ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കാൻ മാത്രമല്ല, ഏത് തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഭാഗ്യസൂക്തം കൊണ്ട് പുഷ്പാഞ്ജലി നടത്തുന്നത് ഉത്തമമാണ്.
ജപിക്കാം, അർച്ചന നടത്താം
സൂക്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഭാഗ്യസൂക്തം മഹാവിഷ്ണുവിനെയും പരമശിവനെയും ദുർഗ്ഗാ ഭഗവതിയെയുമെല്ലാം സേവിക്കുന്നതിന് ഉചിതമാണ്. ഈ ജപം ഭഗവത് പ്രീതിക്കും തടസങ്ങള്‍ അകറ്റാനും സാമ്പത്തിക നേട്ടത്തിനും സല്‍സന്താനഭാഗ്യത്തിനും എല്ലാം ഉത്തമമാണ്. അഭീഷ്ടസിദ്ധി, രോഗശാന്തി, ദുരിതദോഷമുക്തി എന്നിവയ്ക്കുള്ള വിശേഷാൽ ജപത്തിന് ഭക്തരും , ഭാഗ്യം വര്‍ദ്ധിപ്പിക്കാനും പ്രത്യേക കാര്യസിദ്ധിക്കും ക്ഷേത്രങ്ങളിൽ അർച്ചന നടത്താനും ഭാഗ്യസൂക്തം ഉപയോഗിക്കുന്നു.

ഭാഗ്യാനുഭവങ്ങൾ തേടി വരും
അര്‍ത്ഥം അറിഞ്ഞ് ഭക്തിപൂർവം എന്നും രാവിലെ ഭാഗ്യസൂക്തം ജപിച്ചാൽ ഭാഗ്യാനുഭവങ്ങൾ അനുഭവത്തിൽ വരും. ജാതകത്തിൽ മഹായോഗങ്ങൾ
ഉള്ളത് കൊണ്ട് മാത്രം കാര്യമില്ല. ഈ യോഗങ്ങൾ അനുഭവത്തിൽ വരണമെങ്കിൽ അനുഭവ യോഗം വേണം. ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ അനുഭവ യോഗം ലഭിക്കൂ. അതിന് വേണ്ടിയാണ് ഭാഗ്യസൂക്തം ജപവും
അർച്ചനയും പതിവാക്കാൻ പറയുന്നത്.
അഭീഷ്ടസിദ്ധിക്കും ഉത്തമം
ഭാഗ്യസൂക്തത്തിന്റെ ദേവത ഏതെങ്കിലും ഒരു മൂർത്തിയല്ല. ഒരു സമൂഹം ദേവതകളെയാണ് ഇതിൽ സ്തുതിക്കുന്നത്. ക്ഷേത്രത്തിൽ പേരും നാളും പറഞ്ഞ് ഭാഗ്യസൂക്തം പുഷ്പാഞ്ജലി നടത്തുന്നത് ഏത് പ്രശ്ന പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കും ഉത്തമമാണ്.
മൊത്തം ഏഴു ഋക്കുകൾ
ഋഗ്വേദത്തിലെ ഏഴു ഋക്കുകൾ അഥവാ മന്ത്രങ്ങളാണ് ഭാഗ്യസൂക്തം. ഭാഗ്യസൂക്തത്തിലെ ആദ്യ മന്ത്രത്തില്‍ അഗ്‌നിയെയും ദേവരാജനായ ഇന്ദ്രനെയും രാപകലുകളുടെ അധിപനായ മിത്ര വരുണന്മാരെയും ദേവവൈദ്യന്മാരായ അശ്വനിദേവകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും നമിക്കുന്നു. മറ്റുള്ള ആറു മന്ത്രങ്ങളിൽ കശ്യപ മഹർഷിയുടെയും അദിതിയുടെയും പുത്രനും സദ്ഗുണ ദേവനുമായ ഭഗനെ പ്രകീർത്തിക്കുന്നു.
ALSO READ
ഭാഗ്യം ഇല്ലാത്തവർ ജപിക്കണം
ജാതകത്തില്‍ ഒന്‍പതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്. ഭാഗ്യാധിപന് മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാന്‍ യഥാശക്തി ഭാഗ്യസൂക്താര്‍ച്ചന നടത്തണം. ഇവർ ഇഷ്ടദേവതയെ ധ്യാനിച്ച് പതിവായി ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമമാണ്. ഭാഗ്യസൂക്തം രാവിലെ ജപിച്ചാല്‍ ലക്ഷം ശിവാലയദര്‍ശനഫലവും രോഗിയായ ഒരാള്‍ നിത്യവും ജപിച്ചാല്‍ രോഗമുക്തിയും ഫലം.
