Tuesday, April 28, 2026
Tuesday, April 28, 2026
Home » ആരുമില്ലാത്തവർക്ക് ഭഗവാനുണ്ട്; മനം നൊന്ത് വിളിച്ചാൽ നരസിംഹമൂർത്തി കാത്ത് രക്ഷിക്കും

ആരുമില്ലാത്തവർക്ക് ഭഗവാനുണ്ട്; മനം നൊന്ത് വിളിച്ചാൽ നരസിംഹമൂർത്തി കാത്ത് രക്ഷിക്കും

0 comments

രക്ഷിക്കാൻ ആരും തന്നെ ഇല്ലാത്ത സ്വഭക്തനായ പ്രഹ്ളാദനെ, ക്രൂരനായ പിതാവും അസുര രാജനുമായ ഹിരണ്യ കശിപുവിൽ നിന്നും രക്ഷിക്കാൻ നിമിഷാർദ്ധം കൊണ്ട് പിറവികൊണ്ട അവതാരമാണ് നരസിംഹ ഭഗവാൻ. ആരുമില്ലാത്തവർക്ക് ഈശ്വരനുണ്ട് എന്ന് വെളിപ്പെടുത്തുന്ന ഈ അവതാരം സംഭവിച്ചത് വൈശാഖത്തിലെ ശുക്ലപക്ഷ ചതുര്‍ദശി നാളിലാണ്.
സിംഹത്തിന്‍റെ രൗദ്രമുഖവും മനുഷ്യന്‍റെ ശരീരവുമാണ് വിഷ്ണുഭഗവാന്റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയുടെ പ്രത്യേകത. 2026 ഏപ്രിൽ 30 വ്യാഴാഴ്ചയാണ് ഇത്തവണ നരസിംഹ ജയന്തി.

ഭക്തനെ രക്ഷിക്കാൻ അവതാരം
വിഷ്ണു ഭഗവാന്റെ അവതാരങ്ങളിൽ ഏറ്റവും ഉഗ്രരൂപിയാണ് നരസിംഹമൂർത്തി. അത്ഭുതകരമായ തപോബലം കൊണ്ട് അസുരരാജൻ ഹിരണ്യകശിപു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി ധാരാളം വരങ്ങൾ നേടി. ലോകം മുഴുവനും കീഴടക്കുക എന്ന ലക്ഷ്യം നേടാനാണ് അസുരൻ ഈ വരങ്ങൾ സ്വന്തമാക്കിയത്. മനുഷ്യനോ മൃഗമോ, പകലോ രാത്രിയോ, ആയുധം കൊണ്ടോ ആയുധമില്ലാതെയോ, ഭൂമിയിലോ ആകാശത്തോ വച്ച് തന്നെ കൊല്ലരുത് എന്നവരം നേടി അയാൾ സ്വന്തം ജീവൻ സുരക്ഷിതമാക്കി. ആർക്കും ഒരു വിധത്തിലും തന്നെ നിഗ്രഹിക്കാൻ സാധിക്കില്ലെന്ന ധൈര്യത്തിൽ മൂന്നു ലോകവും അടക്കി വാണു. മനുഷ്യരേയും ദേവന്മാരെയും ഋഷിമാരേയുമെല്ലാം ദ്രോഹിച്ചു. എന്നാൽ ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദൻ തന്നെ സ്വന്തം പിതാവിനെ എതിർത്തു. വിഷ്ണുഭക്തനായ പ്രഹ്ലാദനെ ഹിരണ്യകശിപു പലവിധത്തിലും വധിക്കാൻ നോക്കി. ആ ഘട്ടങ്ങളിലെല്ലാം ഭഗവാൻ പ്രഹ്ലാദനെ രക്ഷിച്ചു. വിഷ്ണുഭഗവാനെ കുറിച്ച് നിരന്തരം ഭക്തിപൂർവ്വം സംസാരിച്ച പ്രഹ്ലാദനുമായി ഹിരണ്യകശിപു ശക്തമായി കലഹിച്ചു. എല്ലായിടത്തും താൻ ഭഗവാനെ കാണുന്നു എന്ന് പ്രഹ്ലാദൻ പറഞ്ഞപ്പോൾ തൊട്ടടുത്തുള്ള തൂണിലേക്ക് നോക്കി ഇതിലും നിന്റെ വിഷ്ണുവുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന പ്രഹ്ലാദന്റെ മറുപടിയിൽ ക്ഷുഭിതനായ ഹിരണ്യകശിപു തൂണിനെ വെട്ടി. അപ്പോൾ തൂണ് പിളർന്ന് അതിൽ നിന്നും വിഷ്ണുഭഗവാൻ നരസിംഹമായി അവതരിച്ച് ഹിരണ്യകശിപുവിനെ നിഗ്രഹിച്ച് സ്വന്തം ഭക്തനായ പ്രഹ്ലാദനെ രക്ഷിച്ചു എന്ന് ഐതിഹ്യം. ഭക്തവത്സലനായ നരസിംഹ ഭഗവാന്റെ തിരു അവതാരദിനമാണ് നരസിംഹ ജയന്തിയായി ആചരിക്കുന്നത്. എല്ലാ നരസിംഹ ക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാന ആചരണമാണ്.

