മൃത്യുഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത്
ന്മൃത്യോർമുക്ഷീയ മാമൃതാത്”
ഋഗ്വേദത്തിലുള്ളതും യജുർവേദത്തിൽ ആവർത്തിക്കുന്നതുമായ മഹാ മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം.
മാർക്കണ്ഡേയ മഹർഷിക്ക് പരമശിവൻ ഉപദേശിച്ചതാണ് മൃത്യുഞ്ജയ മന്ത്രം.
തന്നെ കൊണ്ടുപോകാനെത്തിയ കാലനിൽ നിന്നും രക്ഷപ്പെടാൻ മാർക്കണ്ഡേയൻ ശിവലിംഗത്തിൽ കെട്ടിപ്പിടിച്ചു കിടന്ന കഥ ഹിന്ദു പുരാണത്തിൽ പ്രസിദ്ധമാണ്. മഹർഷിയെ കൊല്ലാൻ കുരുക്കിട്ട കാലനെ ശ്രീ പരമേശ്വരൻ തൃക്കണ്ണ് കൊണ്ട് ചുട്ടു ചാമ്പലാക്കി എന്നാണ് പുരാണത്തിൽ പറയുന്നത്. തന്റെ ഭക്തനായ മാർക്കണ്ഡേയന് ഈ സമയത്താണ് ദീർഘായുസ്സിനായി ഭഗവാൻ മന്ത്രം ഉപദേശിക്കുന്നത്.
അത് പിന്നീട് മാർക്കണ്ഡേയൻ ദക്ഷപുത്രിയായ സതീദേവിക്ക് പറഞ്ഞുകൊടുക്കുന്നു.
ദക്ഷന്റെ ശാപത്താൽ ചന്ദ്രൻ രോഗാതുരനാവുന്ന സന്ദർഭത്തിൽ ചന്ദ്രനെ രക്ഷിക്കാനാണ് സതീദേവിക്ക് മഹർഷി തനിക്ക് മാത്രമറിയാവുന്ന ഈ മന്ത്രം ഉപദേശിക്കുന്നത്. അങ്ങനെ അത് ലോകോപകാരമായി തീർന്നു.
108 സംഖ്യയുടെ പ്രത്യേകതകൾ
മന്ത്രം 108 ജപിക്കുന്നത് ഏറെ ഗുണപ്രദമാണ്. 108 ന് കുറെയധികം പ്രത്യേകതകൾ പറയുന്നുണ്ട്.
1= ഏകം.
0= ശൂന്യം.
8= അനന്തം
അതായത് ഏകത്വം, ഒന്നുമില്ലായ്മ,എല്ലാം എന്നിവയെ സൂചിപ്പിക്കുന്നതാണ് 108 എന്ന് ചില ആചാര്യന്മാർ പറയുന്നു.
സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം സൂര്യന്റെ വ്യാസത്തിന്റെ 108 മടങ്ങാണ്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം ചന്ദ്രന്റെ വ്യാസത്തിന്റെ 108 മടങ്ങാണ്. കൃത്യമായ കണക്കുകൾ അല്പസ്വല്പം വ്യത്യാസമുണ്ടെങ്കിലും വലിയ മാറ്റമില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഉപനിഷത്തുകൾ 108 ആണ്. ഒരു മന്ത്രം 108 പ്രാവശ്യം ജപിച്ചാൽ അതിൽ ഒരു പൂർണ്ണതയുണ്ട് എന്ന് ആചാര്യന്മാർ പറയുന്നു.
രോഗദുരിതങ്ങള്‍ ഒഴിയും
മൃത്യുഞ്ജയ പുഷ്പാഞ്ജലി പ്രധാനമായും ശിവക്ഷേത്രത്തിലാണ് നടത്തുന്നത്. മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുമ്പോൾ അതു രാവിലെ നടത്തുന്നതാണ് ഏറ്റവും ഉത്തമം. ആയുരാരോഗ്യസൗഖ്യത്തിനും രോഗശമനത്തിനും വേണ്ടിയാണ് ഇത് നടത്തുന്നത്. ഇത് ചെയ്യുന്നതിലൂടെ ആ വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് രോഗദുരിതങ്ങള്‍ ഒഴിഞ്ഞ് പോകുമെന്ന് ഗുരുക്കന്മാർ പറയുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിനും ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാടായി നടത്തുക. മൃത്യുഞ്ജയ പുഷ്പാഞ്ജലി യോടൊപ്പം ജലധാര കൂടി നടത്തുന്നത് പൂർണ്ണ ഫലം ചെയ്യും.
