Sunday, July 5, 2026
Sunday, July 5, 2026
Home » ആപത്തുകളും രോഗങ്ങളും അകറ്റിവേണ്ടതെല്ലാം തരും ഗണേശ പഞ്ചരത്നം

ആപത്തുകളും രോഗങ്ങളും അകറ്റിവേണ്ടതെല്ലാം തരും ഗണേശ പഞ്ചരത്നം

by മംഗളഗൗരി
0 comments


മംഗളഗൗരി
അഷ്ടൈശ്വര്യങ്ങളും നൽകുന്ന ഗണപതി സ്തുതിയാണ് ഗണേശ പഞ്ചരത്നം. ശങ്കരാചാര്യ വിരചിതമായ ഈ സ്തൃതി ദിവസവും പ്രഭാതത്തിൽ ജപിക്കാൻ ഉത്തമമായ അതിമനോഹരമായ ഗണപതി സ്തോത്രമാണ്. പൊതുവേ വിഘ്ന നിവാരകനായാണ് ഗണേശ ഭഗവാൻ പ്രകീർത്തിക്കപ്പെടുന്നത്. എന്നാൽ തടസങ്ങൾ മാത്രമല്ല രോഗദുരിതങ്ങളും അശുഭങ്ങളും ആപത്തുകളുമെല്ലാം അകറ്റുന്ന ദേവനാണ് ഗണനായകൻ എന്ന് വ്യക്തമാക്കുന്ന ശ്രീ മഹാഗണേശ പഞ്ചരത്നം ദിവസവും രാവിലെ ശുദ്ധിയോടെ ഇത് ചൊല്ലുന്നവർക്ക് ആരോഗ്യം, ദോഷനിവാരണം, സന്താന സൗഭാഗ്യം, വിദ്യാ വിജയം, ദീർഘായുസ് തുടങ്ങിയ അഷ്ടൈശ്വര്യങ്ങൾ ലഭിക്കുമെന്ന് ആചാര്യർ ഇതിൻ്റെ ഫലശ്രുതിയിൽ തന്നെ വെളിപ്പെടുത്തുന്നു.

സന്തോഷത്തോടു കൂടി മോദകം വഹിക്കുന്നവനാണ് ഈ സ്തോത്രത്തിലൂടെ നമസ്കരിക്കപ്പെടുന്ന ഗണപതി. ഇതിന്റെ നിരന്തരമായ ജപത്തിലൂടെ ആപത്തുകളെല്ലാം ഒഴിഞ്ഞു പോകും. അശുഭങ്ങളും രോഗക്ലേശവും ക്ഷണനേരത്തിൽ അകലും. ദാരിദ്ര്യദുഃഖം മാറി ഐശ്വര്യം പ്രദാനം ലഭിക്കും. അർത്ഥം അറിഞ്ഞ് ഈ സ്തോത്രം ജപിച്ചാൽ ഉപാസകരുടെ ജീവിതത്തിൽ സന്തോഷവും സൗഖ്യവും നിറയും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ മഹാഗണേശ പഞ്ചരത്നം കേൾക്കാം:

https://youtu.be/oDXXBYcVXW0?si=KhqwVDgNgxB2VrRb


മഹാഗണേശ പഞ്ചരത്നം – വരികൾ
1
മുദാകരാത്ത മോദകം
സദാവിമുക്തി സാധകം
കലാധരാവതംസകം
വിലാസിലോക രക്ഷകം
അനായകൈക നായകം
വിനാശിതേഭ ദൈത്യകം
നതാശുഭാശു നാശകം
നമാമി തം വിനായകം
2
നതേതരാതി ഭീകരം
നവോദിതാർക്ക ഭാസ്വരം
നമത്സുരാരി നിർജ്ജരം
നതാധികാപദുദ്ധരം
സുരേശ്വരം നിധീശ്വരം
ഗജേശ്വരം ഗണേശ്വരം
മഹേശ്വരം സമാശ്രയേ
പരാത്പരം നിരന്തരം
3
സമസ്ത ലോക ശങ്കരം
നിരസ്ത ദൈത്യ കുഞ്ജരം
ദരേതരോദരം വരം
വരേഭ വക്ത്രമക്ഷരം
കൃപാകരം ക്ഷമാകരം
മുദാകരം യശസ്കരം
മനസ്കരം നമസ്കൃതാം
നമസ്കരോമി ഭാസ്വരം
4
അകിഞ്ചനാർത്തിമാർജ്ജനം
ചിരന്തനോക്തി ഭാജനം
പുരാരി പൂർവ്വ നന്ദനം
സുരാരി ഗർവ്വ ചർവ്വണം
പ്രപഞ്ച നാശ ഭീഷണം
ധനഞ്ജയാദി ഭൂഷണം
കപോല ദാനവാരണം
ഭജേ പുരാണ വാരണം
5
നിതാന്തകാന്ത ദന്ത കാന്തി
മന്തകാന്തകാത്മജം
അചിന്ത്യ രൂപമന്തഹീന
മന്തരായ കൃന്തനം
ഹൃദന്തരേ നിരന്തരം
വസന്തമേവ യോഗിനാം
തമേകദന്തമേവ തം
വിചിന്തയാമി സന്തതം

