കേൾക്കുമ്പോൾ ഉള്ളം കുളിർക്കുന്ന പേരാണ് ഗന്ധർവ്വൻ. പ്രത്യേകിച്ച് പഴയ കാമിനിമാരുടെ. പറഞ്ഞുകേട്ട പഴങ്കഥകളിൽ നിന്നും ഗന്ധർവ്വനെ കാമുകനാക്കാത്ത ഒരു കൗമാരവും പണ്ടുകാലത്ത് കടന്നു പോയിട്ടില്ല. അത്ര സ്വാധീനം ചെലുത്തിയിരുന്നു ഗന്ധർവ്വൻ. മനംമയക്കുന്ന മണമായിരുന്നു ഗന്ധർവൻ. രാത്രികളെ നിദ്രാവിഹീനങ്ങളാക്കുന്ന മാസ്മരഗന്ധം. കർണ്ണാ കർണ്ണികയാ പറഞ്ഞുവന്ന കഥകളിൽ ഓരോ കുമാരിമാരുടെയും ഗന്ധർവന് ഓരോ രൂപമായിരുന്നു. കുടുംബങ്ങളിൽ അവനെ ഭരദേവതാ ക്ഷേത്രത്തിൽ യക്ഷിയമ്മയോടൊപ്പം ആരാധിച്ചിരുന്നു. സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികളെ അവിടേക്ക് വിടാറില്ല. പാലപ്പൂവിന്റെ ഗന്ധം പടർന്നാൽ വീടിന്റെ പടി തുറക്കുകയുമില്ല. പല കുടുംബങ്ങളിലും ഇന്നും ഗന്ധർവ്വിനെ ആരാധിക്കുന്നു. മിക്ക കുടുംബ ക്ഷേത്രങ്ങളിലെയും ഗന്ധർവ്വൻ ചിത്രരഥനാണ്. ചിത്രസേനൻ എന്നും പേരുപറയും. അതാരാണെന്നു പിന്നാലെ പറയാം.

അഗ്നിപുരാണം പത്തൊമ്പതാം അദ്ധ്യായത്തിൽ ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപ പ്രജാപതിക്ക് അരിഷ്ട എന്നു പേരായ ഭാര്യയിൽ ജനിച്ച പുത്രന്മാരാണ് ഗന്ധർവന്മാർ. ഗന്ധർവ്വ ശബ്ദത്തിന് നമ്മുടെ പുരാണങ്ങളിൽ ധാരാളം അർത്ഥങ്ങളുണ്ട്. ഒന്നും ഇവിടെ വിശദമാക്കാൻ ഇടമില്ല. “അപി ഗന്ധർവ്വകാന്തർവ ദിവ്യ ഗായന ഗാതവ:”
അതായത് ദിവ്യമായ സൗരഭ്യങ്ങളെ അറിയുന്നവൻ എന്നും, ദിവ്യമായ ഗാനങ്ങൾ അറിയുന്നവൻ എന്നും അർത്ഥം. നമ്മുടെ മനസ്സിന്, സൂര്യന്, ശിവന്, കുയിലിന്, വയറു നീണ്ട ഒരു മാനിന്, ഒക്കെ ഗന്ധർവ്വ ശബ്ദം പര്യായമായുണ്ട്.
പക്ഷേ ഇവിടുത്തെ ഗന്ധർവ്വൻ അതൊന്നുമല്ല. ഇന്ദ്രലോകത്തിൽ വസിക്കുന്ന സംഗീത ദേവതകളായ മാസ്മരിക പ്രഭാവന്മാരാണ് നമ്മുടെ ഗന്ധർവന്മാർ. ചില പുഷ്പങ്ങളുടെ മണത്തിൽ അവരെ അറിയാം. ഭൂമിക്ക് പുഷ്പങ്ങളിലൂടെ ഗന്ധം കൊടുക്കുന്നത് ഗന്ധർവന്മാരത്രേ.