വ്രതനിഷ്ഠ
വ്രതപൂർവം നരസിംഹ ഉപാസനയ്ക്ക് ഉത്തമ ദിവസമാണിത്. മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിച്ച് തലേദിവസവും ജയന്തി ദിവസവും വ്രതമെടുത്ത് നരസിംഹ പ്രീതികരമായ മന്ത്രങ്ങൾ ജപിച്ചാൽ ശത്രു ശല്യവും ഭയവും രോഗങ്ങളും അകലും. എവിടെയും
വിജയമുണ്ടാകാം. ആഗ്രഹസാഫല്യം, ഋണമോചനം, തൊഴിൽ ഭാഗ്യം, വിവാഹലബ്ധി ഇവയെല്ലാം നരസിംഹ ഉപാസനയുടെ ഫലസിദ്ധികളാണ്. തുളസിമാലയും ചെത്തിപ്പൂവുമാണ് ഭഗവാന് പ്രിയപ്പെട്ട സമർപ്പണങ്ങൾ. കടുംപായസവും പാനകവുമാണ് വഴിപാടുകൾ.

നെയ്‌വിളക്ക് തെളിക്കണം
നരസിംഹ മൂർത്തിയെ ഉപാസിക്കുന്നതിനും നരസിംഹ മന്ത്രങ്ങൾ ജപിക്കുന്നതിനും നെയ്‌വിളക്ക് കൊളുത്തുന്നതാണ് ഉത്തമം. കാര്യസാധ്യത്തിനും ഐശ്വര്യത്തിനും പാപദുരിതം നീങ്ങുന്നതിനും നെയ്‌വിളക്ക് ഉത്തമമാണ്. അല്ലെങ്കിൽ എള്ളെണ്ണയും ഉപയോഗിക്കാം. അറിഞ്ഞോ അറിയാതെയോ നാം ചെയ്ത പാപദുരിതങ്ങൾ നീങ്ങുന്നതിനാണ് എള്ളെണ്ണ കൊണ്ട് ദീപം തെളിക്കുന്നത്. നിലവിളക്കിൽ കിഴക്ക് പടിഞ്ഞാറ് എന്നിങ്ങനെ 2 ദിക്കിലേക്ക് തിരിയിട്ട് കൊളുത്തണം. 5 ദിക്കിൽ തിരിയിടുന്നത് കൂടുതൽ ഉത്തമം.

ജപവേളയിൽ ചുവന്നവസ്ത്രം
ഉഗ്രമൂർത്തിയായ നരസിംഹ മൂർത്തിയെ പ്രാർത്ഥിക്കുമ്പോൾ ചുവന്നവസ്ത്രം ധരിക്കുന്നത് ഏറ്റവും നല്ലതാണ്. വെളുത്ത വസ്ത്രം ധരിക്കുന്നത് പാപശാന്തിക്കും വിദ്യാവിജയത്തിനും മഞ്ഞവസ്ത്രം ധരിക്കുന്നത് ഐശ്വര്യത്തിനും ധനഭാഗ്യത്തിനും ചുവന്നവസ്ത്രം ദൃഷ്ടിദോഷശാന്തി ശത്രുദോഷശമനം, ശാപശാന്തി എന്നിവക്കെല്ലാം ഉത്തമമാണ്. കോടിവസ്ത്രം ധരിക്കണം. അലക്കി വൃത്തിയാക്കിയ വസ്ത്രവും ധരിക്കാം പിതൃപ്രീതിക്കും ഗ്രഹപ്പിഴകൾ മാറുന്നതിനും കറുത്ത വസ്ത്രവും ജപവേളയിൽ ധരിക്കാം.

