക പത്‌നിമാരാണ് വള്ളിയും, ദേവയാനിയും പത്‌നീസമേതനായ മുരുകനെ പ്രാർത്ഥിച്ചാൽ വിവാഹതടസം നീങ്ങും. ഇഷ്ടവിവാഹലബ്ധിക്കും ഗുണകരം. ദാമ്പത്യജീവിതത്തിലെ കലഹങ്ങൾ നീങ്ങുന്നതിനും പരസ്പര ഐക്യത്തിനും ഗുണകരം. ഷഷ്ഠിദിനത്തിൽ വ്രതം പാലിച്ച് പ്രാർത്ഥന തുടങ്ങാം. വള്ളീ ദേവയാനീ സമേത ശ്രീ സുബ്രഹ്മണ്യമൂർത്തയേ നമഃ എന്ന നാമം ഷഷ്ഠി ദിവസം തുടങ്ങി 41 ദിവസം ചൊല്ലുന്നതും ഉത്തമം.
ദാരിദ്ര്യം അകറ്റും
ദാരിദ്ര്യശാന്തിക്ക് സുബ്രഹ്മണ്യന് ചെയ്യുന്ന കർമ്മങ്ങളാണ് കുമാര പൂജ, സുബ്രഹ്മണ്യഗായത്രീ ഹോമം എന്നിവ. അഷ്ടദളപത്മത്തിൽ കുമാര സ്വരൂപത്തിലുള്ള സുബ്രഹ്മണ്യനെ ആവാഹിച്ച് പൂജിക്കുകയും താമരകൊണ്ട് മൂലമന്ത്രം ചൊല്ലി അർച്ചന നടത്തുകയും വേണം. കുമാരപൂജ ചെയ്യുന്നത് ദാമ്പത്യഭദ്രതക്കും, ദാരിദ്രശാന്തിക്കും ഗുണകരമാണ്. ഓം വചത് ഭുവേ നമഃ എന്ന മൂലമന്ത്രം ചൊല്ലിയാണ് അർച്ചന ചെയ്യേണ്ടത്. സനല്ക്കുമാരായ വിദ്മഹേ ഷഡാനനായ ധീമഹേ തന്നോ സ്‌കന്ദ: പ്രചോദയാൽ എന്ന സുബ്രഹ്മണ്യ ഗായത്രികൊണ്ട് 1008 പ്രാവശ്യം അർച്ചന ചെയ്യുകയാണ് സുബ്രഹ്മണ്യഗായത്രി ഹോമത്തിന്റെ വിധി. താംബൂലത്തിൽ അർച്ചന നടത്തുകയും, പൂജിച്ച ഹോമാഗ്നിയിൽ മലര് 1008 പ്രാവശ്യം ഹോമിക്കുകയും വേണം. തടസങ്ങൾ നീങ്ങി ഭാഗ്യം തെളിയും.
പഞ്ചമിയും പ്രാധാനം
എല്ലാ മാസവും വെളുത്തപക്ഷ ഷഷ്ഠിക്കാണ് വ്രതം. അതിന്റെ തലേദിവസമായ പഞ്ചമിക്കും പ്രാധാന്യമുണ്ട്. അന്ന് പൂർണ്ണ ഉപവാസത്തോടെ അല്ലെങ്കിൽ ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് വ്രതനിഷ്ഠകളെല്ലാം പാലിച്ച് വ്രതമെടുക്കണം. ഷഷ്ഠി ദിവസം കുളിച്ച് സുബ്രഹ്മണ്യ മന്ത്രങ്ങൾ ജപിച്ച് ശ്രീമുരുക ക്ഷേത്രദര്‍ശനം നടത്തണം. ഷഷ്ഠീ ദേവിയുടെ മന്ത്രം ജപിച്ചു കൊണ്ട് പ്രദക്ഷിണം വയ്ക്കണം. വഴിപാടുകളും അന്നദാനവും നടത്തണം. സ്കന്ദപുരാണം പാരായണം ചെയ്യണം. ഷഷ്ഠി പൂജ കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നിവേദ്യം കഴിച്ച് വ്രതം മുറിക്കാം.
മന്ത്രം, സ്തോത്ര ജപം
ഷഷ്ഠി വ്രതം നോൽക്കുന്നവർ വ്രത ദിനങ്ങളിൽ ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ കവചം, സുബ്രഹ്മണ്യ സഹസ്രനാമം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീ സ്തോത്രം എന്നിവ കഴിയുന്നത്ര ജപിക്കണം. സ്‌കന്ദപുരാണം സുബ്രഹ്മണ്യ മന്ത്രങ്ങൾ, എന്നിവ പാരായണം ചെയ്യണം. ഇവർ ഭഗവാൻ്റെ മൂലമന്ത്രം ഓം വചത്ഭുവേ നമഃ , ഓം ശരവണ ഭവഃ, തുടങ്ങിയവ ജപിക്കുന്നത് വളരെ നല്ലതാണ്. ഷഷ്ഠിദേവി സ്തോത്രം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഷഷ്ഠിദേവി സ്തോത്രം കേൾക്കാം :
ALSO READ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(മൊബൈൽ: 94470 20655)
Highlights
തടസം നീങ്ങാനും ഭാഗ്യം തെളിയാനും ഫലപ്രദമാണ് സുബ്രഹ്മണ്യ ആരാധന
ദാരിദ്ര്യശാന്തിക്ക് ചെയ്യുന്നതാണ് കുമാര പൂജ, സുബ്രഹ്മണ്യഗായത്രി ഹോമം
ഇഷ്ടസന്താനലബ്ധിക്കും മക്കളുടെ ശ്രേയസ്സിനും ഗുണകരമാണ് മുരുക ഭജനം.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.