108 ആവർത്തിക്കണം
മൃത്യുഞ്ജയ മന്ത്രം 108 ആവർത്തിച്ച് അർച്ചന നടത്തുമ്പോഴാണ് അതിനു ഫലം ലഭിക്കുക. മിക്ക ക്ഷേത്രങ്ങളിലും അത് സാധ്യമാകുമോ എന്നതാണ് പ്രധാനം.
ഞായർ, തിങ്കൾ, പ്രദോഷം
എന്നിങ്ങനെ ദിവസങ്ങളിലും അവരവരുടെ നാളിനനുസരിച്ചും രാവിലെ വേണം ഈ പുഷ്പാഞ്ജലി നടത്തുവാൻ.
ALSO READ
ഏത് പൂവ് വേണം
മൃത്യുഞ്ജയ പുഷ്പാഞ്ജലിക്ക് ഏതു പുഷ്പം ഉപയോഗിക്കണം..?
കൂവളം പ്രധാനമായുള്ള ശൈവ പുഷ്പങ്ങളാണ് മൃത്യുഞ്ജയ പുഷ്പാഞ്ജലിക്ക് ഉപയോഗിക്കേണ്ടത്.
സാത്വിക പുഷ്പങ്ങള്‍
പുഷ്പങ്ങളെ അവയുടെ ഗന്ധ – രൂപ – വര്‍ണ്ണ – ഉത്ഭവ ഭേദങ്ങള്‍ അനുസരിച്ച് ത്രിഗുണങ്ങളായ സാത്വിക – രാജസ – താമസ പുഷ്പങ്ങളായി വിഭജിച്ചിട്ടുണ്ട്.
അരളി, തുളസി, തെച്ചി, നന്ദ്യാർവട്ടം , മന്ദാരം, വെള്ളഎരുക്ക്, തുമ്പ, മുല്ല, വെള്ളത്താമര മുതലായവ സാത്വിക പുഷ്പങ്ങള്‍ ആകുന്നു.
രാജസ പുഷ്പങ്ങൾ
പാടലപുഷ്പം, ഉമ്മം, ചുവന്ന താമര മുതലായവയെ രാജസ പുഷ്പങ്ങളായി പരിഗണിക്കുന്നു.
താമസ പുഷ്പങ്ങൾ
ചെമ്പരത്തി, കാശപുഷ്പം ,കൈതപ്പൂവ് ഇത്യാദി പുഷ്പങ്ങളെ താമസ പുഷ്പങ്ങളായും ഗണിക്കുന്നു.
നിത്യ പൂജയ്ക്ക് വേണ്ടത്
സാത്വിക- രാജസ പുഷ്പങ്ങള്‍ നിത്യ പൂജാദികള്‍ക്കും താമസ പുഷ്പങ്ങള്‍ വിശേഷ പൂജകള്‍ക്കും ഉപയോഗിക്കുന്നു. പൊതുവില്‍ ഇങ്ങിനെ പറയാമെങ്കിലും ദേവതാ ഭേദമനുസരിച്ച് ദേവതയുടെ ഇഷ്ടപുഷ്പങ്ങള്‍ നിത്യ പൂജയ്ക്ക് ഉപയോഗിച്ചു വരുന്നു.
