ശ്രീലളിതാ പരമേശ്വരിയുടെ സൈന്യാധിപയായ ശ്രീ വാരാഹി ദേവിയെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് ശ്രീ വാരാഹി അഷ്ടോത്തര ശതനാമാവലി ജപം. തന്റെ ഭക്തരെ എപ്പോഴും കാത്തുരക്ഷിക്കുന്ന ഉഗ്രമൂർത്തിയും, അതേസമയം അത്യന്തം കരുണാമയിയുമായ വാരാഹി അമ്മയെ ഭജിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് അതിവേഗം ഫലം ലഭിക്കുമെന്നാണ് വിശ്വാസം. കാര്യസിദ്ധിയും സംരക്ഷണവും ആഗ്രഹിക്കുന്നവർ നിത്യേന ഈ നാമാവലി ജപിക്കുന്നത് ക്ഷിപ്ര ഫലദായകമാണ്. എണ്ണിയാൽ തീരാത്ത ഫലസിദ്ധികളാണ് ഈ മന്ത്രജപം വഴി ഭക്തർക്ക് കൈവരുന്നത്:
പൂർണ്ണ സംരക്ഷണം
ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും ആഭിചാര ദോഷങ്ങളിൽ നിന്നും ഭഗവതി പൂർണ്ണ സംരക്ഷണം നൽകുന്നു. ഭക്തർക്ക് ചുറ്റും നെഗറ്റീവ് ഊർജ്ജത്തെ പ്രതിരോധിക്കുന്ന ശക്തമായ ഒരു രക്ഷാകവചം ദേവി തീർക്കും.
മാനസിക കരുത്ത്
മനസ്സിന്റെ ഭയം, ആശങ്ക, ഉത്കണ്ഠ എന്നിവ അകറ്റി വലിയ മനക്കരുത്തും ആത്മധൈര്യവും പ്രദാനം ചെയ്യുന്നു. വെറുതെ ശ്രീ വാരാഹി ദേവിയുടെ പേരൊന്ന് സ്മരിച്ചാൽ പോലും ആ ക്ഷണത്തിൽ ഭയവും ദുഃഖവും സങ്കടങ്ങളും മാറും.
ഐശ്വര്യവും ഉന്നതിയും
ദാരിദ്ര്യവും കടബാധ്യതകളും നീക്കി, ബിസിനസ്സിലും കർമ്മരംഗത്തും വലിയ ഉയർച്ചയും ഐശ്വര്യവും കൊണ്ടുവരുന്നു.
രോഗശമനം, വിജയം
രോഗങ്ങൾ, ദൃഷ്ടിദോഷങ്ങൾ എന്നിവയിൽ നിന്നും നെഗറ്റീവ് ചിന്തകളിൽ നിന്നും മുക്തി നൽകുന്നതോടൊപ്പം, കോടതി കേസുകളിലും തർക്കങ്ങളിലും അനുകൂലമായ വിജയം സമ്മാനിക്കുകയും ചെയ്യുന്നു.

ആരാണ് പഞ്ചമി ദേവി?
മഹാലക്ഷ്മിയുടെ താന്ത്രിക രൂപമായ ഈ ഭഗവതിയെ ത്രിപുരസുന്ദരിയുടെ സേനാനായികയ്ക്ക് പുറമെ, വരാഹരൂപം പൂണ്ട മഹാകാളിയായും, കാലത്തിന്റെ അധിപതിയായ സമയേശ്വരിയായും, സപ്തമാതാക്കളിൽ ഒരാളായും, ഭൂമിയുടെ അധിപതിയായും ആരാധിക്കുന്നു. കഠിനമായ വ്രതങ്ങളോ പൂജകളോ നിഷ്ഠകളോ കൂടാതെ തന്നെ ഭക്തർക്ക് മേൽ അനുഗ്രഹം ചൊരിയുന്ന ദേവി, ദാരിദ്ര്യവും കഷ്ടതകളും പഞ്ചതാപങ്ങളും ഇല്ലായ്മ ചെയ്യുന്നത് കൊണ്ടാണ് പഞ്ചമി ദേവി എന്നറിയപ്പെടുന്നത്. ദുരിതങ്ങൾ സ്തംഭിപ്പിക്കുന്നവളും ഇഷ്ടവരദായിനിയുമായ ഈ അമ്മ ഭക്തർക്ക് എന്നും ക്ഷിപ്രപ്രസാദിയാണ്.
