കുടുംബത്തിൻ്റെ സംരക്ഷകയായ ഭദ്രകാളി ദേവിയെ ഭജിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കുന്ന പുണ്യ ദിനങ്ങളാണ് മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി നക്ഷത്രം. ദുഷ്ടർക്ക് ഭയങ്കരിയും ശിഷ്ടർക്ക് വശ്യയുമായ കാളി ഭഗവതി സാക്ഷാൽ ആദിപരാശക്തി തന്നെയാണ്. ദേവിയുടെ വ്യത്യസ്തമായ അനേകം ഭാവങ്ങളിൽ ശക്തിവിശേഷമേറിയതും അതിപ്രശസ്തവുമാണ് ഭദ്രകാളി ഭാവം. ഈ ഭാവത്തിൽ വേണം ഭരണിവ്രതം അനുഷ്ഠിക്കുന്നവർ അമ്മയെ പൂജിക്കേണ്ടത്. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ ഭഗവതിയെ , ദേവി എന്നല്ല അമ്മ എന്നാണ് ഭക്തർ കൂടുതലായി വിളിക്കുന്നത്. ഭദ്രകാളി പ്രീതി നേടാൻ ഏറ്റവും ഫലപ്രദമായ മകരഭരണി ജനുവരി 27 നും കുംഭഭരണി ഫെബ്രുവരി 23 നും മീനഭരണി മാർച്ച് 22 നുമാണ്. ഈ മൂന്ന് ദിവസങ്ങളിലും വ്രതം അനുഷ്ഠിച്ച് ഭഗവതിയെ ഉപാസിക്കുന്നതും ഭദ്രകാളി ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുന്നതും ഏറെ ഗുണകരമാണ്. ഇത്തവണത്തെ മകര ഭരണി ഭദ്രകാളി പ്രധാനമായ ചൊവ്വാഴ്ച വരുന്നത് ഇരട്ടി ഫലദായകമാണ്.
ഭരണി വ്രതനിഷ്ഠകൾ
മകര ഭരണിയുടെ തലേ ദിവസമായ തിങ്കളാഴ്ച വ്രതം തുടങ്ങുന്ന വ്രതം കാർത്തിക നാൾ രാവിലെ വരെ തുടരണം. വ്രതദിനങ്ങളിൽ ഉച്ചയ്ക്ക് ഒരു നേരം മാത്രം ഊണ് കഴിക്കുക. രാവിലെയും, വൈകിട്ടും ഉപവാസമെടുക്കുക. പഴവർഗ്ഗങ്ങളോ, ലഘുഭക്ഷണമോ കഴിക്കാം. വ്രതം കഴിഞ്ഞാൽ പിറ്റേദിവസം ക്ഷേത്രത്തിൽ നിന്നും തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കണം. മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം ബ്രഹ്മചര്യം പാലിക്കുകയും വേണം. വ്രതദിവസങ്ങളിൽ രണ്ട് നേരവും ദേവീക്ഷേത്ര ദർശനം നടത്തണം. ചുവന്ന വസ്ത്രം പൂർണ്ണമായോ ജപസമയത്ത് മാത്രമായോ ധരിക്കണം. പുല, വാലായ്മ, മാസമുറ എന്നിവയുള്ളവർ വ്രതമെടുക്കാൻ പാടില്ല. രണ്ട് നേരവും നെയ്‌വിളക്ക് കൊളുത്തി യഥാശക്തി പ്രാർത്ഥിക്കണം.
മൂലമന്ത്രജപം അഭീഷ്ട സിദ്ധി തരും
മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ദിവസങ്ങളിൽ രണ്ട് നേരവും കുളിച്ച് മൂലമന്ത്രം ജപിക്കണം. ദേവിയുടെ അത്ഭുതശക്തിയുള്ള മൂലമന്ത്രമാണ് ജപിക്കേണ്ടത്. ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈനമഃ എന്ന ഈ മന്ത്രം 48 പ്രാവശ്യം രണ്ട് നേരം ജപിക്കണം. കാര്യവിജയത്തിന് ഉത്തമമായ ഈ മന്ത്രം നിത്യജപത്തിനും നല്ലതാണ്. ശത്രുദോഷം മൂലം വരുന്ന ദുരിതങ്ങൾ നീക്കാൻ ഈ ജപത്തിന് അത്ഭുതശക്തിയുണ്ട്. 12,21,41 തുടങ്ങിയ ദിവസം ജപിക്കാം. ഭരണിനാളിൽ ജപം തുടങ്ങുന്നത് ഏറ്റവും ഉത്തമം. മകര ഭരണി തുടങ്ങി മീനഭരണി വരെ ചെയ്യുന്നത് നല്ലതാണ്.
