മഹാവിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമമായ ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. വിഷ്ണു പ്രീതി നേടാൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് ഈ വ്രതാചരണം. തികഞ്ഞ ചിട്ടയോടെ ഏകാദശി വ്രതം അനുഷ്ഠിക്കുകയും, വിഷ്ണു ഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ ജപിക്കുകയും ചെയ്താൽ വിഷ്ണു പ്രീതിയിലൂടെ എല്ലാവിധത്തിലുമുള്ള ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ഭൗതികജീവിതത്തില്‍ അളവറ്റ ഐശ്വര്യവും, ജീവിതാന്ത്യത്തില്‍ മോക്ഷവുമാണ് ഏകാദശി വ്രതത്തിന്റെ ഫലം.

ഹരിവാസര വേള പ്രധാനം
വ്രതമെടുക്കുന്നവർ ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിനങ്ങളില്‍ ഏകാഗ്രതയോടെ വിഷ്ണു ഭജനം നടത്തണം. എല്ലാമാസത്തിലെയും രണ്ട് പക്ഷത്തിലെയും ഏകാദശി വ്രതം അനുഷ്ഠിക്കാം. 2026 ഒക്ടോബർ 6 ചൊവ്വാഴ്ച കറുത്തപക്ഷത്തിൽ വരുന്ന ഏകാദശിയെ ഇന്ദിര ഏകാദശി എന്ന് അറിയപ്പെടുന്നു. കന്നി മാസത്തിലെ മഹാളയപക്ഷത്തിൽ വരുന്ന ഈ ഏകാദശി നോറ്റാൽ പിതൃദോഷങ്ങൾ നീങ്ങി ഐശ്വര്യം ലഭിക്കും. അന്ന് വൈകിട്ട് 6:59 നും അടുത്ത പുലർച്ചെ 6:14 നും മദ്ധ്യേയാണ് വിഷ്ണുചൈതന്യം ഭൂമിയിൽ നിറയുന്ന ഹരിവാസര വേള. അപ്പോൾ വിഷ്ണു സഹസ്രനാമം, വിഷ്ണു ശതനാമാ സ്തോത്രം, വിഷ്ണു അഷ്ടോത്തരം തുടങ്ങിയവ ജപിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും. ഏകാദശി നോൽക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഹരിവാസരമാണ്. ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറുമടങ്ങിയ 12 മണിക്കൂറാണ് ഹരിവാസരം. ഈ സമയത്ത് ആഹാരവും ഉറക്കവും പാടില്ല. വിഷ്ണു സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഈ സമയത്ത് പൂർണ ഉപവാസമെടുക്കുന്നതാണ് ഏറ്റവും ഉത്തമം. തികഞ്ഞ ഭക്തിയോടെ വ്രതമനുഷ്ഠിച്ചാൽ മാത്രമേ ഏകാദശി വ്രതത്തിന് പൂർണ്ണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലം അല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാനും ഈ വ്രതം ഉത്തമമാണ്.
മൂന്ന് ദിവസം വ്രതം
ഏകാദശി വ്രതമെടുക്കുന്നവർ മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. ഏകാദശിയുടെ തലേന്ന് ദശമി ദിവസവും ദ്വാദശിദിവസവും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. ഏകാദശി ദിവസം പൂർണ്ണ ഉപവാസം വേണം. കഴിയാത്തവർക്ക് ഒരു നേരം പഴങ്ങളോ മറ്റോ കഴിക്കാം. ഈ ദിവസങ്ങളിൽ എണ്ണതേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. തുളസി നനയ്ക്കണം. തുളസിത്തറയ്ക്കു മൂന്ന് പ്രദക്ഷിണം വയ്ക്കണം. ബ്രഹ്മചര്യനിഷ്ഠ പാലിക്കണം.
ക്ഷേത്രദർശനം, വഴിപാടുകൾ
ഏകാദശി ദിവസം പ്രഭാത സ്നാന ശേഷം വിഷ്ണു ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വൈഷ്ണവ ക്ഷേത്രദർശനം നടത്തി അര്‍ച്ചന നടത്തുകയും വേണം. വിഷ്ണുസഹസ്ര നാമം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ശതനാമാ സ്തോത്രം, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഓം നമോ നാരായണയാ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ 108 പ്രാവശ്യം ജപിക്കണം. ദ്വാദശി ദിവസം രാവിലെ വ്രതം മുറിക്കാം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച
വിഷ്ണു ശതനാമാ സ്തോത്രം കേൾക്കാം:
ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
മൊബൈൽ : +91 9961442256
ALSO READ
Story Summary : Importance of Indira Ekadashi
Highlights
ഇന്ദിരാ ഏകാദശി നോറ്റാൽ പിതൃദോഷങ്ങൾ നീങ്ങി ഐശ്വര്യം ലഭിക്കും
അളവറ്റ ഐശ്വര്യവും, ജീവിതാന്ത്യത്തില്‍ മോക്ഷവുമാണ് ഏകാദശി വ്രത ഫലം
വ്യാഴം അനുകൂലം അല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാനും ഈ വ്രതം ഉത്തമം
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.