മൃത്യുഞ്ജയാർച്ചനയ്ക്ക്
ഓരോ ദേവത സങ്കൽപ്പങ്ങക്കും മന്ത്രങ്ങൾ ഉള്ളത് പോലെ യോജ്യമായ പൂക്കളും വിധിച്ചിട്ടുണ്ട്. കൂവളം, എരിക്കിൻ പൂവ്, കരവീരം ,താമര, ഉമ്മം വൻ കൊന്ന, ജമന്തി, ചുവന്ന മന്താരം, കരിംകൂവളം, കടലാടി, ഇലഞ്ഞി എന്നീ പൂക്കൾ ശൈവ പ്രധാനമായി കണക്കാക്കുന്നു. മൃത്യുഞ്ജയ പുഷ്പാഞ്ജലി ക്ക് ഈ പൂക്കൾ ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്.
വിഷ്ണുപ്രീതിക്ക്
രാമതുളസി, കൃഷ്ണ തുളസി, വെള്ള താമര, മുല്ല , പ്ലാശ്, പിച്ചി, മുല്ല, ജമന്തി, ചെമ്പകം, നന്ദ്യാർവട്ടം എന്നിവ വൈഷ്ണവ പുഷ്പങ്ങളാണ്. വിഷ്ണുപ്രീതീകരണങ്ങളായ പൂജകൾക്ക് ഈ പുഷ്പങ്ങളാണ് ഉപയോഗിക്കേണ്ടത്.
ദേവീ പൂജക്ക്
ചുവന്ന തെറ്റി, ചുവന്ന താമര , വെള്ള താമര , ചെമ്പരത്തി , ഉമ്മത്തിൻ പൂവ്, മുല്ല, കരിം കൂവളം, നാഗ പൂവ് , പിച്ചകം മുതലായവ ദേവീ പൂജക്ക് ഉത്തമമായ പുഷ്പങ്ങളാണ്. ശിവന് കൂവളത്തിലയും വിഷ്ണുവിന് തുളസിയും ദേവിക്ക് കടലാടിയും ഭദ്രക്ക് കുങ്കുമപൂവും മുഖ്യമായി ചില ആചാര്യന്മാർ കരുതുന്നു.
ഇവ ചിലർ ഉപയോഗിക്കാറില്ല
ശിവപൂജക്ക് മുല്ലപ്പൂവും കൈതപ്പൂവും വിഷ്ണു പൂജക്ക് ഉമ്മത്തിൻ പൂവും ദേവിക്ക് എരിക്കിൻ പൂവും , ഗണപതിക്ക് തുളസിയും ചില സ്ഥലങ്ങളിൽ ഉപയോഗിക്കുക പതിവില്ല.
ഗണപതിക്ക് പ്രിയം ചുവപ്പ്
ഗണപതിക്ക് ഏറ്റവും പ്രിയം ചുവന്ന പുഷ്പങ്ങളോടാണ്. തെച്ചി, ചെമ്പരത്തി ചുവന്ന അരളിപ്പൂവ് ഇവയെല്ലാം ഗണപതിക്ക് പ്രിയമാണ്. ചുവന്ന അരളിപ്പൂവ് ഗണേശ കുസുമം എന്നും അറിയപ്പെടുന്നു. ചുവന്ന അരളി കൊണ്ട് ഗണപതിക്ക് പുഷ്പാഞ്ജലി നടത്തിയാല്‍ സകല വിഘ്നങ്ങളും അകന്നു പോകും എന്നാണു വിശ്വാസം . ആമ്പല്‍,ചുവന്ന താമര എന്നിവയും ഗണേശ പ്രീതികരങ്ങളായ പുഷ്പങ്ങള്‍ ആകുന്നു.
മഹാമൃത്യുഞ്ജയ മന്ത്രം
( ആത്മീയാചാര്യനും ഗവേഷകനുമായ അശോകൻ ഇറവങ്കര തയ്യാറാക്കിയത് )
Story Summary : Significance of Mirthunjaya Pushpanjali
Highlights
മൃത്യുഞ്ജയമന്ത്രപുഷ്പാഞ്ജലിയുടെ
കൂടെ ജലധാര കൂടി ചെയ്താൽ
പൂർണ്ണഫലം ലഭിക്കും
മൃത്യുഞ്ജയ പുഷ്പാഞ്ജലി
നടത്തുന്നതിലൂടെ രോഗദുരിതങ്ങള്‍ ഒഴിഞ്ഞ് പോകും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.