ആകാശത്ത് ഒരു മാളികയുടെ ആകൃതിയിൽ വരുന്ന മേഘ കൂട്ടങ്ങളുണ്ട്. അവയ്ക്ക് ഗന്ധർവ്വപുരം എന്നാണ് പേര്. മായാപുരം, സങ്കല്പപുരം എന്നും ഇവിടം അറിയപ്പെടുന്നു. ഇവിടെയാണത്രേ ഗന്ധർവന്മാർ വസിക്കുന്നത്. സംഗീതമാണ് ഗന്ധർവ്വവിദ്യ. സാമവേദത്തെ ഗന്ധർവ്വവേദം എന്നു പറയുന്നു. ഗന്ധസാരം (പിച്ചകം) ഗന്ധവല്ലരി (കുറുമൊഴി മുല്ല) ഇലഞ്ഞി, ചമ്പകം, മുല്ല അശോകം, ഇവയെല്ലാം ഗന്ധർവ്വ പുഷ്പങ്ങളത്രേ. ആത്മാവിനെ ആത്മാവിൽ മണത്തറിയുന്ന തന്റെ കാന്തിയിൽ നിന്നും ഗന്ധർവന്മാരെയും അപ്സരസുകളെയും സൃഷ്ടിച്ചു എന്ന് ഭാഗവതത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നു. ഗന്ധർവ്വ ശ്രേഷ്ഠൻ നാരദൻ ആണെന്ന് ഒരു പക്ഷമുണ്ട്. ഓരോ യുഗങ്ങളിലും ഗന്ധർവന്മാർ പേരുകൊണ്ടും രൂപംകൊണ്ടും ധർമ്മങ്ങൾ കൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പുരാണങ്ങൾ പറയുന്നു. ദേവലോകങ്ങളിൽ അവതരിക്കുന്ന ഗന്ധർവന്മാർ ശാപം മൂലം ഭൂമിയിൽ മനുഷ്യരായി അവതരിക്കാറുണ്ടെന്നും പൗരാണിക കഥകളിൽ പറയുന്നുണ്ട്. സ്വർഗ്ഗങ്ങളിലെ രഹസ്യങ്ങൾ ഭൂമിയിലെ മനുഷ്യർക്ക് അവർ പറഞ്ഞു കൊടുക്കുമത്രേ. ഉപനിഷത്തുകളിൽ ഗന്ധർവന്മാരെ മനുഷ ഗന്ധർവന്മാർ ദേവഗന്ധന്മാർ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ദേവഗന്ധർവന്മാർ ധർമ്മ മാർഗത്തിൽ സഞ്ചരിക്കുന്നവരും സൂക്ഷ്മ രൂപികളും അതിസുന്ദരന്മാരുമാണ്. ഇവർക്ക് മറ്റു ദേവന്മാരുടെ ശാപങ്ങൾ ഏൽക്കാറില്ല. അതിൽതന്നെ ശൈവ ഗന്ധർവന്മാരും വൈഷ്ണവ ഗന്ധർവന്മാരും ഉണ്ട്. ശൈവ ഗന്ധർവന്മാരിൽ ചിത്രരഥനാണ് പ്രധാനി. അദ്ദേഹമാണ് രാജാവ്. കശ്യപന് മുനി എന്ന ഭാര്യയിലാണ് ചിത്രരഥൻ ജനിച്ചതെന്ന് മഹാഭാരതം ആദിപർവ്വം അധ്യായം 65 പറയുന്നു. ചിത്രരഥനെ അംഗാരപർണൻ എന്നാണ് ദേവലോകത്തിൽ അറിയപ്പെടുന്നത്.
ചക്ഷുഷീ ( വരാൻ പോകുന്ന കാലം മുൻകൂട്ടി കാണുന്ന വിദ്യ) മന്ത്രവിദ്യയുടെ അധികാരി ചിത്രരഥനാണ്. ഈ വിദ്യ മനുവിൽ നിന്ന് സോമനും സോമനിൽ നിന്ന് വിശ്വാവസുവും, അവിടെ നിന്നും ചിത്രരഥനും അവിടെ നിന്നും അർജുനനും കിട്ടിയിട്ടുണ്ട്. ഈ ചിത്രരഥനെയാണ് കേരളത്തിൽ യക്ഷിണികളോടൊപ്പം പല കുടുംബ ക്ഷേത്രങ്ങളിലും ആരാധിക്കുന്നത്.
ഉപാസകർക്ക് വളരെ പെട്ടെന്ന് അനുഭവസ്ഥരാണ് ഗന്ധർവ്വന്മാർ.
ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നീ നാല് വേദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ നാല് പ്രധാന ഉപവേദങ്ങളിലൊന്നാണ് ഗന്ധർവ്വവേദം.
മഹാഭാരതത്തിൽ ഗന്ധർവ്വന്മാരെ ദേവന്മാരുമായും (നർത്തകരും ഗായകരും എന്ന നിലയിലും) യക്ഷന്മാരുമായി (അതിശക്തരായ യോദ്ധാക്കൾ ബന്ധപ്പെടുത്തി വ്യാപകമായി പരാമർശിക്കപ്പെടുന്നു.)
