Friday, August 7, 2026
Friday, August 7, 2026
Home » കാമികാ ഏകാദശിയിൽ തുളസിച്ചെടി കണ്ടാൽ മതി സർവപാപവും നശിക്കും

കാമികാ ഏകാദശിയിൽ തുളസിച്ചെടി കണ്ടാൽ മതി സർവപാപവും നശിക്കും

0 comments


ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ കാമികാ ഏകാദശി 2026 ആഗസ്റ്റ് 9 ഞായറാഴ്ചയാണ്. വ്രതവും ശ്രീകൃഷ്ണപൂജയുമാണ് ഈ ദിവസത്തെ പ്രധാന അനുഷ്ഠാനങ്ങൾ. അഭിഷേകം നടത്തിയ കൃഷ്ണവിഗ്രഹത്തിന് മുന്നിൽ തുളസിയിലയും ചന്ദനവും ദീപവും സാമ്പ്രാണിയും നൈവേദ്യവും സമർപ്പിച്ച്
കൃഷ്ണ പൂജ ചെയ്യുന്നത് അത്യുത്തമമാണ്.

ഭൂരിപക്ഷ ഏകാദശി
ഇത്തവണ കാമിക ഏകാദശി ഭൂരിപക്ഷ ഏകാദശിയാണ്. ചില പക്കങ്ങളിൽ ഏകാദശി തിഥി സൂര്യോദയ സമയത്ത് കൃത്യമായി വരുന്നതിനാൽ വിവിധ സമ്പ്രദായക്കാർക്ക് ഒരേ ദിവസം തന്നെ വ്രതം എടുക്കാൻ കഴിയുന്നു. ഈ ദിവസത്തെയാണ് ഭൂരിപക്ഷ ഏകാദശി അല്ലെങ്കിൽ സർവ്വ ഏകാദശി എന്ന് വിളിക്കുന്നത്.ഇങ്ങനെയുള്ള ദിവസങ്ങളിൽ വ്രതാനുഷ്ഠാനത്തിന് കലണ്ടറുകളിൽ പ്രത്യേക ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറില്ല.

തുളസിപൂജ പ്രധാനം
ചതുർമാസ്യ വ്രതകാലത്തെ കാമിക ഏകാദശിയിൽ തുളസി പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം തുളസിച്ചെടി കാണുന്നതു പോലും സർവ പാപഹരമത്രേ. ലൗകിക ജീവിതത്തിലെ എല്ലാ പാപങ്ങളിൽ നിന്നുമുള്ള മോചനത്തിന് കാമിക ഏകാദശി വ്രതം നോറ്റ് വിഷ്ണു പാദങ്ങളിൽ തുളസീദളം അർച്ചിക്കുന്നത് ശ്രേഷ്ഠമാണ്. പാപമോചനം നൽകി വ്യക്തിയെ പവിത്രീകരിച്ച് ഒടുവിൽ വിഷ്ണു ഭഗവാൻ മോക്ഷം തന്നെ പ്രദാനം ചെയ്യും. തുളസി ഇല കൊണ്ട് പൂജ ചെയ്താൽ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നു. കാമിക ഏകാദശി ദിവസം വ്രതമെടുക്കുകയും പൂജകൾ ചെയ്യുകയും ചെയ്താൽ സ്വന്തം പാപങ്ങളോടൊപ്പം പിതൃക്കളുടെ പാപങ്ങൾ തീരുകയും മോക്ഷം കിട്ടുകയും ചെയ്യുന്നു. കൃഷ്ണപൂജ ചെയ്താൽ ഒപ്പം ഗന്ധർവപൂജയും നാഗപൂജയും ചെയ്തതിനു സമാനമായ പുണ്യം കിട്ടുമെന്നാണ് വിശ്വാസം.

Narayaneeyam (Commentary) by Dr. B.C. Balakrishnan https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

തുളസിമന്ത്രം ജപിക്കണം
തുളസിദേവിയെ തുളസിമന്ത്രം ജപിച്ച് ആരാധിച്ചാൽ പുത്രലാഭം, രോഗമുക്തി, ബന്ധുജനലാഭം, സന്തോഷം കുടുംബത്തിൽ ഐശ്വര്യം, സർവപാപശമനം, വാസ്തു ദോഷശമനം, സർവൈശ്വര്യ സിദ്ധി, മോക്ഷം എന്നിവ ലഭിക്കും. തുളസി ദേവിയെ നിത്യവും വിളക്കുകൊളുത്തി ധ്യാനിക്കുക, തുളസിച്ചെടിക്ക് പ്രദക്ഷിണം വയ്ക്കുക ഇവ നല്ലതാണ്. തുളസി ദേവിയുടെ ജന്മദിനമായ വൃശ്ചിക മാസത്തിലെ പൗർണ്ണമി തുളസി പൂജയ്ക്ക് ഏറ്റവും നല്ല ദിനമാണ്.

