രാമ നാമജപത്തിന്റെ അത്ഭുതശക്തി
നാടെങ്ങും നിറയുന്ന രാമായണ മാസം
ആഗതമാകുന്നു. താരക മന്ത്രധ്വനികൾ
എവിടെയും അലയടിക്കുന്ന പുണ്യ
ദിനങ്ങളാണ് രാമായണ മാസം എന്ന്
അറിയപ്പെടുന്ന കര്‍ക്കടകമാസത്തിലെ
എല്ലാ ദിവസവും. പൗരാണികമായ നമ്മുടെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഓര്‍മ്മ പുതുക്കലും, ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ കുടുംബ, സാമൂഹിക ബന്ധങ്ങളുടെ മാതൃകാപരമായ പ്രതീകങ്ങളും രാമായണ വായനയിലൂടെ കാണിച്ചുതരുന്നതാണ് ഈ മാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

രാമകഥാലാപന പുണ്യദിനങ്ങള്‍
രാമായണ പാരായണത്തിന് ഏറ്റവും പുണ്യപ്രദമാണീ മാസം. കര്‍ക്കടകം ഒന്ന് മുതല്‍ മാസം മുഴുവനും പാരായണം ചെയ്താണ് രാമായണ പാരായണം പൂര്‍ത്തിയാക്കേണ്ടത്. യുദ്ധകാണ്ഡം വരെ വായിച്ചു പൂർത്തിയാക്കുകയാണ് കൂടുതല്‍ ആളുകളും ചെയ്തുവരുന്നത്. ചിലരാകട്ടെ ഉത്തരരാമായണവും പാരായണം ചെയ്യുന്നു. ഒരേസമയം പുണ്യം നേടുന്നതിനും, പാപശാന്തിക്കും, നമ്മുടെ സംസ്‌കാരം നിലനിര്‍ത്തുന്നതിനും രാമായണ മാസാചരണം പ്രയോജനകരമാണ്.
സര്‍വ്വൈശ്വര്യത്തിന് ഉത്തമം
രാമായണം പാരായണം ചെയ്യുന്നത് എല്ലാവിധ ഐശ്വര്യങ്ങള്‍ക്കും പാപശാന്തിക്കും കാര്യസിദ്ധിക്കും ഗുണകരമാണ്. കര്‍ക്കടക മാസത്തിൽ മാത്രമായും, 3, 5, 7 തുടങ്ങിയ യഥാശക്തി ദിനങ്ങളിലും, നിത്യവും രാമായണം പാരായണം ചെയ്യാം. കര്‍ക്കടകം ഒന്ന് മുതല്‍ മാസം മുഴുവനും പാരായണം ചെയ്യുന്നതാണ് ഏറ്റവും പ്രചാരമുള്ള രീതി. ഒരു ദിവസം രാവിലെ തുടങ്ങി രാത്രിവരെ പാരായണം ചെയ്യുന്ന സമ്പ്രദായവും ഉണ്ട്. ഒരു മാസം മുഴുവനായും സമയം കിട്ടാത്തവരാണ് ഈ ചിട്ട നോക്കുന്നത്. കർക്കടകത്തിൽ
അല്ലാതെ 3, 5, 7 തുടങ്ങി ദിനങ്ങളായി പാരായണം ചെയ്യുമ്പോള്‍ ബുധന്‍, വ്യാഴം ഇതിലേതെങ്കിലും ദിവസം വായന തുടങ്ങാം. പുണര്‍തം നക്ഷത്രം ശ്രീരാമന്റെ നക്ഷത്രമാണ്. ഈ ദിവസവും പാരായണം തുടങ്ങാന്‍ ഉത്തമമാണ്. രാമായണത്തിലെ ഓരോ ഭാഗം വായിക്കുന്നതിനും പ്രത്യേകം ഫലസിദ്ധിയും ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. അനുഭവങ്ങളിലൂടെ അവര്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ ധാരാളം ഭക്തര്‍ക്കും ക്ഷിപ്രഫലം നല്കിയിട്ടുണ്ട്. അതിനാല്‍ ശ്രദ്ധയോടെ പാരായണം ചെയ്താല്‍ രാമായണം കൊണ്ടുമാത്രം അസാധ്യമായ ഏതൊരു കാര്യവും നേടി ജീവിതവിജയം സ്വന്തമാക്കാം. ഒരു മാസത്തെ പാരായണത്തിന് വായിക്കേണ്ട ഭാഗങ്ങൾ കൃത്യമായി
ആചാര്യന്മാർ വേർതിരിച്ചു പറയുന്ന കൃതികൾ ധാരാളം പ്രചാരത്തിലുണ്ട്.