ALSO READ
“ഋഗ്വേദം ” അനുസരിച്ച് , ഗന്ധർവ്വന്മാർ ദേവന്മാരുടെ വൈദ്യന്മാരുമാണ് സംഗീതത്തിലും ആലാപനത്തിലും വൈദഗ്ധ്യമുള്ള ഗന്ധർവന്മാർ മികച്ച ആസ്വാദകരുമാണ് . പക്ഷിയുടെ ചിറകുകൾ അല്ലെങ്കിൽ കുതിരയുടെ കാലുകൾ ഉപയോഗിച്ച് ഗന്ധർവന്മാർ പറക്കുന്നതായി സങ്കൽപ്പിക്കപ്പെട്ടിരുന്നു…
“നാരദസ്തുംബരുശ്ചൈവ വിശ്വാവസുപുരോഗമാഃ പരിഗൃഹ്ണന്തു മേ സർവേ ഗന്ധർവാ ബലിമുദ്യതം”
“ഓം ക്ലീം വിശ്വാസു നാം ഗന്ധർവ്വഃ കന്യാഃ നാമാധിപതിഃ ലാഭാമി ദേവ്-ദത്താം കന്യാം സുരൂപാം സലാംകാരാം തസ്മേ വിശ്വാവ്-സർവ നമഃ |”
“ഐം ഹ്രീം ക്ലീം ശ്രീം സൌം ബ്ലം ഗ്ലൌം ക്ലീം നമഃ”
( വെറുതെ ജപിക്കുന്നത് നല്ലതല്ല. അതുകൊണ്ട് ഈ മന്ത്രങ്ങൾ പൂർണ്ണമല്ല )
ഈ പറഞ്ഞതെല്ലാം അവിടെ നിൽക്കട്ടെ, നമുക്ക് വെറുതെ ഗന്ധർവ്വ ലോകത്തേക്ക് ഒന്നു പോകാം…..
പ്രണയത്തിന്റെയും വിവാഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവനാണ് ഗന്ധർവ്വൻ.
ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ ഗന്ധർവനെ പ്രാർഥിച്ചാൽ മതി എന്നാണ് വിശ്വാസം. അതി സൗന്ദര്യത്താലും, ആകാര സൗഷ്ഠതയാലും അനുഗൃഹീതരായ ഇവർ ഗഗന ചാരികളായി ഭൂമിക്ക് മുകളിലൂടെ സഞ്ചരിക്കാറുള്ളതായി പുരാണങ്ങൾ പറയുന്നു. യക്ഷികളുടെ പുരുഷന്മാരാണ് ഗന്ധർവന്മാരെന്നും പുരാണങ്ങളിൽ പരാമർശിക്കുന്നു. മഹാഭാരതത്തിൽ ഗന്ധർവ്വന്മാരെക്കുറിച്ചുള്ള നിരവധി പരാമർശങ്ങളുണ്ട്.
പുരാണങ്ങളിൽ അപ്സരസ്സുകളുടെ ഭർത്താവായും ഗന്ധർവ്വന്മാർ അറിയപ്പെടുന്നു. അപ്സരസ്സുകളെ ഗന്ധർവ സ്ത്രീകൾ എന്നാണ് പൊതുവിൽ പറയുന്നത് .ദേവേന്ദ്ര സദസ്സായ സ്വർഗ്ഗത്തിലെ പാട്ടുകാരായി ഗന്ധവ്വർമ്മാരെ അറിയപ്പെടുപ്പോൾ അപ്സരസ്സുകൾ സദസ്സിലെ നർത്തകിമാരായും പറയപ്പെടുന്നു. മനുഷ്യന് നഗ്നനേത്രങ്ങളാൽ കാണാനാവാത്ത ഇവർക്ക് മനുഷ്യരെ അനുഗ്രഹിക്കാനും ശപിക്കുവാനുമുള്ള ശക്തിയോടുകൂടിയവരാണ്. 64 കലകളും വശത്താക്കിയവരാണ് ഗന്ധർവ്വന്മാർ. മഹാഭാരത കഥയിലെ അർജ്ജുനന് നാട്യശാസ്ത്രം പഠിപ്പിച്ചത് ഒരു ഗന്ധർവ്വനാണെന്ന് പറഞ്ഞിരിക്കുന്നു.