ശത്രുദോഷശാന്തിക്ക് മന്ത്രം
വളരെ അത്ഭുതശക്തിയുള്ള പ്രശസ്തമായ ഒന്നാണ് ഉഗ്രനരസിംഹമന്ത്രം . ഇത് നിത്യേന 2 നേരം 16 പ്രാവശ്യം വീതം ജപിക്കണം. ചുവന്നവസ്ത്രം ധരിച്ച് രാവിലെ കിഴക്ക് ദർശനമായും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് ജപിക്കണം. അതിശക്തമായ ശത്രുദോഷ ദൃഷ്ടിദോഷങ്ങൾ പോലും മാറും. അകാരണമായ ഭയം അകറ്റാനും ദുരിതമോചനത്തിനും നരസിംഹമന്ത്ര ജപം ഉത്തമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്ത് ആയതിനാൽ അപ്പോൾ ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും കാര്യസിദ്ധി നൽകുമെന്നാണ് വിശ്വാസം. ക്ഷേത്രദര്‍ശന വേളയിൽ നരസിംഹമൂർത്തി മന്ത്രം ജപിക്കുന്നതും നല്ലതാണ്.

ALSO READ

ഉഗ്രംവീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമൃഹം

പ്രധാന വഴിപാടുകൾ
നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങും. തുളസിമാല സമർപ്പണം നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ നടത്താവുന്ന മറ്റൊരു പ്രധാന വഴിപാടാണ്. നരസിംഹ ഭഗവാന്റെ ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. ഭഗവാന്റെ ജന്മനാളും പഞ്ചഭൂതങ്ങളിൽ വായുദേവൻ്റെ നാളുമായ ചോതി നക്ഷത്രത്തിൽ ഭഗവാനെ പ്രാർത്ഥിച്ചാൽ ആപത്തുകളിൽ നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ പതിവായി ചോതി നക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദർശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂർത്തി പ്രീതികരമായ ഭജനകൾ നടത്തുകയോ ചെയ്യുക.

ചില പ്രധാന ക്ഷേത്രങ്ങൾ
നരസിംഹസ്വാമിയുടെ ക്ഷേത്രങ്ങൾ എണ്ണിയാൽ തീരാത്തത്രയുണ്ട്. നരസിംഹ സ്വാമിയുടെ പ്രധാനക്ഷേത്രങ്ങളിലൊന്ന് ആന്ധ്രയിലെ അഹോ ബിലമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉഗ്രശക്തിയുള്ള നരസിംഹമൂർത്തി പ്രസിദ്ധമാണ്. തൃക്കൊടിത്താനം മഹാ വിഷ്ണു ക്ഷേത്രം കണ്ണൂരിലെ ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രം, കോഴിക്കോട് തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം , കുറവിലങ്ങാട് കോഴ ലക്ഷ്മീനരസിംഹ ക്ഷേത്രം , ആലപ്പുഴ തുറവൂർ നരസിംഹ ക്ഷേത്രം, പാലാ തെക്കേക്കര നരസിംഹ സ്വാമി ക്ഷേത്രം, രാമപുരം ക്ഷേത്രം, മാവേലിക്കര മറ്റത്തുള്ള നരസിംഹ ക്ഷേത്രം , തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ആലുവ കടങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം, കൊല്ലം ഭരണിക്കാവിനടുത്ത് ആനയടി പഴയിടം ക്ഷേത്രം എന്നിവയാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ നരസിംഹമൂർത്തി ക്ഷേത്രങ്ങൾ.

കരാവലംബ സ്തോത്രം ജപിക്കാം
മഹാലക്ഷ്മിയേയും നരസിംഹ ഭഗവാനെയും ധ്യാനിച്ച് ലക്ഷ്മി നരസിംഹ കരാവലംബ സ്തോത്രം കുറഞ്ഞത് മൂന്ന് പ്രാവശ്യം ജപിച്ചാല്‍ അതിവേഗം ആഗ്രഹസാഫല്യം കിട്ടുന്നത് അനേകകോടി ഭക്തരുടെ പരമ്പരാഗത വിശ്വാസം മാത്രമല്ല അനുഭവം തന്നെയാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലക്ഷ്മീ നരസിംഹ കരാവലംബ സ്തോത്രം കേൾക്കാം :

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +91 094-470-20655

Highlights
വിഷ്ണു അവതാരങ്ങളിൽ ഏറ്റവും ഉഗ്രരൂപിയാണ് നരസിംഹമൂർത്തി

നെയ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ കാര്യസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സം നീങ്ങും

ചോതി നക്ഷത്രത്തിൽ ഭഗവാനെ പ്രാർത്ഥിച്ചാൽ ആപത്തുകളിൽ നിന്ന് രക്ഷനേടാം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?