ഓരോ മാസത്തിലെയും പൗർണ്ണമി (വെളുത്തവാവ് ) ദിവസം വീട്ടിൽ വിളക്കു തെളിയിച്ചു ദേവിയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷവും ഐശ്വര്യവർദ്ധനവും ദാരിദ്ര്യദു:ഖമുക്തിയും നൽകും. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത്, ദേവീ ക്ഷേത്രം ദർശനം നടത്തുന്നത്, ഐശ്വര്യ പൂജയിലും പൗർണ്ണമി പൂജയിലും പങ്കെടുക്കുന്നത് ഇതെല്ലാം ഉത്തമമാണ്.
ഇത് ഗുരുപൂർണ്ണിമ
കർക്കടമാസത്തിലെ പൗർണ്ണമി വരുന്നത് ജൂലൈ 29 ബുധനാഴ്ചയാണ്. ആഷാഢ മാസത്തിലെ പൗർണ്ണമി ആയതിനാൽ ഇത് ഗുരുപൂർണ്ണിമയായി ആചരിക്കുന്നു. മഹാവിഷ്ണുവിൻ്റെ അംശാവതാരമായി കണക്കാക്കുന്ന വ്യാസഭഗവൻ്റെ അവതാര ദിവസമായ ഈ വ്യാസപൂർണ്ണിമ ഗുരു പൂജയ്ക്ക് അതി വിശേഷമാണ്. അറിവിന്റെ ദേവന്മാരായി കണക്കാക്കുന്ന ദക്ഷിണാമൂർത്തി, വേദവ്യാസൻ , ദത്താത്രേയൻ തുടങ്ങി നമ്മുടെ ഗുരു പരമ്പരയിലെ എല്ലാവരെയും ഭജിക്കാൻ ഈ ദിവസം ശ്രേഷ്ഠമാണ്. പവിത്രമായ ഈ ഗുരുപൂർണ്ണിമയിൽ ഷിർദ്ദിയിൽ സായിബാബ ഭക്തർ 24 മണിക്കൂർ അഖണ്ഡ നാമ ജപത്തിൽ മുഴുകും.

ചന്ദ്രദശാദോഷം മാറ്റാം
ചന്ദ്രദശാ ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് പൗർണ്ണമി വ്രതം. പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്ന വിദ്യാത്ഥികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും.
പൗർണ്ണമി വ്രതനിഷ്ഠ
പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക് നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. മംഗല്യവതികളായ സ്ത്രീകൾ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗർണ്ണമി ദിവസം ചൂടുന്നത് ഭർത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമം.
പൗർണ്ണമി വ്രതഫലം
ഓരോ പൗർണ്ണമി വ്രതത്തിനും ഓരോ ഫലങ്ങൾ പറയുന്നു. ഇത് പ്രകാരം ചിങ്ങ മാസത്തിലെ പൗർണ്ണമി വ്രതം കുടുംബഐക്യത്തിനും കന്നിയിലെ സമ്പത്ത് വർദ്ധനയ്ക്കും തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനും വൃശ്ചികത്തിലെ വ്രതം സത്കീർത്തിയും ധനുമാസത്തിലെ വ്രതം ആരോഗ്യവർദ്ധനയ്ക്കും കുംഭമാസത്തിലെ വ്രതം ദുരിതനാശത്തിനും മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിക്കുന്നതിനും മേടമാസത്തിലെ വ്രതം ധാന്യവർദ്ധനയും ഇടമാസത്തിലെ വ്രതം വിവാഹതടസം മാറുന്നത്തിനും മിഥുനമാസത്തിലെ വ്രതം പുത്രഭാഗ്യത്തിനും കർക്കടകമാസത്തിലെ വ്രതം ഐശ്വര്യവർദ്ധനയ്ക്കും കാരണമാവുന്നു.
ALSO READ
ലളിതസഹസ്രനാമ ജപം
നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം, ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം, ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം. മാതൃരൂപിണിയാണ് ദേവി.മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. മാതൃസ്നേഹത്തിന്റെ അളവ് വിവരണാതീതമാണ്. അതുപോലെ തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു പൗർണ്ണമി ദിനത്തിൽ ലളിതസഹസ്രനാമം ജപിക്കുന്നത് ദേവീപ്രീതികരമാണ്.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലളിതാ സഹസ്രനാമം കേൾക്കാം:
ദീർഘമംഗല്യ മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോ നമഃ
ദേവീ ഭജന മന്ത്രം
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
ഓം ആയുര്‍ദേഹി ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി.
ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ
ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച
മാം ച പാലയ പാലയ.
വേണു മഹാദേവ് ,
(മൊബൈൽ : + 91 9847475559)
Story Summary: Blessings of Powrnami Vritham and Guru Poornima
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.