ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ഇന്ന് നടന്ന നറുക്കെടുപ്പിൽ തിരഞ്ഞെടുത്തു. കോട്ടയം അരീക്കര ഇല്ലത്തെ ശങ്കരൻനമ്പൂതിരി അഞ്ച് വർഷമായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഇപ്പോൾ തിരുവനന്തപുരം പുളിമൂട് താമസം.
ഡൽഹി ആർ കെ പുരം അയ്യപ്പസ്വാമി ക്ഷേത്രത്തിൽ 8 വർഷം മേൽശാന്തിയായിരുന്നു. തുടർന്ന് 10 വർഷം തിരുവനന്തപുരം തൈക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മേൽശാന്തിയായി. ഇതിനിടയിൽ 5 തവണ ശബരിമല മേൽശാന്തി നിയമനത്തിനുള്ള അവസാന ഘട്ട ചുരുക്കപ്പട്ടികയിൽ ഇടം നേടി. എല്ലാ തവണയും നറുക്കെടുപ്പിൽ പുറന്തള്ളപ്പെട്ടു. എന്തോ വിഘ്നമുണ്ടെന്ന് മനസ്സിലാക്കിയ സമയത്താണ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ മേൽശാന്തി നിയമനത്തിന് അപേക്ഷിച്ചത്. അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം 5 വർഷം പഴവങ്ങാടി ഗണപതി ഭഗവാനെ സേവിച്ച് തടസ്സങ്ങൾ മാറ്റി. ഇപ്പോൾ ആറാം തവണ അപേക്ഷിച്ചപ്പോൾ അയ്യപ്പസ്വാമി കടാക്ഷിക്കുകയായിരുന്നു.
അച്ഛൻ അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരി മുൻപ് പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. ഭാര്യ വിദ്യ, മക്കൾ: പാർത്ഥസാരഥി, ഗൗരി ശങ്കരി .

കോഴിക്കോട് വടകര സ്വദേശി എ. ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. ഇദ്ദേഹം ഇപ്പോൾ പയ്യോളി കീഴൂർ ശിവ ക്ഷേത്രത്തിൽ മേൽശാന്തിയാണ്. പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുൻ (ശബരിമല), അനശ്വര എം. രഞ്ജിത്ത് (മാളികപ്പുറം) എന്നിവരാണ് നറുക്കെടുത്തത്.
സന്നിധാനത്തെ സോപാനത്തിലും മാളികപ്പുറം ക്ഷേത്രത്തിലുമായി ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഉഷ:പൂജയ്ക്ക് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. വൃശ്ചികം 1 മുതൽ ഒരു വർഷത്തേക്കാണ് പുതിയ മേൽ ശാന്തിയുടെ സേവനകാലം. തുലാമാസ പൂജകൾക്ക് ശേഷം ഒക്ടോബർ 22ന് നട അടയ്ക്കും. അടുത്ത മാസം 17ന് മണ്ഡലകാലം ആരംഭിക്കും.
ALSO READ
മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിച്ച അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, സാമ്പത്തികമായ യാതൊരു ഇച്ഛയുമില്ലാതെ പൂർണ സത്യസന്ധതയോടെ അയ്യപ്പ സ്വാമിയെ സേവിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു.
നേരം ഓൺലൈനിൽ പഴവങ്ങാടി ഗണപതി ഭഗവാനെ കുറിച്ചും പഴവങ്ങാടി ക്ഷേത്രത്തെക്കുറിച്ചും അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയുടെ
മൂന്ന് വീഡിയോകൾ ഈ അടുത്ത കാലത്ത് പബ്ളീഷ് ചെയ്തിരുന്നു. ആ വീഡിയോകളുടെ ലിങ്കുകൾ:
1
https://youtu.be/sTZV55mEBj4?si=AUZaX1mRSYuyz5q7
2
https://youtu.be/2FAcnAKDxkk
3
https://youtu.be/gHg3D2SiGYA
ഈ പുണ്യനിയോഗം പൂർണ്ണമനസ്സോടെ നിർവ്വഹിക്കാൻ അയ്യപ്പസ്വാമിയുടെയും പഴവങ്ങാടി ഗണപതി ഭഗവാന്റെയും അനുഗ്രഹം പ്രിയപ്പെട്ട തിരുമേനിക്ക് എപ്പോഴും തുണയാകട്ടെ എന്ന് നേരം ഓൺലൈനിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.