ഗ്രന്ഥപൂജയോടെ തുടങ്ങാം
തുഞ്ചത്ത് എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട് ആണ് ഏറ്റവും കൂടുതലായി കേരളത്തില്‍ പാരായണം ചെയ്യുന്നത്. ഗ്രന്ഥം ശ്രീരാമ ക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ നല്കി പൂജിപ്പിക്കണം. പിന്നീട് പൂജാരിക്ക് ഒരു ചെറിയ ദക്ഷിണയെങ്കിലും കൊടുത്ത് ഗ്രന്ഥം സ്വീകരിക്കാം. ഓം രാം രാമായ നമഃ എന്നതാണ് ശ്രീരാമന്റെ മൂലമന്ത്രം.
ഇതും യഥാശക്തി രാമനാമങ്ങളും ജപിച്ച് വേണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഗ്രന്ഥം പട്ടില്‍പൊതിഞ്ഞ് സൂക്ഷിക്കുന്നത് ഉത്തമം സംസ്‌കൃത രാമായണവും വായിക്കുന്നവരുണ്ട്.
പാരായണ വിധി
രാവിലെ കുളിച്ച് പൂജാമുറിയിലോ ശുദ്ധമായ സ്ഥലത്തോ നിലവിളക്ക് ശുദ്ധമാക്കിവച്ച് നെയ്യോ എണ്ണയോ ഒഴിച്ചു വിളക്ക് കൊളുത്തണം. അതിനു മുന്നില്‍ വെറും പലകയിലോ, പട്ട് വിരിച്ചോ, പായയിലോ ഇരുന്ന് പാരായണം തുടങ്ങാം. ശുഭ്രവസ്ത്രം ധരിച്ച് പാരായണം ചെയ്യണം. ഗുരുക്കന്മാരെയും ഇഷ്ടദേവതമാരെയും സങ്കല്പിച്ച് പ്രാര്‍ത്ഥിച്ചുവേണം പാരായണം തുടങ്ങാന്‍. വളരെ ശ്രദ്ധയോടെ, ഏകാഗ്രതയോടെ പാരായണം ചെയ്യണം. അക്ഷരത്തെറ്റ് ഉണ്ടാകരുത്. വളരെ ഉച്ചത്തിലോ, തീരെ മൗനമായോ പാരായണം പാടില്ല. മിതമായും, ഭംഗിയായും പാരായണം ചെയ്യണം. ഗ്രന്ഥം നിലത്തുവയ്ക്കരുത്. സരസ്വതീ പീഠം, വ്യാസപീഠം എന്നൊക്കെ വിവിധനാമങ്ങളില്‍ അറിയപ്പെടുന്ന ഗ്രന്ഥപീഠത്തില്‍ വയ്ക്കുന്നത് ഉത്തമം. ഗ്രന്ഥപീഠം ഇല്ലാത്തവര്‍ക്ക് ഒരു തളികയിലോ പലകയിലോ ഗ്രന്ഥം വക്കാം. പാരായണനത്തിനിടക്ക് ചുമയ്ക്കുക, തല ചൊറിയുക, കൈ കടിക്കുക, തുമ്മുക ഇതൊന്നും പാടില്ല. യാദൃശ്ചികമായി സംഭവിച്ചാല്‍ കൈകഴുകിയിട്ട് വേണം വീണ്ടും പാരായണം ചെയ്യാന്‍. പല ദിവസങ്ങളിലായി വായിക്കുന്നവര്‍ ഓരോ ഭാഗങ്ങള്‍/കഥ പൂര്‍ത്തിയാക്കി മാത്രമേ അതാത് ദിവസം നിര്‍ത്താവൂ. എങ്ങുംഎങ്ങും എത്താതെ അനിശ്ചിതമായി പാരായണം നിര്‍ത്തരുത് എന്നര്‍ത്ഥം. പുല, വാലായ്മ ഉള്ളപ്പോഴും അശുദ്ധിയായോ അശുചിയായോ ഇരിക്കുമ്പോഴും പാരായണം പാടില്ല. രാമായണ പാരായണത്തിന് മുമ്പും പിമ്പും യഥാശക്തി രാമനാമജപം ചെയ്യുന്നതും നല്ലതാണ്. മൂലമന്ത്രം ജപിച്ചാല്‍ ഏറ്റവും നല്ലത്.
ALSO READ

മൂലമന്ത്രജപം പാപമകറ്റും
‘ഓം രാം രാമായ നമഃ ‘ എന്നതാണ് ശ്രീരാമന്റെ മൂലമന്ത്രം. നിത്യേന ഈ മന്ത്രം 108 വീതം രണ്ട് നേരം ജപിക്കുന്നത് ദുരിതങ്ങളില്ലാതാക്കും. മത്സ്യമാംസാദി ത്യജിച്ച് വ്രതചര്യയോടെ 64 ദിവസം രണ്ട് നേരം ഈ മന്ത്രം 108 വീതം ജപിക്കുന്നത് ഭാഗ്യം തെളിയാനും ധനലബ്ധിക്കും കിട്ടുന്ന ധനം നിലനില്ക്കുന്നതിനും ഉത്തമമാണ്.
21 ദിവസം രണ്ട് നേരം 108 വീതം മൂലമന്ത്രം ജപിക്കുന്നത് ദൃഷ്ടിദോഷത്തിന് പരിഹാരമാണ്. ഇത് വഴി ദൃഷ്ടിദോഷം മൂലമുള്ള ദൗര്‍ഭാഗ്യങ്ങൾ നീങ്ങി ശാന്തിയും ഐശ്വര്യവും ലഭ്യമാകും.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
(മൊബൈൽ: +91 094-470-20655)
Story Summary: Blessings of Ramayana Parayanam on Karkkadaka Masam
Highlights
രാമായണവായന എല്ലാവിധ ഐശ്വര്യങ്ങള്‍ക്കും കാര്യസിദ്ധിക്കും ഗുണകരം
ഗ്രന്ഥം ക്ഷേത്രത്തിൽ നൽകി പൂജിച്ച ശേഷം കർക്കടപ്പുലരിയിൽ വായിച്ചു തുടങ്ങണം
ശ്രീരാമന്റെ മൂലമന്ത്രം നിത്യേന 108 വീതം രണ്ട് നേരം ജപിക്കുന്നത് ദുരിതമകറ്റും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.