ഭദ്രകാളിസൂക്തം ദുരിത ശാന്തിക്ക്
വേദമന്ത്രമായ ഭദ്രകാളീസൂക്തം ചൊല്ലി പുഷ്പാഞ്ജലി കഴിക്കുന്നത് ദുരിതങ്ങൾ നീക്കും. ക്ഷേത്രത്തിൽ ഈ പുഷ്പാഞ്ജലി ചെയ്യിക്കണം. തെച്ചിപ്പൂവ് ഗുരുതിയിൽ മുക്കി പുഷ്പാഞ്ജലി ചെയ്യുന്നത് പെട്ടെന്ന് ഫലം നല്കും. 12,21,36 തുടങ്ങിയ യഥാശക്തി ദിവസം ചെയ്യിക്കണം. ഉത്തമനായ ഒരു കർമ്മിയെക്കൊണ്ട് ചെയ്യിക്കാൻ ശ്രദ്ധിക്കണം.
കാളിഗായത്രി പാപശാന്തി നൽകും
അത്ഭുതശക്തിയുള്ള കാളിഗായത്രി മന്ത്രം 84 പ്രാവശ്യം വീതം മകരഭരണി നാളിൽ തുടങ്ങി 28 ദിവസം രണ്ട് നേരം ജപിക്കുക. പാപശാന്തിക്കും, മുൻജന്മ ദോഷശാന്തിക്കും ഗുണകരമാണ്. ഈ മന്ത്രജപം രോഗാരിഷ്ടത മാറുന്നതിന് നല്ലതാണ്. ജപവേളയിൽ ചുവന്ന വസ്ത്രം ധരിക്കണം.
ഓം രുദ്രസുതായൈ വിദ്മഹേ
ശൂലഹസ്തായൈ ധീമഹേ
തന്നോ കാളീ പ്രചോദയാൽ
ഭരണി പൊങ്കാല ദാമ്പത്യസൗഖ്യത്തിന്
ഭരണിനാളിൽ വീടിന്റെ മുമ്പിൽ മെഴുകിവൃത്തിയാക്കി പൊങ്കാലയിടുന്നത് ദാമ്പത്യശാന്തിക്ക് ഗുണകരം. പാല്പായസ പൊങ്കാല ദാമ്പത്യസൗഖ്യത്തിനും, ശർക്കര പൊങ്കാല ദാരിദ്ര്യശാന്തി വരുത്തി ധനലബ്ധി നൽകുന്നതിനും, വെള്ളച്ചോർ പൊങ്കാല പാപശാന്തി, കലഹശാന്തി, ശത്രുദോഷ ശാന്തി എന്നിവയ്ക്കും ഗുണകരമാണ്.
ALSO READ
ഭദ്രകാളി അഷ്ടോത്തരം
ഭദ്രകാളി സംബന്ധമായ ഉപാസനകളിൽ ഏറ്റവും ഫലപ്രദമാണ് ദേവിയുടെ അഷ്ടോത്തര ശതനാമാവലി ജപം. അഷ്ടോത്തരത്താൽ ദേവിയെ ഉപാസിച്ചാൽ ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം എന്നിവ ശമിക്കും. അകാരണമായ ഭയമുൾപ്പെടെ എല്ലാവിധ ഉത്കണ്ഠകളും മാറും. നമ്മുടെ ഉയർച്ചയിലും ഐശ്വര്യത്തിലും അസൂയപ്പെടുന്നവരുടെ ദൃഷ്ടിദോഷം അഥവാ കൺദോഷം മൂലമുണ്ടാകുന്ന ദുരിതങ്ങൾ മാറുന്നതിനും ഭദ്രകാളി അഷ്ടോത്തര ജപം പരിഹാരമാണ്. അഷ്ടോത്തര ജപം എല്ലാ അഹിതങ്ങളും ജീവിതത്തിൽ നിന്നും അകറ്റും. ഈശ്വരാധീനം അറിയാതെ നമുക്ക് ചുറ്റുമുണ്ടാകും. പതിവായി അഷ്ടോത്തരം ജപിക്കുക ഒരു രക്ഷ തന്നെയാണ്.
മന്ത്രോപദേശം നിർബ്ബന്ധമുള്ള കാര്യമല്ല.കഠിനമായ നിഷ്ഠകളില്ലാതെ ആർക്കും ഇത് ജപിക്കാം. അർത്ഥം മനസിലാക്കി ജപിക്കാൻ ശ്രദ്ധിക്കുക. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളി അഷ്ടോത്തരം കേൾക്കാം :
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി,
(മൊബൈൽ: +91 9447020655)
Story Summary: Significance Bharani Virtham on January 27, Makara Bharani and Bhadrakali Ashtotharam Chanting
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500. ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.