വളരെയധികം സൗന്ദരൃമുള്ള ശരീരത്തോടുകൂടിയ ഇവർ ആയോധന കലയിലും അതീവ നൈപുണ്യം നേടിയവരാണ്. സൗരഭ്യമുള്ള വസ്ത്രങ്ങൾ അണിയുന്ന ഇവർ ദേവേന്ദ്ര സദസ്സിൽ സോമരസം നിർമ്മിക്കുകയും ദേവൻമ്മാർക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്നവരായും പറയപ്പെടുന്നു . എന്നാൽ സോമരസം സ്വയം ഉപയോഗിക്കാൻ അവകാശമില്ലാത്തവരുമാണ് ഗന്ധർവ്വന്മാർ. ശരിയായി സൂക്ഷിക്കാതെ വച്ച സോമരസം അസുരന്മാർ കട്ടെടുത്തതായും ദേവേന്ദ്രൻ വീണ്ടും അസുരൻമ്മാരിൽ നിന്നും സോമരസം വീണ്ടെടുത്തതായും പറയപ്പെടുന്നു, സോമരസം സൂക്ഷിക്കാത്തതിന്റെ ശിക്ഷയായി സോമരസം ഉപയോഗിക്കുന്നതിൽ നിന്നും ഗന്ധർവന്മാരെ ദേവേന്ദ്രൻ വിലക്കി
എന്നും പറയപ്പെടുന്നു
കേരളത്തിൽ പലതറവാടുകളിലും ഗന്ധർവ്വന് സ്ഥാനംനൽകി ആരാധിക്കുന്നുണ്ട് ,
വൈഷ്ണവമായും ശൈവമായും ആരാധനാ സമ്പ്രദായം ഉണ്ട് വിദ്യാ ഗുണത്തിന്, കുടുംബഭദ്രതക്ക് സംഗീതമികവിന്, അഭിനയരംഗത്ത് ഉന്നതി ഉണ്ടാവാനും എന്നുതുടങ്ങി പല ഭൌതീക നേട്ടങ്ങൾക്കും ഗന്ധർവ്വ ഉപാസന ഫലപ്രദമാണ്. പത്നിസമേതനായി ഗന്ധർവ്വഭഗവാനേ പൂജീക്കുന്നതാണ് ഉത്തമമെന്നാണ് പറയപ്പെടുന്നത് ,
മനുഷ്യഭാവനയെ ഇത്രയേറെ സ്വാധീനിച്ച ഒരു സങ്കല്പ്പം ഒരുപക്ഷേ മറ്റെങ്ങും കാണാനാവില്ല ഭൂമിക്കും സ്വര്ഗ്ഗത്തിനുമിടയിൽ സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ ഗഗന സഞ്ചാരികളുടെ കഥ പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്. കന്യകമാർക്കും ഗര്ഭിണികൾക്കും ഗന്ധര്വ്വ ബാധ ഉണ്ടാകുമെന്ന വിശ്വാസം ഇന്നും പഴമക്കാർക്കിടയിലുണ്ട്. ഗന്ധര്വദേവതകള് അഷ്ടമി തിഥിയിലാണ് ആവേശിക്കുക എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്,
ഗന്ധർവാദികളുടെ ബാധകൊണ്ടാണ് സ്ത്രീകള് ഗര്ഭംധരിക്കാത്തതും ഗര്ഭം അലസുന്നതും എന്ന് ഇന്നും ഒരു വിശ്വാസമുണ്ട്. ഗന്ധർവൻമാർക്ക് പല പേരുകളുണ്ടെന്നും അതിൽ ആകാശഗന്ധര്വന്, ഐശ്വര്യ ഗന്ധർവൻ. അപസ്മാര ഗന്ധര്വന്, പച്ചമാന ഗന്ധര്വന്, പവിഴമാന ഗന്ധര്വൻ . രന്തുകാമൻ, ഹന്തു കാമൻ, ഭോക്തു കാമൻ, ,മുതലായ കുറച്ചു ഗന്ധർവ്വന്മാർ മനുഷ്യ ഉപദ്രവകാരികളാണ് എന്നും പല രീതിയിൽ അവർ മനുഷ്യരെ ഉപദ്രവിക്കുന്നു എന്നും പറയപ്പെടുന്നു.
ആകാശഗന്ധർവ്വൻമാരിൽ രാജാവ് നേരത്തെ പറഞ്ഞ ചിത്രരഥനും ഐശ്വര്യ ഗന്ധർവൻമാരിൽ രാജാവ് ചിത്രാംഗദനുമാണ്.
ഇത്രയൊക്കെ വായിക്കുമ്പോൾ എന്തുവന്നാലും ഗന്ധർവ്വനെ ഒന്ന് ആരാധിച്ചു നോക്കാൻ ആരെങ്കിലും തീരുമാനിച്ചാൽ..