ഭാഗ്യസൂക്തം
ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ |
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമമുത രുദ്രം ഹുവേമ || 1 ||
( പ്രഭാതത്തിൽ അഗ്നി, ഇന്ദ്രൻ, മിത്രവരുണന്മാർ, അശ്വനിദേവന്മാർ, പുഷൻ, ബ്രാഹ്മണസ്പതി, സോമൻ, രുദ്രൻ എന്നീ ദേവന്മാരെ സ്തുതിക്കുന്നു)
പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്രമദിതേര്യോ വിധര്‍ത്താ |
ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചി-
ദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ || 2 ||
( ധനികനും പാവപ്പെട്ടവനും രാജാവും പോലും പ്രാർത്ഥിക്കുന്ന അദിതിയുടെ പുത്രനായ ഭഗനെ നമിക്കുന്നു. ഞങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നൽകിയാലും)
ഭഗ പ്രണേതര്‍ഭഗ സത്യരാധോ
ഭഗേമാം ധിയമുദവ ദദന്നഃ |
ഭഗ പ്രണോ ജനയ ഗോഭിരശ്വൈ-
ര്‍ഭഗ പ്രനൃഭിര്‍ന്നൃവന്തഃ സ്യാമ || 3 ||
(എല്ലാ ഐശ്വര്യങ്ങളുടെയും മൂർത്തിയായ ദേവാ, ഞങ്ങൾക്കു സത്യധർമ്മത്തിലൂടെ മാത്രം ജീവിക്കാൻ തെളിഞ്ഞ ബുദ്ധി നൽകി അനുഗ്രഹിക്കൂ, അങ്ങയുടെ അനുഗ്രഹം കാരണം ഉത്തമ മനുഷ്യനായിത്തീരണമേ )
ഉതേദാനീം ഭഗവന്തഃ സ്യാമോ
ത പ്രപിത്വ ഉത മധ്യേ അഹ്നാം |
ഉതോദിതാ മഘവത്സൂര്യസ്യ
വയം ദേവാനാം സുമതൗ സ്യാമ || 4 ||
( ഈശ്വരാനുഗ്രഹത്താൽ സകല ഐശ്വര്യവും ഉയർച്ചയും ഉണ്ടാകണമേ. ദിനം മുഴുവൻ ഉത്തമ പ്രവൃത്തിയിൽ ഏർപ്പെടാനും നല്ലവരുമായി ഇടപഴകാനും കഴിയേണമേ )
ഭഗ ഏവ ഭഗവാം അസ്തു ദേവാ-
സ്തേന വയം ഭഗവന്തഃ സ്യാമ |
തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി
സ നോ ഭഗ പുര ഏതാ ഭവേഹ || 5 ||
(ഭഗവാനേ കുടുംബത്തിൽ ഐശ്വര്യം നിലനിർത്തണമേ. എപ്പോഴും ഞങ്ങളെ അനുഗ്രഹിച്ചാലും )
സമധ്വരായോഷസോ നമന്ത
ദധിക്രാവേവ ശുചയേ പദായ |
അര്‍വാചീനം വസുവിദം ഭഗം നോ
രഥമിവശ്വാ വാജിന ആവഹന്തു || 6 ||
(പവിത്രമായ ദധിക്രാ വനത്തിൽ കുതിരകൾ എത്ര ശക്തിയോടെയാണോ രഥം വലിക്കുന്നത് അതേ ശക്തിയോടെ അങ്ങനെ നമിക്കുന്നു. )
അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ
വീരവതീസ്സദമുച്ഛന്തു ഭദ്രാഃ |
ഘൃതദുഹാനാ വിശ്വതഃ പ്രപീനാ
യൂയം പാത സ്വസ്തിഭിസ്സദാ നഃ || 7 ||
(മംഗളദായിനിയായ ഉഷസ്സേ (പ്രഭാതമേ), എപ്പോഴും ഞങ്ങൾക്ക് കുതിരകൾ, കന്നുകാലികൾ, വീരന്മാരായ സന്താനങ്ങൾ/സഹായികൾ എന്നിവയെ സമൃദ്ധമായി നൽകി അനുഗ്രഹിക്കണേ. എല്ലാ ഭാഗത്തുനിന്നും സമൃദ്ധി (നെയ്യ് ചുരത്തുന്ന പശുവിനെപ്പോലെ) പ്രദാനം ചെയ്തുകൊണ്ട്, ഹേ ദേവന്മാരേ, അവിടുന്ന് എപ്പോഴും ഞങ്ങളെ മംഗളങ്ങൾ നൽകി രക്ഷിക്കേണമേ.)
യോ മാഗ്നേ ഭാഗിനഗ് സംതമഥാഭാഗം
ചികീർഷതി |
അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം
കുരു || 8 ||
(ഹേ അഗ്നിദേവാ! ഭാഗ്യവാനായിരിക്കുന്ന എന്നെ ഭാഗ്യഹീനനാക്കാൻ (തകർക്കാൻ) ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ ഭാഗ്യഹീനനാക്കി മാറ്റിയാലും. ഹേ അഗ്നിഭഗവാനേ, എന്നെ എപ്പോഴും സമൃദ്ധിയുള്ളവനും ഭാഗ്യവാനുമായി നിലനിർത്തേണമേ.)
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||
Story Summary: Significance of Bhagya Sooktham: The powerful Vedic prayer addressed primarily to Bhaga (the deity of fortune) and other gods, seeking universal well-being, abundant wealth, prosperity, and the protection of one’s good fortune from negative energies.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.