ഇത്രയേറെ ക്ഷിപ്ര പ്രസാദിയായ ഈശ്വര സങ്കല്പം ലോകത്തിൽ വേറെ ഉണ്ടോ എന്നുള്ള കാര്യത്തിൽ പല ആചാര്യന്മാർക്കും സംശയമുണ്ട്. അത്രയ്ക്കും ഭക്തവത്സലനാണ് ഗണപതി ഭഗവാൻ. അഥർവ്വ വേദത്തിൽ ഗണപതിയെ ബ്രഹ്മമായിത്തന്നെയാണ് സങ്കൽപ്പിക്കുന്നത്. ജ്ഞാനവും വിജ്ഞാനവും ആനന്ദവും ഗണപതിയിൽ നിന്നുണ്ടാകുന്നു എന്ന് അഥർവ്വത്തിൽ പറയുന്നു: മൂന്നു ഗുണത്തിനും, മൂന്നു കാലത്തിനും, മൂന്നു ദേഹത്തിനും, മൂന്ന് അവസ്ഥയ്ക്കും അതീതനാണ് ഗണപതി എന്നാണ് അഥർവ്വത്തിൽ പറയുന്നത്. “സർവ്വം ജഗദിദം ത്വയി ലയമേഷ്യതി” – ഈ ജഗത്തു മുഴുവൻ ലയിക്കുന്നത് ഗണപതിയിലാണെന്നും വേദം പറയുന്നു. കർത്താസിയും, ധർത്താസിയും, ഹർത്താസിയും ഗണപതിയാകുന്നു. അതായത് സൃഷ്ടിക്കുന്നവനും, ധരിക്കുന്നവൻ അഥവാ നിലനിർത്തുന്നവനും, ഹരിക്കുന്നവൻ അഥവാ സംഹരിക്കുന്നവനും അവനാകുന്നു. “ത്വം സർവ്വം ഖ്വല്വിദം ബ്രഹ്മാസി ” എല്ലാം സൃഷ്ടിക്കുന്ന ബ്രഹ്മം ഗണപതിയാകുന്നു എന്നും അഥർവ്വം സൂചിപ്പിക്കുന്നു. കേൾവിയും കാഴ്ചയും ധാരണയും എല്ലാം അവനത്രേ.
ആദ്യം വന്ദിക്കണം
ഗണപതി എത്രയുണ്ട്..? ആ ചോദ്യത്തിന് അറിയില്ല എന്നാണ് ഉത്തരം. ആദിഗണപതി, മൂലഗണപതി, ലക്ഷ്മി ഗണപതി, നൃത്ത ഗണപതി, ഉച്ഛിഷ്ട ഗണപതി, സിദ്ധി ഗണപതി,… അങ്ങനെയങ്ങനെ ആരാധിക്കുവാൻ പറ്റുന്ന 32 ഭാവങ്ങൾ മാത്രം നമുക്കറിയാം. ഗജാനനയും വിനായകിയുമായി സ്ത്രീ രൂപത്തിലും ഭഗവാനെ ആരാധിക്കുന്നു. പ്രത്യക്ഷമായി പറയാൻ പറ്റാത്ത അനേകം നിഗൂഢ ഭാവങ്ങൾ ഈ ഒറ്റക്കൊമ്പനുണ്ട്. അതുകൊണ്ടുതന്നെയാണ് ഹിന്ദുക്കള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കണം എന്ന് ആചാര്യന്മാർ, നിഷ്കർഷിച്ചത്.
ഏറ്റവും വേഗത്തില്‍ ഫലം
വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ജന്മനക്ഷത്രത്തിന് നടത്തണം
ജന്മനക്ഷത്ര ദിവസം നോക്കി മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.
അഷ്ടദ്രവ്യ ഹോമം
എട്ട് നാളീകേരം ഉൾപ്പെടെ അഷ്ടദ്രവ്യം ചേര്‍ത്ത് നടത്തുന്ന അഷ്ടദ്രവ്യ ഗണപതി ഹോമം ഏറെ ശ്രേഷ്ഠമാണ്. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. .
പൂർണ്ണഫലത്തിന്
നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് അനുഭവം.
ALSO READ
ദക്ഷിണ നല്‍കണം
ഗണപതി ഹോമം നടത്തുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്.
പ്രസാദം കഴിക്കാമോ ?
ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാന്‍ പാടില്ല എന്നാണ് വിധി എല്ലാം ഭഗവാന് സമര്‍പ്പിച്ച് ദക്ഷിണ കൊടുത്ത് പിന്‍വാങ്ങുകയാണ് വേണ്ടത്. പക്ഷേ പലരും ഹോമാംശം പ്രസാദമായി സ്വീകരിച്ച് കഴിക്കുകയും കൊടുക്കുകയും ചെയ്യുന്നു. ചില ആചാര്യന്മാർ അതിനെ അനുകൂലിക്കുകയും ചിലർ എതിർക്കുകയും ചെയ്യാറുണ്ട്. ഭക്തന്റെ യുക്തിയാണ് അവിടെ പ്രധാനം. ഭഗവാന്റെ ഉച്ഛിഷ്ടം എന്ന നിലയിൽ പ്രസാദം സ്വീകരിച്ചു കഴിക്കുന്നതിൽ തെറ്റില്ല എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതേപോലെ പലര്‍ക്കും ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില എടുക്കുന്നതും ശരിയല്ല.
ഗണപതിഹോമവും ഫലങ്ങളും
പല കാര്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്. ക്ഷേത്രത്തിലായാൽ പോലും തന്റെ ആവശ്യം പറഞ്ഞ് ഹോമം നടത്തിക്കാം. ആണായാലും പെണ്ണായാലും സ്വയം പഠിച്ച് വീട്ടിൽ ഗണപതിഹോമം നടത്തുന്നത് ഏറെ ശ്രേഷ്ഠം. വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു :
അഭീഷ്ടസിദ്ധി: അഭീഷ്ട സിദ്ധി
എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക.
ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക.
മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയംവര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.
സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.
ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക.
പിതൃക്കളുടെ പ്രീതി: എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക.
കലഹം തീരാന്‍ : ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.
ആകര്‍ഷണത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ
ആലപിച്ച ഗണനായകാഷ്ടകം കേൾക്കാം:
( ആത്മീയാചാര്യനും ഗവേഷകനുമായ അശോകൻ ഇറവങ്കര തയ്യാറാക്കിയത് )
Story Summary: Why perform Ganapathi Homam and benefits of performing this on birth star day?
Highlights
കേൾവിയും കാഴ്ചയും ധാരണയും എല്ലാം ഗണപതിയെന്ന് അഥർവ്വം സൂചിപ്പിക്കുന്നു
ക്ഷേമൈശ്വര്യം വര്‍ദ്ധിക്കാൻ നടത്തുന്ന പ്രധാന അനുഷ്ഠാനം ഗണപതി ഹോമം
ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ട, 24 മോദകം ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.