ഫലശ്രുതി ….
മഹാഗണേശ പഞ്ചരത്നമാദരേണ
യോന്വഹം പ്രജല്പതി പ്രഭാതകേ
ഹൃദി സ്മരൻ ഗണേശ്വരം
അരോഗതാമദോഷതാം സുസാഹിതീം
സുപുത്രതാം സമാഹിതായുരഷ്ടഭൂതി
മഭ്യുപൈതി സോ‌ചിരാത്

ALSO READ

മഹാഗണേശ പഞ്ചരത്നം – അർത്ഥം
1
സന്തോഷപൂർവ്വം കൈയിൽ മോദകം
വഹിക്കുന്നവനും, എപ്പോഴും മുക്തിയിലേക്ക് നയിക്കുന്നവനും ചന്ദ്രക്കല ശിരസിൽ അണിഞ്ഞവനും ലോകരക്ഷകനും നാഥനില്ലാത്തവരുടെ ഏകനാഥനും
ഗജാസുരനെ നശിപ്പിച്ചവനും തന്നെ നമസ്‌കരിക്കുന്നവരുടെ അശുഭങ്ങളെ
ക്ഷണത്തിൽ നശിപ്പിക്കുന്നവനുമായ വിനായകനെ ഞാൻ നമസ്‌കരിക്കുന്നു.

https://www.okalasha.com/shop/subha-drishti-ganapati-wall-hanging-antique-gold-on-sleek-black-base-12-inches


2
നമസ്കരിക്കാത്തവർക്ക് ഭയം നൽകുന്നവനും
ഉദയസൂര്യനെപ്പോലെ തിളങ്ങുന്നവനും ദേവാസുരന്മാരാൽ നമസ്‌കരിക്കപ്പെടുന്നവനും ആശ്രയിക്കുന്നവരെ ആപത്തുകളിൽ നിന്നും കരകയറ്റുന്നവനും ദേവന്മാർക്കും സമ്പത്തിനും ഗജങ്ങൾക്കും ഗണങ്ങൾക്കും ഈശ്വരനും പരമ
ശ്രേഷ്ഠനുമായ മഹാഗണപതിയെ ഞാൻ സദാ ആശ്രയിക്കുന്നു.
3
സമസ്ത ലോകത്തിനും മംഗളം പ്രദാനം
ചെയ്യുന്നവനും ഗജാസുരനെ നശിപ്പിച്ചവനും വലിയ വയറുള്ളവനും ശ്രേഷ്ഠനും ഗജനായകന്റെ മുഖം ഉള്ളവനും നാശമില്ലാത്തവനും കാരുണ്യത്തിന്റെയും ക്ഷമയുടെയും വിളനിലമായവനും
നമസ്‌കരിക്കുന്നവർക്ക് സന്തോഷവും യശസും
സദ്ബുദ്ധിയും നൽകുന്നവനും വിശ്വസിക്കുന്നവർക്ക് ഉള്ളിൽ പ്രകാശിക്കുന്നവനുമായ ഭഗവാനെ ഞാൻ നമസ്‌കരിക്കുന്നു.
4
ദാരിദ്ര്യദു:ഖദുരിതങ്ങളെ തുടച്ചു കളയുന്നവനും വേദോക്തികൾക്ക് വിഷയമായവനും
പരമശിവന്റെ ആദ്യമകനും അസുരന്മാരുടെ അഹങ്കാരം തീർത്തവനും പ്രഞ്ചത്തെ നശിപ്പിക്കാൻ കഴിയുംവിധം ഭയങ്കരനും ധനഞ്ജയൻ എന്ന
സർപ്പം തുടങ്ങിയ ഭൂഷണങ്ങളോട് കൂടിയവനും കവിൾത്തടത്തിൽ മദജലം ഒഴുകുന്നവനുമായ
ആദി ഗജ മൂർത്തിയെ ഞാൻ നമസ്‌കരിക്കുന്നു.
5
എപ്പോഴും അത്യന്തം മനോഹരമായ കൊമ്പുകളുടെ
കാന്തിയുള്ളവനും അന്തകന്റെ അന്തകനായ ശിവന്റെ മകനും ചിന്തിക്കാനാകാത്ത സ്വരൂപത്തോടുകൂടിയവനും അവസാനമില്ലാത്തവനും വിഘ്‌നങ്ങളെ വെട്ടിമുറിക്കുന്നവനും യോഗികളുടെ ഹൃദയത്തിൽ എപ്പോഴും വസിക്കുന്നവനും ഏകദന്തനുമായ ആ ഒരുവനെത്തന്നെ ഞാൻ എപ്പോഴും സ്‌മരിക്കുന്നു.

ഫലശ്രുതി
ഈ മഹാഗണേശ പഞ്ചരത്നം എന്നും പ്രഭാതത്തിൽ ആദരവോടെ ഗണേശനെ സ്മരിച്ച് ജപിക്കുന്നവർക്ക് ആരോഗ്യം, ദോഷം ഇല്ലായ്മ, സാഹിത്യഗുണം, സദ് പുത്രലാഭം, ദീർഘായുസ്സ്, അഷ്ടൈശ്വര്യങ്ങൾ എന്നിവ ക്രമേണ കരഗതമാകും.

Story Summary: Blessings Of Maha Genesha Pancha Rathana Sthothram Recitation

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?