ALSO READ
ധ്യാന സങ്കല്പം
ശ്രീ വാരാഹി അഷ്ടോത്തരം ജപിക്കുന്നവർ ധ്യാനത്തിൽ പറയുന്ന രൂപത്തിൽ വേണം ദേവിയെ മനസ്സിൽ സങ്കൽപ്പിക്കാൻ. എട്ടുകൈകളിൽ ശംഖ്, ചക്രം, ഉലക്ക, ഹലം (കലപ്പ), പാശം, അങ്കുശം എന്നിവ ധരിച്ച്, വരദ-അഭയ മുദ്രകളോടെ, കറുത്ത കാന്തി ചിതറുന്ന ശരീരത്തോടും വരാഹ (പന്നി) മുഖത്തോടും കൂടി, സിംഹവാഹനത്തിലോ മഹിഷവാഹനത്തിലോ ഇരിക്കുന്ന ജഗദീശ്വരിയായ വാരാഹി അമ്മയെ മനസ്സിൽ ധ്യാനിച്ച് വേണം ജപം ആരംഭിക്കാൻ.
ജപസമയം, നിഷ്ഠകൾ
ദിവസവും സന്ധ്യയ്ക്ക് ശേഷം ഇത് ജപിക്കുന്നത് വളരെ നല്ലതാണ്. രാത്രി 7 മണി മുതൽ 9 മണി വരെയുള്ള സമയമാണ് വാരാഹി ദേവിയെ ഭജിക്കാൻ ഏറ്റവും ഉത്തമം. പഞ്ചമി ദേവിയെ ഭജിക്കുന്നവർ എന്നും ഒരേ സമയത്ത് തന്നെ ജപിക്കാൻ ശ്രദ്ധിക്കണം, സമയക്രമം തന്നിഷ്ടം പോലെ മാറ്റരുത്. വാരാഹി ദേവിക്ക് പ്രധാനമായ രണ്ട് പക്ഷങ്ങളിലെയും പഞ്ചമി, അഷ്ടമി തിഥികൾ, നവരാത്രി കാലം, ചൊവ്വാ, വെള്ളി ദിവസങ്ങൾ എന്നിവയിൽ ഇത് ജപിച്ചാൽ അതിവേഗം ഫലം സിദ്ധിക്കും.
ജപിക്കാൻ സാധിക്കാത്തവർക്ക് ഈ നാമാവലി ഭക്തിപൂർവ്വം ശ്രവിക്കുന്നതും
അനുഗ്രഹദായകമാണ്. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ വാരാഹി ദേവി അഷ്ടോത്തര ശതനാമാവലി കേൾക്കാം: https://youtu.be/tcqlFAGgXqM?si=MI8bdI47PXR6qj1v
Story Summary: Blessings of Sri Varahi Panchami Ashtotram
Highlights
കാര്യസിദ്ധിയും സംരക്ഷണവും ആഗ്രഹിക്കുന്നവർ എന്നും വാരാഹി
അഷ്ടോത്തരം ജപിക്കണം
ദുരിതങ്ങൾ സ്തംഭിപ്പിക്കുന്ന, ഇഷ്ടവരദായിനിയായ വാരാഹി അമ്മ ക്ഷിപ്രപ്രസാദിയാണ്
പഞ്ചമി ദേവിയെ ഭജിക്കുന്നവർ എന്നും ഒരേ സമയത്ത് അഷ്ടോത്തരം ജപിക്കണം
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.