തുളസിതീർത്ഥം സേവിക്കണം
ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ദിവസങ്ങളിലെങ്കിലും തുളസിതീർത്ഥം സേവിക്കണം. കഴിയുമെങ്കിൽ ഒരു തുളസി ഇലയും അൽപം തുളസീതീർത്ഥവും ദിവസവും സേവിക്കണമെന്നും പറയപ്പെടുന്നു. തുളസിയെ ക്കുറിച്ച് ഇവിടെ ചേർക്കുന്ന പ്രാർത്ഥനാ ശ്ലോകം അതിന്റെ മഹത്വം വ്യക്തമാക്കുന്നു:

പ്രാർത്ഥനാ ശ്ലോകം
തുളസീ ശ്രീസഖേ! ശുഭേ
പാപഹാരിണി, പുണ്യദേ
നമസ്തേ നാരദാമുദേ
നാരായണ മനഃ പ്രിയേ

ALSO READ

തുളസിദേവി മൂലമന്ത്രം
താഴെ പറയുന്നതാണ് തുളസി ദേവിയുടെ മൂലമന്ത്രം.
ഓം ഹ്രീം ഐം ക്ലീം വൃന്ദാവന്യൈ സ്വാഹാ

തുളസിദളം നുള്ളുമ്പോൾ
തുളസിയില നുള്ളുമ്പോൾ താഴെ പറയുന്ന
മന്ത്രം ജപിക്കണമെന്ന് ആചാര്യന്മാർ പറയുന്നുണ്ട്.
നമഃ തുളസി കല്യാണി
നമോ വിഷ്‌ണുപ്രിയേ ശുഭേ
നമോ മോക്ഷപ്രദേ ദേവി
നമോ സമ്പത്ത് പ്രദായനി

തുളസിയില നുള്ളുമ്പോൾ
തുളസിത്തറയ്ക്ക് പ്രദക്ഷിണം വയ്ക്കുമ്പോൾ താഴെ പറയുന്ന മന്ത്രം ജപിക്കണം.
പ്രസീദ തുളസിദേവി
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ് ഭൂതേ
തുളസീ ത്വാം നമാമ്യഹം

ഒരുകോടി വിളക്കിന് തുല്യം
കാമിക ഏകാദശി ദിവസം ശ്രീഹരിക്ക് നെയ്‌വിളക്ക് കത്തിക്കുന്നത് ഒരുകോടി വിളക്കിൽ നിന്നുള്ളത്ര പ്രഭ ചൊരിയുമെന്നതും വിശ്വാസം. ശംഖചക്രഗദാധാരിയായ മഹാവിഷ്ണുവിനെയാണ് പൂജിക്കേണ്ടത്. പൂജയും വ്രതവുമെടുത്താൽ പുണ്യനദിയായ ഗംഗയിൽ സ്‌നാനം ചെയ്തതിനേക്കാൾ കൂടുതൽ പുണ്യം ലഭിക്കുന്നു.

വ്രതനിഷ്ഠ
ദശമി ദിവസം ഒരു നേരം സസ്യാഹാരം മാത്രം കഴിക്കുകയും (ഉച്ചനേരം)രാത്രി ആഹാരം കഴിക്കാതിരിക്കുകയുമാണ് വ്രതമനുഷ്ഠിക്കുന്നവർ ചെയ്യേണ്ടത്. സത്യം മാത്രം പറയുകയും നല്ല വാർത്തകൾ മാത്രം ഉച്ചരിക്കുകയും ആരേയും ദുഃഖിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാതിരിക്കുകയും വേണം. ദശമി ദിവസവും ഏകാദശി ദിവസവും ബ്രഹ്മചര്യം നിർബന്ധമായും അനുഷ്ഠിക്കണം. എങ്കിലേ മാത്രമേ വ്രതത്തിനും പൂജകൾക്കും ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ. ആരോഗ്യം അനുവദിക്കുമെങ്കിൽ ഭക്ഷണമോ വെള്ളമോ കഴിക്കാതെ വ്രതമെടുക്കുന്നതാണ് നല്ലത്. ഇതിനെ നിർജ്ജല വ്രതമെന്ന് പറയുന്നു. ഉറക്കം ഒഴിയുകയും ഏകാദശിവ്രതകഥകൾ കേൾക്കുകയും വിഷ്ണുക്ഷേത്രങ്ങളിൽ രാത്രി കഴിച്ചുകൂട്ടുകയും ചെയ്യുന്നത് അത്യുത്തമം. പ്രായമായവരും രോഗമുള്ളവരും വെള്ളം കുടിക്കുകയോ പഴവർഗ്ഗങ്ങൾ മാത്രം ഭക്ഷിക്കകയോ ചെയ്യണം. വ്രതമെടുക്കുന്ന വ്യക്തി നിലത്ത് വിരിച്ച് കിടക്കുന്നത് ഉത്തമം. നിർജ്ജല വ്രതമെടുത്ത ആളാണെങ്കിൽ പാനീയം കഴിച്ച് വ്രതം അവസാനിപ്പിക്കാം. അല്ലാത്തവർ ഏതെങ്കിലും ധാന്യആഹാരം കഴിച്ചുവേണം വ്രതം അവസാനിപ്പിക്കാൻ.

തരവത്ത് ശങ്കരനുണ്ണി,
(മൊബൈൽ : + 91 9847118340)

Story Summary: Blessings of Krishna Puja and Thulasi puja on Kamika Ekadasi of Shravana Krishna Paksha

Highlights
കാമിക ഏകാദശി വ്രതം നോറ്റ് തുളസീദളം
അർച്ചിച്ചാൽ ആഗ്രഹ സാഫല്യം

തുളസിമന്ത്രം ജപിച്ചാൽ പുത്രലാഭം,
രോഗമുക്തി, ബന്ധുജനലാഭം, ഐശ്വര്യം

ഇത്തവണ കാമിക ഏകാദശി
ഭൂരിപക്ഷ ഏകാദശി

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?