നിരാശപ്പെടേണ്ട..
ധ്യാനം
ദ്വാദശ സ്ത്രീ പരിവൃതം
സുരസംഘ പുരസ്സരം
കാമദഞ്ചിത്ര സേനാഖ്യം
കന്യാധാന സുദീക്ഷിതം
വന്ദേ ഗന്ധർവ്വ രാജാനാം
വീണാമാലാ വിരാജിതാം
സ്വധർമ്മാധിഷ്ഠിതം നിത്യം
ശുദ്ധ ചാമീകരപ്രഭാം
വശ്യമന്ത്രം
ഓം ഹ്രീം ശ്രീം ഗന്ധർവ്വായ
മമാഭിലഷിതം വര പ്രയശ്ച സ്വാഹാ
കാര്യസാദ്ധ്യ മന്ത്രം
ഓം ശ്രീം ഐം ഗന്ധർവ്വായ
മമ കാര്യം കുരു കുരു ഫട്
കുളിച്ച് ശുദ്ധമായി ഈ ധ്യാനവും മന്ത്രവും നിർമ്മലമായ മനസ്സോടെ ജപിക്കുക. ഗുരൂപദേശം ഇല്ലാതെ ഇത് ജപിക്കരുത്.
ഗന്ധർവ്വ പൂജാ വിധിയുടെ ഏകദേശം രൂപം മനസ്സിലാക്കാൻ വേണ്ടി മാത്രം പറയാം.
നിർബന്ധമായും ഗുരുവിൻ്റെ ഉപദേശം ഇത് ജപിക്കാൻ വേണം.
അതിരാവിലെ എഴുന്നേറ്റ് കുളിച്ച്, സേവാമൂർത്തികളെയും ഗുരപരമ്പരകളെയും പൂജിച്ച്, അവരോട് ഗന്ധർവ്വ സേവ ചെയ്യുന്നതിനുള്ള അനുവാദവും അനുഗ്രഹവും നേടി ഗന്ധർവ്വ സേവ ആരംഭിക്കുക.
അതിനായി, യക്ഷീസമേതനായി പച്ച നിറത്തിലുള്ള കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ഗന്ധർവ്വസ്വാമിയുടെ ചിത്രമോ വിഗ്രഹമോ പഞ്ചവർണ്ണപട്ട് വിരിച്ച പീഠത്തിൽ സ്ഥാപിച്ച്, പിച്ചി, മനോരഞ്ജിനി, മുല്ല, ചെമ്പകം, പാലപ്പൂ, ഇലഞ്ഞിപ്പൂ ഇവയാൽ മാല ചാർത്തി, ഈ പുഷ്പങ്ങളാൽ അലങ്കരിക്കുക…
ചന്ദനം, കസ്തൂരി, ഗോരോചനം ഇവ തളിക്കുക…
സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുക…
ചെറിയ ശബ്ദത്തിൽ നാദസ്വരം കേൾപ്പിക്കുക….
ശുദ്ധമായ നെയ്യ് ഒഴിച്ച് ഏഴ് വെള്ളി വിളക്കുകൾ തെളിയിക്കുക….
ഉപാസകൻ അതിശുദ്ധവും സുഗന്ധപൂരിതവുമായ വസ്ത്രം ധരിച്ച് അഷ്ടഗന്ധം ശരീരമാസകലം വ്യാപകം ചെയ്ത്, സേവയ്ക്കായി ഇരിക്കണം…
ഗുരുവിന്റെ അനുഗ്രഹത്തോടെ മന്ത്രസേവ ചെയ്യുക…
തൃമധുരം, വറപ്പൊടി, ഇളനീർ, താംബൂലം,
പാൽ, പാൽപായസം (ശൈശവത്തിൽ രണ്ട് പായസവും), കദളിപ്പഴം (ശൈശവത്തിൽ ചെങ്കദളി), മധു, തേങ്ങാവിളക്ക്, മാവ് വിളക്ക്, വാൽക്കണ്ണാടി ഇവയൊക്കെ ഈ പൂജ ചെയ്യുന്നതിന് ആവശ്യമാണ്..
(ഗന്ധർവന്മാരെ കുറിച്ച് പറഞ്ഞാലും എഴുതിയാലും തീരില്ല. എങ്കിലും ഇവിടെ നിർത്താം.)
തയ്യാറാക്കിയത് : അശോകൻ ഇറവങ്കര
Story Summary Significance of Gandharwa Pooja
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.